Saturday 6 April 2013

മഞ്ഞമരങ്ങളും കടന്ന്...


 കൊന്ന വീണ്ടും പൂത്തുതുടങ്ങിയിരിക്കുന്നു. വിഷു വന്നെത്തിയെന്നു ഓർമപ്പെടുത്തൽ. നിറയെ കൊഴിഞ്ഞു വീണ കൊന്നപൂക്കളുള്ള  വഴിയോരങ്ങൾ മറന്നു പോയിരിക്കുമോ, ഈ പെണ്‍കുട്ടി നിന്നെ പ്രണയിച്ചിട്ടുണ്ടായിരുന്നു എന്ന് ? 40 വർഷങ്ങൾക്കു മുന്പുള്ള കഥയാണ്.

വർഷങ്ങൾക്കു ശേഷം ഫേസ് ബുക്ക്   ആണ് അവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന അടയാളം അവൾക്കു കാണിച്ചു കൊടുത്തത്. അവന്റെ പ്രൊഫൈലിലൂടെ ഒരു യാത്ര. കല്യാണം കഴിച്ചുവോ എന്നറിയാൻ. അങ്ങനെ ഒരു അടയാളം അത് സൂചിപ്പിക്കാതെ വന്നപ്പോൾ ഒരു റിക്വസ്റ്റ്. അയച്ചു കഴിഞ്ഞപ്പോൾ വീണ്ടു അതവളെ ചിന്തിപ്പിച്ചു. വേണ്ട. അവൾ അത് ഡിലീറ്റ് ചെയ്തു. എത്ര വർഷങ്ങൾക്കു ശേഷം. ഇനി...? എന്റെ ദൈവമേ ഇനിയും ക്രൂരത കാണിക്കാൻ ജീവിതം എന്നെ ബാക്കി വെക്കല്ലേ..

                                               

മാറ്റങ്ങൾ... അന്ന് പൊടിമീശക്കാരന് ജീവിതം വളരെ പ്രധാനപെട്ടതാണ്. വയലിൽ കാളകളെ പൂട്ടുന്ന അച്ഛന് കഞ്ഞി കൊണ്ട് വരുന്ന ചെക്കൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് ഒരു കത്തിന്റെ രൂപത്തിലാണ്. അലറിവിളിച്ച തന്റെ അച്ഛന് മുന്നിൽ പൊട്ടിക്കരഞ്ഞു പേടിച്ചു കേണപേക്ഷിച്ച പെണ്‍കുട്ടി. അവസാനം അച്ഛൻ അയഞ്ഞു. അല്ലെങ്കിൽ തന്നെ അവൾ തെറ്റ് ചെയ്തിട്ടില്ല. കത്ത് കൊടുത്തത് അവനാണ്. അവളുടെ ദേഹത്ത് വീണ ചൂരൽ പാടുകൾ മതി അവൾക്കു തെറ്റിലേക്ക് വീഴാതിരിക്കാൻ..അച്ഛൻ പിന്നെ പോയത് അവന്റെ വീട്ടിലേക്കാണ്. .. പിറ്റേന്ന് അവൻ ആശുപത്രിയിലാണെന്ന് ആരൊക്കെയോ പിറുപിറുത്തു. ചിലരൊക്കെ വീടിന്റെ മുന്നിൽ നിന്ന് ആരും കാണാതെ കാർക്കിച്ചു തുപ്പി. അതൊക്കെ വന്നു പതിച്ചത് അകത്തെ മുറിയിലെ 12 വയസ്സുകാരിയുടെ ദേഹത്തും... അച്ഛൻ തെറ്റ് ചെയ്തൂന്ന് വിശ്വസിക്കുന്നത് എളുപ്പമാണ്. എന്നാൽ അമ്മ പ്രാകിയത് മുഴുവൻ മകളെ, അച്ഛനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ.   തന്നെ വീട്ടിൽ നിന്ന് വെളിയിലാക്കുമ്പോൾ പകൽ മുഴുവൻ ആരും കാണാതെ ഒളിച്ചിരിക്കാനും, രാത്രി  കിണറ്റിൽചാടി മരിക്കാനും  അവൾ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഏട്ടൻ ഉറങ്ങാതെ കാവലിരുന്നത്   കൊണ്ട്  ഒന്നിനും കഴിയാതെ, ഒന്ന് കരയാൻ പോലും കഴിയാതെ ഹൃദയം പൊട്ടുന്ന വേദനയിൽ മുട്ടുകളിൽ മുഖമമർത്തി ഇരുട്ടു മുറിയിൽ അവളെരിഞ്ഞടർന്നു. പിന്നെ പാലായനം. അഗ്നിയുരുകുന്ന ചെമ്മണ്ണിന്റെ നാട്ടിലേക്ക്. തമിഴ് പറയുന്ന കറുത്ത കരുമാടികുട്ടന്മാരുടെ ഇടയിൽ ചുവന്ന കനകംബരപൂക്കൾ ചൂടി കറുത്ത മൂക്കിൽ തിളങ്ങുന്ന മുക്കുത്തിയിട്ട പെണ്ണുങ്ങളുടെ ഒപ്പം പഠനം... ഇടക്കിടെ കൊന്നപൂക്കളുടെ വഴിയോരങ്ങളെ നഷ്ടപ്പെടുത്തിയത്തിനു അച്ഛനും അമ്മയും ഏട്ടനും ഒക്കെ അവളെ കുറ്റപെടുത്തി...

"വയസ്സ് 22 ആയി. ഇനി വേണം കല്യാണം." അമ്മ പറഞ്ഞു.
" ഇപ്പോഴും ആ ചെക്കനുണ്ടോ അവളുടെ ഉള്ളിൽ ? " അച്ഛന്  സംശയമായിരുന്നു. വിപ്ളവം ചുവന്നു. ഇതു വരെ കാത്തുവെച്ച വേദനകളൊക്കെ തുടുത്തു .. അച്ഛൻ സംശയിച്ച ആ രാത്രി വെളുത്തപ്പോൾ അവളിറങ്ങി... മണലുകൾ പൂക്കും നാട്ടിൽ ജോലി കിട്ടിയിരുന്നു. അന്ന് ആദ്യമായി അമ്മ മാത്രം കരഞ്ഞു. പോകല്ലേ എന്നാർത്തു വിളിച്ചു.

"ഇതുവരെ ഞാൻ കരഞ്ഞത് എന്തെ അമ്മ കണ്ടില്ല? "

ഉത്തരമില്ലായിരുന്നു. ജനലഴികളിലൂടെ ദൂരേക്ക്‌ നോക്കി അച്ഛൻ മിണ്ടാതെ നിന്നു..

"അനിയത്തി ഇടക്ക് വിളിക്കണേ " ഏട്ടൻ സന്തോഷത്തോടെ പറഞ്ഞു...

വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല.ഒരുപാട് ഞാന്‍ തിരഞ്ഞു... ഉള്ളിലൊളിപ്പിച്ച മൌനത്തിന്‍റെ നിഴലുകൾ ... .നീയെന്ന ആള്‍രൂപമെടുത്തു വരുമെന്ന വിശ്വാസത്തിന്‍റെ  പകലുകള്‍, രാവുകള്‍... .. ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു.പ്രണയത്തിന്റെ സാധ്യതകളെ ശരീരത്തിൽ നിന്നുപോലും കാലം ഉരുക്കൊഴിച്ചു കളഞ്ഞു. ഇനിയില്ല. ഇരവുകൾ നിന്റെ സ്നേഹത്തിന്റെ നിഴൽ പറ്റി.. ഇനിയില്ല പകലുകൾ നിന്റെ സാമിപ്യത്തിനു അണിഞ്ഞൊരുങ്ങി ...

ആർക്കും വേണ്ടാത്ത എന്റെ ഈ ജന്മം ഇനി എന്തിനു വേണ്ടിയാണു? ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ എന്ന് നീയല്ലാതെ ആരും എന്നോട് ചോദിച്ചിട്ടില്ല. ഒരുപക്ഷെ ഉഗ്രരൂപിയായ അച്ഛൻ എപ്പോഴും ഒരു ചൂരൽ പാട് പോലെ മനസ്സിൽ ഉണ്ടായതു കൊണ്ടാകണം സ്വയം അങ്ങനെ ഒരു ധൈര്യം വന്നിട്ടില്ല.

പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്.ഫേസ് ബുക്കിൽ അയാളുടെ വക ഒരു റിക്വസ്റ്റ്. അല്ലെങ്കിൽ തന്നെ അത് തീവ്രമായി ആഗ്രഹിച്ചിരുന്നു താനും. ഒപ്പം ഒരു മെസേജും. "അന്നത്തെ കുട്ടി നീയല്ല എങ്കിൽ ക്ഷമിക്കുക. ആണെങ്കിൽ , അത് നീ തന്നെ ആണെങ്കിൽ കൊന്നകൾ പൂത്തു തുടങ്ങിയിരിക്കുന്നു. എന്നെ തിരിച്ചറിയുക.."

ഇനി സമയമില്ല. ഇതു അവൻ തന്നെ.  എന്റെ പ്രാണനെ ചുംബിച്ചവൻ . ചൂരൽ വടികളെ ഇനി പേടിയില്ല... 52 വയസ്സിൽ പ്രണയം പൂക്കുമോ....ഇതുവരെ അടക്കി വെച്ച കുറ്റബോധങ്ങളേ  വിട. ഇനി ഞാനിതാ...
ഫ്രണ്ട്ഷിപ്‌  ആക്സെപ്റ്റ്  ചെയ്തു. പിന്നെ പ്രൊഫൈലിൽ നോക്കി. കുറെ ഫോട്ടോകൾ... നിറഞ്ഞ ചിരിയോടെ 2 പെണ്‍കുട്ടികളും ചന്ദ്രവട്ടം പോലെ മുഖമുള്ള മുല്ലപ്പൂ വെച്ച സുന്ദരിയും അവരെ കെട്ടിപിടിച്ചു സന്തോഷത്തോടെ ചിരിക്കുന്ന ആ പൊടിമീശക്കാരൻ. ഇല്ല. വ്യത്യാസമൊട്ടുമില്ല. അയാളുടെ നര കേറിയ മുടിയിഴകളിൽ പരതികൊണ്ട് ആ സുന്ദരി ചിരിക്കുന്നു. കൂടുതൽ കിളിർക്കാത്ത  പൊടി മീശക്കു താഴെ വായ അടച്ചു പിടിച്ചു കൊണ്ട് പെണ്‍കുട്ടികൾ കുസൃതി കാട്ടുന്നു. ...

കൊന്നകൾ  പൂക്കുന്ന വഴിയോരങ്ങളിലൂടെ ചിലവഴിക്കാന്‍ ഇനിയുമൊരു കൌമാരം ബാക്കി നില്‍ക്കുന്നില്ലല്ലോ ദൈവമേ.. നീയും മറുപടി പറയേണ്ടിയിരിക്കുന്നു....  നഷ്ടപ്പെട്ടത് എന്റെ മാത്രം ജീവിതമാണ്‌. തിരിച്ചു കിട്ടാത്തതും അത് തന്നെ.. ആ പൊടിമീശക്കാരനെ ഇനിയെനിക്കെന്തിനാണ് ?