Monday, 4 March 2013

പാപ്പാത്തിയുടെ മകള്‍


ഉത്സവങ്ങള്‍ ഓര്‍മയുടെ പൂരപ്പറമ്പുകളാണ്.  അമ്മയുടെ വീട്ടിലെ ആഘോഷത്തിമിര്‍പ്പിന്റെ വേല കാണാന്‍ വല്ലാത്ത കൊതിയോടെ കാത്തിരുന്നു . പൂരപ്പറമ്പില്‍ നിന്നും കിട്ടുന്ന ബലൂണുകള്‍ , കളിപ്പാട്ടങ്ങള്‍ , തിരക്കിന്റെ ആള്‍ക്കൂട്ടങ്ങള്‍, വലിയമ്മക്കാവില്‍ നിന്നും അമ്മമ്മ കൊണ്ട് തരുന്ന മഞ്ഞ ചരടുകള്‍... ഇതിനെയൊക്കെ സ്നേഹിക്കാന്‍ മാത്രമറിയുന്ന കുട്ടിക്കാലം...

കുട്ടിക്കാലത്തിന്റെ ആ പൂരപ്പറമ്പില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടുന്നത്. വേലയ്ക്കു വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് വളയിട്ടു കൊടുക്കാന്‍ വരുന്ന പാപ്പാത്തി വളക്കാരിയുടെ മകള്‍ . പാപ്പാത്തിയുടെ വായില്‍ നിന്നും എപ്പോഴും വെറ്റിലക്കറ    ഒഴുകികൊണ്ടിരിക്കും. ഇടതു കയ്യിലെ ചെമ്പു നിറമുള്ള വളകള്‍ കൊണ്ട് അത് വടിച്ചുമാറ്റി പാപ്പാത്തി കുട്ടികളെ അന്വേഷിച്ചു. അവളുടെ 7 വയസ്സുകാരി മകള്‍ അമ്മയുടെ അരികില്‍ തന്നെ നിലത്തിരുന്നു വീടിന്റെ അകത്തളത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്. കറുത്ത നിറം, ചുവന്നു പാറിപറന്ന മുടി, ഇടക്കിടെ പുറത്തേക്കിറ്റുന്ന  മൂക്കള വലിയ ഒരു നെടുവീര്‍പ്പുകൊണ്ട് വലിച്ചു കേറ്റി... അമ്മമ്മ ഉള്ളില്‍ നിന്നും കുറച്ചു അട കൊണ്ടുവന്നു അവള്‍ക്കു കൊടുത്തു. അവള്‍ക്കു ചായയും കുടിക്കണമെന്നുണ്ട്. പക്ഷെ അവള്‍ ചോദിച്ചു "കുറച്ചു വെള്ളം? "



പാപ്പാത്തി തന്റെ കുട്ടയിലെ തുണികൊണ്ട് മൂടിവെച്ച വളകള്‍ കെട്ടിയ കുഴലുകള്‍ ഓരോന്നായി പുറത്തെടുത്തു. നിറമുള്ള വളകള്‍ . മഞ്ഞയും ചോപ്പും നിറമുള്ള പ്ളാസ്റ്റിക്‌ വളകള്‍ ഒന്നൊന്നായി അടുക്കികൊണ്ട് എന്റെ കയ്യിലേക്ക്. അവളുടെ മകള്‍ നോക്കിയിരിക്കുകയാണ്.
വളക്കാരികളുടെ മക്കള്‍ക്ക്‌ എന്ത് സുഖമാണ്. ദിവസവും നിറയെ പലതരത്തിലുള്ള വളകള്‍ ഇട്ടു സ്കൂളിലേക്ക് പോകാം, പൊട്ട്, കമ്മല്‍ , ചീര്‍പ്, കണ്മഷി എല്ലാം ഉണ്ട് പപ്പാത്തിയുടെ കയ്യില്‍ .. എല്ലാം അവളുടെ കറുത്ത മകള്‍ക്ക് സ്വന്തം. ..എന്റെ അമ്മയ്ക്കും ഒരു വളക്കാരി ആകാമായിരുന്നു. എന്നാല്‍ എനിക്കും ഇതുപോലെ..അല്ലെങ്കില്‍ പാപ്പാത്തിയുടെ കുട്ട കിട്ടിയാലും മതി.

"നിന്റെ മകളെത്രയില പഠിക്കുന്നെ?" അമ്മ ചോദിച്ചു

"ഓ കഴിഞ്ഞ വര്‍ഷം പോയീന്നു ..ഇപ്പോ കുറച്ചപ്രത്ത് ഒരു വീട്ടില്‌ മുറ്റടിക്കാന്‍ പോണ്ണ്ട്. ഇരുപത് ഉറുപ്യ കൊടുത്തെക്കണ് "

പാപ്പാത്തി പറഞ്ഞു. അപ്പോഴാണ് ആ കണ്ണുകളിലെ എത്ര തുടച്ചാലും പോകാത്ത നനവ്‌ കണ്ടത്. എന്നേക്കാള്‍ ചെറിയ ആ പെണ്‍കുട്ടി സ്കൂളില്‍ പോകാതെ മുറ്റമടിക്കാന്‍ പോകുകയോ? അവളുടെ കയ്യിലെ ചെമ്പു വളകള്‍ക്കു ആകെ ചളുങ്ങിയ രൂപം. എത്രയോ ദൂരങ്ങള്‍ നടന്നിട്ടും തളരാത്ത കറുത്ത വരണ്ട കാലുകളില്‍ ചെമ്മണ്ണിന്റെ തിളക്കം.

അമ്മ അകത്തു നിന്നും എന്റെ പഴയ പിഞ്ഞിത്തുടങ്ങിയ ഉടുപ്പുകള്‍ കൊണ്ടുവന്നു. "അടുക്കളയില്‍ കരിന്തുണി ആക്കാന്‍ വെച്ചതാ. ഇനിയിപ്പോ ഇതു നിന്റെ മകള്‍ എടുത്തോട്ടെ." വലിയ കാരുണ്യം പോലെ അമ്മ പറഞ്ഞു. അവള്‍ കൊതിയോടെ അത് വാങ്ങി പാപ്പാത്തിയുടെ പിറകെ നടന്നു..

പൂരപറമ്പില്‍ ഐസ് നുണഞ്ഞു കൊണ്ട് കാഴ്ച കാണുമ്പോഴാണ് കണ്ടത്. മുന്നില്‍ നിരത്തിവെച്ച വളകളുടെ ഭംഗി നോക്കി വെയിലത്തിരിക്കുന്നു അവള്‍ . എരിയുന്ന വെയില്‍ അവളെ പൊള്ളിക്കുന്നേയില്ല. വേദനകളും തീയും അവള്‍ക്കു അന്യമാണെന്ന് തോന്നുന്നു. പുറം മോടികളെ അവള്‍ ഗൗനിക്കുന്നേയില്ല.  ഇതു വിശപ്പിന്റെ ജീവിതം...

പാപ്പാത്തിയുടെ മകള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകും. പേരറിയാത്ത കുറെ കറുത്ത മക്കളെ തെരുവിലേക്ക് പ്രസവിച്ചിട്ടുണ്ടാകും. പൂരകാഴ്ച്ചകളില്‍ നിന്നും കാഴ്ചകളിലേക്ക് നിറമില്ലാത്ത ജീവിതത്തെ തളര്‍ച്ചയോടെ വലിച്ചെറിഞ്ഞുകൊണ്ട് അവളും ജീവിക്കുന്നുണ്ടാകും....അത്രമേല്‍ നിസ്വമായ ഒരു ചുവന്ന വെറ്റിലക്കറ ജീവിതം.

3 comments:

  1. നല്ല ഓര്‍മ്മകള്‍

    പാപ്പാത്തിയുടെ മകള്‍ , അതെ കുറെ പേര്‍ അങ്ങനെയും

    ReplyDelete
  2. പപ്പാത്തിയുടെ മകള്‍ ഇഷ്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  3. പാപ്പാത്തിയുടെ മകളെ ഇപ്പോഴും ഓര്‍ക്കുന്ന മനസ്സിന് എന്റെ ആദരവ്.

    നല്ല മനസ്സിന്റെ കരുണയുള്ള നോട്ടങ്ങള്‍ ഓരോ പ്രാര്‍ത്ഥനകള്‍കൂടെയാണ്. അതുകൊണ്ടുതന്നെ പാപ്പാത്തിയുടെ മകളെ ഈ കഥാകാരി കണ്ടെത്തിയ മാത്രയില്‍തന്നെ അവളുടെ യാതാനപര്‍വ്വം കഴിഞ്ഞുപോയിരിക്കുംമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

    ReplyDelete