ആഗ്രഹിച്ചു പിടിച്ചുവാങ്ങിയ ഇഷ്ടം ഒരു പ്രണയത്തോടെ എന്നും കാത്തുവെച്ചിരിക്കുന്നതാരോടാണ് ? സ്വാഭാവികമായും സ്വന്തം ഭര്‍ത്താവിനോട് അതും വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ വഴിയില്ല അല്ലെ? പ്രത്യേകിച്ചും നല്ല ശമ്പളം വാങ്ങി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള ഒരു ഭാര്യക്ക്... ?
അതിനര്‍ത്ഥം അവള്‍ക്കു സ്വന്തം ഭര്‍ത്താവിനെ ഇഷ്ടമല്ല എന്നാണോ? അല്ല. സൌഹൃദത്തിനും പ്രണയത്തിനും അപ്പുറം ഒരു ഭാഷ്യമുണ്ട്. പ്രണയിതാവിനോട് പലതും നമുക്ക് മറച്ചു വെക്കേണ്ടി വരുന്നു. താന്‍ പരിശുദ്ധയല്ലെന്ന സത്യം, നിന്റെ ദേഹത്തിനു ചിലപ്പോഴൊക്കെ സഹിക്കാനാവാത്ത വിയര്‍പ്പു നാറ്റമുണ്ടെന്നും ആഗ്രഹിക്കുന്ന പലതും കിട്ടാതെ വരുമ്പോള്‍ അറിയാതെ ശപിച്ചുപോകുന്നുണ്ടെന്ന സത്യം. തന്റെ ഹൃദയത്തില്‍ സ്വാര്‍ത്ഥതയുടെ ഒരു കണ്ണ് കൂടി ഫിറ്റ് ചെയ്തിട്ടുണ്ടെന്ന സത്യം.അതുകൊണ്ട് മാത്രമാണ് എല്ലാം അഡ്ജസ്റ്റ് ചെയ്തു ഒരുമിച്ചു ജീവിതം തുടരുന്നതെന്ന സത്യം. അങ്ങനെ അങ്ങനെ പലതും.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പണ്ടെന്നോ നഷ്ടമായ ആ പഴയ എഴുത്തുകാരന്റെ സൌഹൃദത്തിലേക്ക് ഒന്ന് പോയിവരാന്‍ തോന്നിയത് ഈ നിസ്സംഗതയില്‍ നിന്നുകൂടിയാണ് . അയാളിപ്പോള്‍ പ്രശസ്തിയുടെ ഉന്നതങ്ങളില്‍ ആയിരിക്കുന്നു. ഒപ്പം ഒരുപാട് ആരോപണങ്ങള്‍ ,വിവാദങ്ങൾ , വിവാഹമോചനം ..
വിവാഹമോചനം; അത് സംഭവിക്കേണ്ടത് തന്നെയാണ് .എന്തിനുവെറുതെ അവളെ വേദനിപ്പിക്കുന്നുവെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അത്ഭുദം തോന്നി.
"അപ്പോള്‍ തെറ്റ് താങ്കളുടേതാണോ..?"
“ആയിരിക്കാം ... സ്വാര്‍ത്ഥതമുറ്റി എന്റെ ജീവിതം അവള്‍ പിടിച്ചുവാങ്ങിയതാണ്. എനിക്ക് നിന്നോട് മാത്രമല്ല , എല്ലാവരോടും എല്ലാത്തിനോടും പ്രണയമാണെന്ന് ഞാന്‍ പറഞ്ഞതാണ് . ..പക്ഷെ കല്യാണം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയപ്പോഴാണ് അതവള്‍ക്ക് ബാധ്യതയായത്.. കുറ്റം എന്റെതാണോ കുട്ടി തന്നെ പറയുക"
തന്റെ കുറ്റിത്താടി തലോടി വലിയ കണ്ണുകള്‍ അലക്ഷ്യമായി പായിച്ചു എഴുത്തുകാരന്‍ ചോദിച്ചു. മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.
"തെരുവോരങ്ങളില്‍ നടന്നുപോകുമ്പോഴൊക്കെ നീളുന്ന പിച്ചച്ചട്ടികള്‍ ... പോക്കെറ്റിലെ കാശിനു മുഴുവന്‍ അവ വാങ്ങി ഞാന്‍ സോപ്പുതേച്ചു കഴുകി വെടിപ്പാക്കുന്നു .അങ്ങനെ എന്റെ കാമം ശമിപ്പിക്കുന്നു . പക്ഷെ കാണുന്നവര്‍ക്ക് കാമത്തിന് വേറൊരു അര്‍ത്ഥം കല്പിക്കാനാവില്ലല്ലോ... കൂടുതലും പ്രായംകൊണ്ട് എന്റെ മകളുടെ കൂട്ടുകാരികളാണ്.
ഗുരുവായൂര്‍ പോയി ഉണ്ണിക്കണ്ണനും പട്ടന്മാര്‍ക്കും അന്നദാനം കഴിപ്പിക്കാറില്ലേ കുട്ടീ ... ഒരിക്കലെങ്കിലും കുറച്ചു ഭക്ഷണപാക്കറ്റ് വാങ്ങി അവിടെ ചെളിപിടിച്ചു ദൈന്യംമുറ്റിയ കണ്ണുകളാല്‍ നോക്കിയിരിക്കുന്നവര്‍ക്ക് കൊടുത്തിട്ടുണ്ടോ? അവര്‍ക്കൊന്നും അമ്പലത്തിനുള്ളിലേക്ക് പ്രവേശനമില്ലെന്നത് അറിയില്ലേ .?. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍പോലും ആ തണുത്ത തീര്‍ത്ഥജലത്തില്‍ ഒന്നു മുങ്ങിക്കുളിക്കാന്‍ പേടിയാണവര്‍ക്ക് . കാല് നഷ്ടപ്പെട്ടവര്‍ എങ്ങനെ സ്വന്തം ഉടുമുണ്ടില്‍ മീനുകളെ വാരിക്കൊണ്ടുപോയി ചുട്ടുതിന്നും ? " എന്റെ മനസ്സിന്റെ അടുത്തിരുന്ന് കഥാകാരന്‍ പറഞ്ഞു…
ചുരിദാറിന്റെ ഷാള്‍ പിടിച്ചുവലിച്ചു ശ്രദ്ധയാര്‍ജ്ജിച്ചുകൊണ്ട്, എന്റെ മകള്‍ പോകാമെന്ന് ആംഗ്യം കാണിക്കുന്നു. എഴുത്തുകാരന്റെ വീട്ടില്‍ വന്നപ്പോള്‍ മുതല്‍ അവള്‍ക്ക് വിരസതയാണ്. ജീവനില്ലാത്ത വീട്ടിലെ അടുക്കിവെച്ച പുസ്തകങ്ങളിലൊന്നും അവള്‍ കോമിക്കുകള്‍ കണ്ടില്ല. അടുക്കളയില്‍ വേവുന്ന മീന്‍മണം അവളെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും അവള്‍ക്ക് സ്ഥാനമില്ലാത്ത ഈ വര്‍ത്തമാനങ്ങളില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ അവള്‍ ആഗ്രഹിച്ചു.
“നമ്മുക്ക് അല്പനേരത്തേക്ക് കടല്‍തീരത്തേക്ക് പോയാലോ? ഭക്ഷണം വേവുന്നത് വരെ അവിടെ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊരു മാര്‍ഗ്ഗവുമാകും.." അവളുടെ നിസ്സഹരണം കണ്ടു കഥാകാരന്‍ ചോദിച്ചു.
ഞങ്ങള്‍ കടല്‍തീരത്തേക്ക് പോയി. ഐസ്ക്രീമും ചോളം വറുത്തതും ഒക്കെ കിട്ടിയപ്പോള്‍ സന്തോഷത്തോടെ മകള്‍ തിരകളെ പിടിക്കാന്‍ പാറിനടന്നു.
“പെട്ടെന്നെന്താ നാട്ടില്‍ വന്നത് . ഈ വരവ് പറഞ്ഞിരുന്നില്ലല്ലോ ?” കുട്ടിയുടെ കളികള്‍ കണ്ടുനില്‍ക്കെ എഴുത്തുകാരന്‍ ചോദിച്ചു.
ശരിയാണ്. ഇതു അപ്രതീക്ഷിതമായിട്ടാണ്. സ്കൂള്‍ അടക്കാതെ നാട്ടിലോട്ടു വരാറെ ഇല്ല.
"ഞങ്ങള്‍ ജോലിക്ക് പോയാല്‍ മോളെ നോക്കുന്നത് ഒരു മെയ് ഡ് ആണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഒരു ശ്രീലങ്കക്കാരി. പ്രിയ സാമന്‍ . അവള്‍ക്കു ഇരട്ടക്കുട്ടികളാണ് . ഓമനത്തമുള്ള രണ്ട് ആണ്‍കുട്ടികള്‍ . അവര്‍ക്ക് ഒരുവയസ്സുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്വന്തം അച്ഛനമ്മമാരുടെ കയ്യിലേല്‍പിച്ചു ജോലി തേടി ഗള്‍ഫിലെത്തി. കുട്ടികള്‍ക്ക് നല്ലഭക്ഷണം , വസ്ത്രം, ഒരു കുഞ്ഞുവീട് അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ... ഒരു കടയിലെ സെയില്‍സ് ഗേള്‍ ആണെന്ന് പറഞ്ഞാണ് സ്പോന്‍സര്‍ അവളെ എവിടെ എത്തിച്ചത് . വഞ്ചിക്കപ്പെട്ടു .അറബി വീട്ടിലെ പീഡനങ്ങള്‍ ശരീരവും മനസ്സും വല്ലാതെ തളര്‍ത്തി. വിസ ഇല്ലാതെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ, വേലക്കാരികള്‍ താമസിക്കുന്ന കൊച്ചുതുരുത്തില്‍ പോലീസിനെ പേടിച്ചു കഴിയുമ്പോഴാണ് എന്റെ വീട്ടില്‍ വന്നു തുടങ്ങിയത്. വിസയും പാസ്പോര്‍ട്ടും നഷ്ടപെട്ടുവെന്ന കാര്യം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ടവളായത് കൊണ്ടും മാതൃത്വം വേദനിപ്പിക്കുന്നവളായത് കൊണ്ടും കുസൃതിയായ എന്റെ മകള്‍ തടിച്ചുകൊഴുത്തു വൃത്തിയോടെ ഓമനിക്കപ്പെട്ടുകൊണ്ടിരുന്നു. പ്രിയ, സ്വന്തം കുട്ടികളുടെ ഫോട്ടോ കാണിച്ചു കൊടുത്തു കരഞ്ഞുകൊണ്ടാണ് തനിക്കു ഭക്ഷണം വാരിതരുന്നതെന്ന് എന്റെ മകള്‍ സങ്കടപ്പെട്ടു.
അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ ഓഫീസിലേക്കുള്ള തിരക്കിനിടയില്‍ പിടയുമ്പോള്‍ കരഞ്ഞുകൊണ്ട് പ്രിയ ഓടിവരുന്നു. എന്താണെന്നു പറയാനാവാതെ വേദനയുടെ അലറിപ്പാച്ചിലില്‍ അവള്‍ നിലത്തേക്ക് ബോധം കെട്ടു വീണു. പിന്നെയും റിംഗ് ചെയ്ത അവളുടെ മൊബൈല്‍ ഞങ്ങളോട് പറഞ്ഞു അവളുടെ ഒരു മകന്‍ മരിച്ചുപോയെന്ന്. പനിയാണ് കുട്ടിക്ക് എന്ന് തലേദിവസം അവള്‍ എന്റെ മകളോട് പറഞ്ഞിരുന്നു.
അവളോട് നാട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. ടിക്കറ്റ് എടുത്തുതരാം എന്നും വാഗ്ദാനം ചെയ്തു. അപ്പോഴാണ് അറിയുന്നത് അവളുടെ എല്ലാ രേഖകളും നഷ്ടപെട്ടിരുന്നു എന്ന് .ജോലി കൊടുതില്ലെങ്കിലോ എന്ന് പേടിച്ചിട്ടാ അറിയിക്കാതിരുന്നത്. മരണത്തില്‍ പോലും സ്വന്തം കുഞ്ഞിനെ ഒന്ന് കാണാനാകാതെ കരയുന്ന അവളോട് ദേഷ്യം തോന്നേണ്ട കാര്യമില്ലായിരുന്നു. ..അഞ്ചാറുമാസങ്ങള്‍ പിന്നെയും അവള്‍ കരഞ്ഞുകരഞ്ഞ് എന്റെ മകളെ ഊട്ടി, അവളുടെ മക്കള്‍ക്ക് വേണ്ടി കരുതിവെച്ച പാട്ടുകളൊക്കെ പാടി എന്റെമോളെ ഉറക്കി …'പൊതുമാപ്പ്' എന്നൊരു ഏര്‍പ്പാടുണ്ടല്ലോ . കുവൈറ്റിന്റെ ദേശീയദിനം പ്രമാണിച്ച് അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ അവള്‍ എന്നോട് യാചിച്ചു. ഞാന്‍ പൊയ്ക്കോട്ടേ എന്ന്. പോയാല്‍ ഇനി നിനക്കെങ്ങനെ തിരിച്ചുവരാന്‍ പറ്റും എന്ന് ചോദിച്ചപ്പോള്‍ അവളെന്നോട് ചോദിച്ചു : "അമ്മാ ഉങ്കള്‍ടെ കേരളാവിലെ വീട്ടില്‍ എനക്കൊരു പണി തരാമോ . നാന്‍ എന്‍ കൊളന്തൈയുമായി അവിടെവന്നു പണി ചെയ്യാമെന്ന്. ഇന്ത്യയും ശ്രീലങ്കയുമായുള്ള ഗവണ്മെന്റ് നയങ്ങളെ പറ്റിയൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ചേട്ടനുപോലും അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ പേടിയായി. അവളെ ഞാന്‍ ശേഷിച്ച മകന്റെഅടുത്തേക്ക് അയച്ചു. അവിടെ മൂന്നുവയസ്സുകാരന്‍ അമ്മയെ കാത്തു ,വിളര്‍ത്ത മുഖത്തോടെ കുഞ്ഞുവീടിന്റെ പടിക്കെട്ടില്‍ ഇരിക്കുന്നതിനെപറ്റിയും, അവനു പഠിക്കാന്‍ പൈസ വേണമെന്നും എന്റെ മകള്‍ അപേക്ഷിച്ചപ്പോള്‍ എന്റെ ഒരു മാസത്തെ ശമ്പളം അവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷം സ്നേഹം മാത്രം കൊടുത്തു എന്റെ കുഞ്ഞിനെ നോക്കിയതിന്റെ നന്ദി. ഭര്‍ത്താവ് പക്ഷെ എന്നോട് കയര്‍ത്തു.നീയെന്താ ചെയ്യുന്നത് ? മകളുടെ സ്കൂള്‍ഫീ , ഡ്രോയിംഗ് & ഡാന്‍സ് ക്ളാസിന്റെ എക്സ്പെന്‍ സ് , പുതിയതായി വാങ്ങിയ ഫ്‌ളാറ്റിന്റെ ലോണ്‍ ... അങ്ങനെയങ്ങനെ കണക്കുകള്‍ നിരത്തിയപ്പോള്‍ വെറും നൂറുദീനാര്‍ മാത്രം കൊടുത്തൊടുക്കി അവളെ അയക്കേണ്ടി വന്നു.
എന്റെ മകള്‍ .. അവള്‍ പെട്ടെന്ന് ഒറ്റയ്ക്കായപോലെ .. വല്ലാത്ത ഒരു മൌനം...ദിവസവും അവള്‍ ഫോണില്‍ പ്രിയആന്റിയെ മാത്രംവിളിച്ചു . പിന്നെയും പ്രിയ ആന്റിക്ക് പൈസ അയച്ചുകൊടുക്കാന്‍ അച്ഛനോട് ദേഷ്യപ്പെട്ടു.. നിലത്തുകിടന്നുരുണ്ടു .അവള്‍ക്ക് നിലതെറ്റിപ്പോകുമോ എന്ന് ഭയന്നപ്പോഴാ ഇങ്ങനെ ഒരു വരവ് ..." തിരകളെ സാക്ഷി നിര്‍ത്തി ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.
“നീ പ്രിയക്ക് വേണ്ടി ഒന്നും ചെയ്തില്ല ..” എഴുത്തുകാരന്‍ അലറി, വളരെ ഉച്ചത്തില്‍ … തിരകളോടൊപ്പം കളിയ്ക്കാന്‍ പോയ മകള്‍ തിരിച്ചു ഓടി വന്നു.
“ ഇല്ല.. അമ്മയും അച്ഛനും പ്രിയാന്റിക്ക് വേണ്ടി ഒന്നും ചെയ്തില്ല” അവള്‍ പിന്താങ്ങി. എഴുത്തുകാരനോടൊട്ടിനിന്നു...ഇതുവരെ കാണിച്ച അകല്‍ച്ച അവളെ ആ മാത്രാ വിട്ടൊഴിഞ്ഞിരുന്നു. അയാള്‍ അവളെ വാത്സല്യത്തോടെ കയ്യിലെടുത്തു . അയാളുടെ കുറ്റിത്താടിയില്‍ രണ്ടുകയ്യും ചേര്‍ത്ത് പിടിച്ചു. അയാളുടെ വിരിഞ്ഞ നെറ്റിയില്‍ ഉമ്മവെച്ച് അവള്‍ ചോദിക്കുന്നു.
“ അങ്കിള്‍ , പ്രിയാന്റിയുടെ നമ്പര്‍ തന്നാല്‍ അങ്കിള്‍ ഒന്നു വിളിച്ചുചോദിക്കുമോ അവിടെ കുഞ്ഞാവ സുഖമായി ഇരിക്കുന്നോ എന്ന് ? ശമ്പളം കിട്ടുമ്പോള്‍ ഒരു 100 രൂപ അയച്ചുകൊടുക്കാമോ എല്ലാമാസവും ?ഇനി പ്രിയാന്റിക്ക് ആ വാവ മാത്രമേ ഉള്ളൂ ”
“ചെയ്യാം ..”
എഴുത്തുകാരന്‍ അവളെ വാത്സല്യത്തോടെ ഉമ്മ വെച്ചു.വീട്ടിലേക്കു കൊണ്ടുപോയി . അവിടെ അയാളുടെ വേലക്കാരി ഭക്ഷണം ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു . എന്റെ മകള്‍ക്ക് മാത്രം ഒരു ഇലയിട്ട് അയാള്‍ മുള്ളുകള്‍ ഇല്ലാതെ മീന്‍ പെറുക്കിയെടുത്ത് ചോറ് വാരിക്കൊടുത്തു.
എന്തുചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു . തിരിച്ചുള്ള വരവില്‍ എന്റെ മകള്‍ , അവളില്‍ വല്ലാത്ത ആശ്വാസം അനുഭവപ്പെടുന്നത് ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു. ...ഞാന്‍ ചെയ്യാന്‍ മറന്നു പോയതെന്തെന്നും... നിനക്ക് വേണ്ടി ഞങ്ങള്‍ സ്വരൂക്കൂട്ടുന്നതൊന്നും നീ ആഗ്രഹിക്കുന്നില്ലെന്നും നിന്നെ പോലെ നല്ല മനസ്സ് എനിക്കില്ലെന്നും നീ തന്നെ എനിക്ക് പറഞ്ഞു തരുന്നു. കൊടിയ ദാരിദ്ര്യത്തിലും,പ്രിയ നിനക്ക് നല്കിയതെന്തെന്നും ...