Monday, 7 April 2014

അഗ്നിപർവ്വതങ്ങൾ തേടി

"ബാരെൻ ദ്വീപിലെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളെ കുറിച്ച് നിനക്കെന്തറിയാം?" ദൂരേക്ക്‌ നോക്കികൊണ്ട്‌ ചുവന്ന സന്ധ്യയിൽ കടൽതീരത്തിരുന്നു അവൾ ചോദിച്ചു. ഇവൾക്കെന്താ വട്ടാണോ? പെട്ടെന്നിങ്ങനെ ഒരു ചോദ്യം .. ഉത്തരം പറയാൻ തോന്നിയില്ല
"ദിവ്യ.. നീ ചിന്തിച്ചിട്ടുണ്ടോ അഗ്നിപർവ്വതങ്ങൾ ഉരുകിയൊലിക്കുന്നതിനെ പറ്റി?
വളരെ ചെറുപ്പം മുതൽ... കൃത്യമായി പറഞ്ഞാൽ 1994... എനിക്ക് 5 വയസ്സ്. അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, ആന്റമാനിൽ അഗ്നിപർവ്വതം ഉരുകി തുടങ്ങി എന്ന്. ചുറ്റോടു ചുറ്റും വെള്ളത്തിൽ മുങ്ങി നില്ക്കുന്ന ഒരു രാജ്യം. അവിടെ ഒത്ത നടുവിൽ ഒരു അഗ്നിപർവ്വതം നിന്നുരുകുന്നു. ഒരുപക്ഷെ ആ ദ്വീപിന്റെ അഗാധതയിൽ അത് കടലിൽ പൊങ്ങി കിടക്കുകയാനെന്നാണ് ഞാൻ കരുതിയിരുന്നത്. തണുത്തുറഞ്ഞ വെള്ളത്തിൽ കത്തി കൊണ്ടിരിക്കുന്ന അഗ്നിപർവ്വതം...എന്തോ ഒരു വല്ലാത്ത അനുഭവം തന്നെ അല്ലെ?"

എഴുതാൻ ബാക്കി വെച്ച ഒരു കഥയിലെ കഥാപാത്രമാണ് അവൾ എനിക്കെന്നും. എത്ര എഴുതിയിട്ടും ഒരിക്കലും ശരി വരാതെ, അല്ലെങ്കിൽ മുഴുമിക്കാനാവാതെ അവളങ്ങനെ ഒരു മുറിപ്പാടായി എനിക്ക് മുന്നിലും ഉള്ളിലും കിടന്നു.



ഒരുതരത്തിൽ   അവളും ഒരു വോൾകാനോ തന്നെ .  തണുത്ത വെള്ളത്തിൽ ചുറ്റപെട്ടു കിടക്കുമ്പോഴും ഉരുകുന്ന അഗ്നിപർവ്വതം പോലെ അവൾ..
രാവിലെ എഴുനേറ്റപ്പോഴും അവൾ അത് തന്നെ പറഞ്ഞു. "ദിവ്യ... ഞാൻ പോകാൻ തീരുമാനിച്ചു."

"എവിടേക്ക്?"

"അഗ്നിപർവ്വതം കാണാൻ. അവിടെ എത്തുമ്പോൾ  എന്റെ ചൂടേറ്റു വീണ്ടും അത് പൊട്ടിയൊലിക്കാൻ തുടങ്ങും. ഉരുകുന്ന ലാവയിൽ മുങ്ങി ഞാനും അങ്ങനെ ഒഴുകും. എന്റെ വയറു പൊട്ടി അതിനുള്ളിൽ നിന്നെന്റെ കുഞ്ഞും... ആ ചൂടേറ്റു വാടുന്ന കുഞ്ഞു ദേഹം കടലിൽ ചെന്ന് ചേരും. അവിടെ തണുത്ത തിരകളതിനെ താരാട്ടു പാടി ഉറക്കും. എന്നേക്കുമായി.. "

"മതി നിർത്തു.. നിനക്ക് വേണമെങ്കിൽ പ്രസവിക്കാം. ശാപം കൊണ്ട് തണുത്തിട്ടായാലും ആ കുഞ്ഞു വളരും. ഞാൻ ഉണ്ട് നിന്റെ കൂടെ... അല്ലെങ്കിൽ എല്ലാം മറന്നു നിനക്ക് വീണ്ടും ജീവിക്കാം. അപ്പോഴും ഞാൻ ഉണ്ടാകും നിന്നോടൊപ്പം. ആ കുഞ്ഞിനെ കൊന്നു കളയു..."

അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു...

"ഡെൽഹിയിൽ അന്ന് ആ പെണ്‍കുട്ടി മരിച്ചു പോയത് എത്ര നന്നായി.. അവളെ എല്ലാവരും സ്നേഹിച്ചു. എന്നെയോ? ആർക്കെങ്കിലും ഇനിയെന്നെ സ്നേഹിക്കാൻ പറ്റുമോ? ഞാൻ തെറ്റുകാരിയല്ല. പക്ഷെ ആര് വിശ്വസിക്കും? വിയർപ്പിന്റെ, മദ്യത്തിന്റെ, മരണത്തിന്റെ ഉന്മാദ ഗന്ധം ... എനിക്ക് എന്റെ മൂക്ക് മുറിച്ചു കളയണം.... എന്റെ പല്ലുകളിൽ നിന്നാണോ ഈ നാറ്റം? പല്ലുകൾ എല്ലാം കൊഴിച്ചു കളയട്ടെ....? "

"അവൾ പെട്ടെന്നെഴുന്നേറ്റു റൂം സ്പ്രയെർ ശക്തിയോടെ അത് കഴിയും വരെ റൂമിൽ അടിച്ചു.  ഇല്ല... ഒന്നും മറച്ചു വെക്കാൻ കഴിയില്ല. ശ്രമിക്കുന്തോറും അത് വലുതായി വരികയാണ്‌...." അവൾ തളർന്നു കിടക്കയിൽ ഇരുന്നു. ..

"ഞാൻ ഡോക്ടറോട് സംസാരിക്കട്ടെ? നിന്റെ കുറ്റം കൊണ്ടല്ല ഒന്നും.... റേപ് ചെയ്യപെട്ട പെണ്‍കുട്ടിയോട് കുറച്ചു അലിവു കാണിക്കാതിരിക്കാൻ ഒരു ഡോക്ടർക്കും കഴിയില്ല. നീ ഒന്നും സംസാരിക്കണ്ട. എല്ലാം ഞാൻ ചെയ്തോളാം..."

"നിനക്ക് ജോലിക്ക് പോകണ്ടേ?" പെട്ടെന്നവൾ സാധാരണ മട്ടിലായി.

"നോക്ക്. സമയം ഒരുപാടായി. വാ നമുക്ക് റെഡിയാകാം.."

ഓഫീസിൽ എല്ലാവർക്കും അറിയാം. അവൾ റേപ് ചെയ്യപെട്ടിരിക്കുന്നു എന്ന്. അവൾക്കു ലഭിച്ച ലീവ് പിരീഡ് കഴിയാൻ കാത്തിരിക്കുകയാണ്‌ എല്ലാവരും. റേപും ആഘോഷിക്കപെടെണ്ടത് തന്നെ.  പ്രിയാമണി ആരുടെയും സഹതാപം വകവെക്കാതെ കാബിനിൽ ചെന്നിരുന്നു. ചുരിദാറിന്റെ ഷാൾ ചുരുട്ടി കെട്ടി കമ്പ്യൂട്ടർ ഓണ്‍ ചെയ്തു. പ്രിയാ ...  ആരുടെയെങ്കിലും സഹതാപം അവൾക്കു നേരെ വരുമ്പോൾ തന്നെ തന്റെ വലതു കൈപത്തി നീട്ടി അവൾ പറഞ്ഞു.... "വിൽ യു പ്ളീസ്‌ സ്റ്റോപ്പ്‌? "
കണ്ണുകൾ നിറയുന്നത് ഹൃദയങ്ങൾ അറിയുന്നുണ്ടാകുമോ?

വൈകുന്നേരത്തെ ഷിഫ്റ്റ്‌ അവസാനിച്ചപ്പോൾ അവൾ വീണ്ടും കടൽ തീരത്തേക്ക് പോയി. അവളെ തല്ക്കാലം പിന്തുടർന്നേ മതിയാകൂ. അല്ലെങ്കിൽ കൂട്ടുകാരി എന്ന് പറയുന്നതിലെന്തു കാര്യം?

"പ്രിയാ.. " അവളുടെ അടുത്തിരുന്നു, പതുക്കെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു
"നീ എന്ത് തീരുമാനിച്ചു? " ഇനിയും സമയമില്ലായിരുന്നു. ഒരു റെപിന്റെ പരിഗണന ഉള്ളത് കൊണ്ട് തന്നെ നിയമങ്ങളെയോ അല്ലെങ്കിൽ മാനുഷികതകളെയോ പേടിയില്ല. അവിടെ ഒരു പാവം കുഞ്ഞിന്റെ നിഷ്കളങ്കമായ മോണ കാട്ടി ചിരിയില്ല.

"എന്റെ അഗ്നിപർവ്വതങ്ങൾ .. അതിനുള്ളിൽ നിന്നും ചുട്ടു പഴുത്ത ലാവ പോലെ ഉരുകിയൊലിക്കുന്നതു ഒരു കുഞ്ഞിന്റെ കരച്ചിലാണ്.   മാസാമാസം ഒഴുകുന്ന രക്തചൊരിച്ചിൽ പോലെ  ഞാനത് ചോർത്തി കളയണമേന്നാണോ ? എനിക്ക് വയ്യ ദിവ്യ..."

അവൾ തീരുമാനം പറഞ്ഞു കഴിഞ്ഞു.

" നിന്റെ അച്ഛൻ അമ്മ അനിയത്തി... ?"

" അംഗീകരിക്കുമായിരിക്കും .. അല്ലെങ്കിൽ തന്നെ അവർക്കിനിയും എന്ത് ചെയ്യാനാണ്?  നാട് മുഴുവൻ ഇപ്പോൾ പാടി നടക്കുന്നത് എന്റെ കഥകളല്ലേ. അനിയത്തിയുടെ കല്യാണം കഴിയുന്നത്‌ വരെ എന്നെ വിട്ടുകളഞ്ഞേക്കാൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അവക്കെന്നെ വേണം ദിവ്യ. കാരണം അത്രമേൽ കൊഞ്ചിച്ചു വളർത്തിയതാണെന്നെ..."  

"എനിക്കും വേണ്ടേ ഒരു ജീവിതം? ഇനിയെന്നെ ആർക്കും വേണ്ട. അല്ലെങ്കിൽ തന്നെ എനിക്ക് പോലും എന്നെയിനി എന്തിനാണ്? അപ്പോൾ പിന്നെ ഒരു കുഞ്ഞു മകൾ... അവളുടെ കളിചിരികൾ... ഓമന മുഖം...ഇതൊക്കെ കാരണങ്ങൾ ആകില്ലേ ജീവിക്കാൻ?  "

സ്വന്തം കാലിൽ നില്ക്കുന്ന ഒരു പെണ്‍കുട്ടിക്ക്  എങ്ങനെയും തീരുമാനിക്കാം.. ജീവിതം അവളുടെ കൈകളിൽ മുറുകെ പിടിക്കാനുള്ള തന്റേടം ഉണ്ടായാൽ മാത്രം മതി.

"പക്ഷെ ആ കുഞ്ഞു. അവളെ ..."

"നോ ദിവ്യ. ഒരുപാട് അച്ചന്മാർ ഉള്ള ഒരു കുഞ്ഞിനെ യാഥാർത്ഥ്യങ്ങളുടെ പച്ചമുഖം കാണിച്ചു ഞാൻ വളർത്തും. "

ആകാശം ചുവന്നു തുടങ്ങി. ഇനി വേഗം റൂമിലെത്തണം.. രാത്രി അവൾ സുഖമായി   ഉറങ്ങി. പക്ഷെ പിറ്റേ ദിവസം രാവിലെ  മഷി തണ്ട് പോലെ വാടിപോയ അവളുടെ മുഖത്ത് നിറയെ ചുവന്ന കുരുക്കൾ... അവളുടെ വെളുത് മെലിഞ്ഞ കൈത്തണ്ടയിലും കാലുകളിലും ഒക്കെ നോക്കി നില്ക്കെ ആ കുരുക്കൾ നിറഞ്ഞു നിറഞ്ഞു വന്നു. .. എന്റെ ദൈവമേ.. നിനക്കിവൾ ഇത്രയേറെ പ്രിയപ്പെട്ടതായിരുന്നോ..
"ദിവ്യ... വേഗം ഡോക്ടറെ വിളിക്കൂ... ഈ കുരുക്കൾ എന്റെ കുഞ്ഞിനെ നശിപ്പിക്കും മുൻപ്..." അവൾ പതറിക്കരഞ്ഞു...

പേടിക്കാൻ ഒന്നുമില്ലെന്ന് തന്നെ ഡോക്ടർ പറഞ്ഞു. അവളുടെ മുഖത്തെ കുരുക്കളിൽ മഞ്ഞളും വേപ്പിലയും പുരട്ടി അമ്മ കാത്തിരുന്നു .... എന്നിട്ടും കുരുക്കളിറങ്ങി പോകുന്ന ദിവസം തന്നെ അഗ്നിപർവ്വതം പൊട്ടി. .. തിളയ്ക്കുന്ന ലാവ പോലെ രക്തം നിറഞ്ഞൊഴുകി... കുഞ്ഞിന്റെ മജ്ജയും മാംസവും എല്ലാം കലങ്ങി കലങ്ങി രക്തമായി ഒഴുകിയിറങ്ങുമ്പോൾ എന്തെന്നില്ലാതെ അവൾ ചിരിച്ചു... അവളെ റേപ് ചെയ്ത വേട്ട നായ്ക്കളുടെ ചിരി.. .. കുഞ്ഞിനെ നശിപ്പിച്ച ദൈവത്തിന്റെ ചിരി.. അഗ്നിപർവ്വതങ്ങളിൽ തീ കോരിയിട്ട ചിരി..

" നിനക്കറിയുമോ ദിവ്യ ഞാനിന്നലെ ബാരെൻ ദ്വീപിലേക്ക് പോയിരുന്നു..." ആ ചിരിക്കിടയിൽ അവൾ പിറുപിറുത്തു...

Sunday, 9 February 2014

നിഴൽപ്പാട്ടുകാരന് സ്നേഹപൂർവ്വം...


ഒരു നഷ്ടപ്പെടലിലേക്ക്
എന്നെന്നേക്കുമായി
വലിച്ചെറിയാൻ
ഒരു നിഴൽ പോലെ
എനിക്ക് പിന്നിൽ
നിന്റെ വരവുണ്ടെന്ന്
ഞാനറിയുന്നുണ്ട്.

നിഴൽ പാട്ടുകാരാ...
ഒരു രാത്രി കൂടി  വേണമെനിക്ക്.
മഴയാൽ അനാഥമാക്കപ്പെട്ട
ഒരു നിശബ്ദരാത്രി.

എന്തിനെന്നോ..?
എന്റെ പ്രണയത്തിന്റെ ചൂടിനെ
കൂട്ടുപിടിച്ച്,
ഷഹബാസ് അമന്റെ
പാട്ടിനു ചെവിയോർത്ത്,
എന്റെ ജാലകത്തിനരികെ ഒറ്റക്കിരിക്കാൻ...
നിറയെ പവിഴമല്ലി പൂത്തുവീണ
മുറ്റം നോക്കി വെറുതെയിരിക്കാൻ..
വിമൂകം...

Thursday, 6 February 2014

അമ്മയുടെ അച്ചു

ഗർഭം സങ്കീർണ്ണമായ ഒന്നാണ്. രാത്രിയുടെ ഭ്രാന്തൻ ആവേശങ്ങളിൽ പടുത്തുയർത്തും നിറയെ സ്നേഹനാട്യങ്ങളുടെ ആകാശചിറകടിയിൽ രമിച്ച് മധുരപലഹാരങ്ങളിൽ ചമച്ച്‌ അങ്ങനെ വീർത്തു വന്ന വയർ. എന്റെ ഗർഭത്തിൽ നിന്നും നീണ്ടുവന്ന കുഞ്ഞിളം വിരലുകളെ സ്വപ്നത്തിൽ വെച്ചു തന്നെ കൈകൂട്ടിലാക്കി ഞാൻ.

സിസേറിയൻ കഴിഞ്ഞ  ആദ്യനാളുകളിൽ  അരക്കു താഴെ വെട്ടിയിട്ട ജന്മം കാർക്കിച്ചു തുപ്പിയ ചെളിയിൽ തിളയ്ക്കുന്ന പുഴുവിനെക്കൽ ദൈന്യം  നിറഞ്ഞതായിരുന്നു. പെയിൻ കില്ലറുകൾക്ക്  കൊന്നുതീര്ക്കാനാവാത്ത വേദന സ്വയം കടിച്ചു മുറിച്ച ചുണ്ടുകൾകൊണ്ട് ഇളം മേനിയിൽ ഉമ്മവെച്ചു തീർത്തു. അതിലും നിരാശാജനകമായിരുന്നു, നീയെന്ന പെണ്‍കുഞ്ഞിനെ വെറും 30 ദിവസങ്ങൾക്കുള്ളിൽ ഓപറേഷൻ   തിയേറ്ററിൽ  കിടത്തേണ്ടിവന്നപ്പോൾ... കരഞ്ഞു കരഞ്ഞു ശബ്ദം  തന്നെ നഷ്ടമായിട്ടും അവൾ കുഞ്ഞിളം വായ തുറന്നു കരഞ്ഞു. തളർന്ന കുഞ്ഞിനെ കണ്ണീരോടെ പ്രസവശിഷ്ട ദാനമായ കടുത്ത നടുവേദനയിലും നെഞ്ഞിലടക്കിവെച്ചു വരാന്തകളിലൂടെ എടുത്തു നടന്നു. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരു പോറൽ പോലുമില്ലാതെ പറിച്ചു നട്ടു. എന്റെ കുഞ്ഞേ എത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു തരാനാവുന്നില്ല.



എന്റെ നെഞ്ചിന്റെ അതെ താളത്തിൽ പൊങ്ങിയും താഴ്ന്നും പാലുണ്ണുന്നതിന്റെ        മൊചകൂട്ടൽ കേട്ട് നിന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു അച്ഛനും ചേച്ചിയും. വയറു നിറഞ്ഞപ്പോൾ മെല്ലെ കുഞ്ഞുമുഖം തെല്ലുയർത്തി ചുവന്ന മോണ മുഴുക്കെ കാട്ടി നീ ചിരിച്ചു. എന്റെ ദൈവമേ.. ഇതാണ് സ്വർഗം..

പൌർണമിയും അമാവാസിയും പോലെ ഓരോദിവസവും മാറി മാറി നിസ്സഹായയായ ഒരു കുഞ്ഞിൽ നിന്ന് പിച്ച  വെച്ചു വലുതായി ഒരു പെണ്‍കുട്ടിയായി, യുവതിയായി ഞാൻ തന്നെയായി മാറി വരുന്ന കാഴ്ചകൾ.. എന്റെ അമ്മയിൽ നിന്നും ഞാൻ ഉയിർ കൊണ്ടത് പോലെ.. അമ്മയെ എനിക്ക് സ്നേഹിക്കാൻ ഇനി കാരണങ്ങൾ വേണ്ട... അത്രമേൽ നിസ്വാർഥമായിരുന്നു  ആ സ്നേഹം...

എങ്കിലും കുഞ്ഞേ.. ജീവിതം അങ്ങേയറ്റം ഭീദിതമായ ഒന്നാണ്. ഡൽഹിയിലും  കൽക്കട്ടയിലും ചുറ്റിലും ചതഞ്ഞു  തീരുകയാണ് കുഞ്ഞുജന്മങ്ങൾ, പെണ്‍ജന്മങ്ങൾ. ശരിക്കും ഒരു നൂൽ നടത്തമാണ് ജീവിതം...