Thursday 6 February 2014

അമ്മയുടെ അച്ചു

ഗർഭം സങ്കീർണ്ണമായ ഒന്നാണ്. രാത്രിയുടെ ഭ്രാന്തൻ ആവേശങ്ങളിൽ പടുത്തുയർത്തും നിറയെ സ്നേഹനാട്യങ്ങളുടെ ആകാശചിറകടിയിൽ രമിച്ച് മധുരപലഹാരങ്ങളിൽ ചമച്ച്‌ അങ്ങനെ വീർത്തു വന്ന വയർ. എന്റെ ഗർഭത്തിൽ നിന്നും നീണ്ടുവന്ന കുഞ്ഞിളം വിരലുകളെ സ്വപ്നത്തിൽ വെച്ചു തന്നെ കൈകൂട്ടിലാക്കി ഞാൻ.

സിസേറിയൻ കഴിഞ്ഞ  ആദ്യനാളുകളിൽ  അരക്കു താഴെ വെട്ടിയിട്ട ജന്മം കാർക്കിച്ചു തുപ്പിയ ചെളിയിൽ തിളയ്ക്കുന്ന പുഴുവിനെക്കൽ ദൈന്യം  നിറഞ്ഞതായിരുന്നു. പെയിൻ കില്ലറുകൾക്ക്  കൊന്നുതീര്ക്കാനാവാത്ത വേദന സ്വയം കടിച്ചു മുറിച്ച ചുണ്ടുകൾകൊണ്ട് ഇളം മേനിയിൽ ഉമ്മവെച്ചു തീർത്തു. അതിലും നിരാശാജനകമായിരുന്നു, നീയെന്ന പെണ്‍കുഞ്ഞിനെ വെറും 30 ദിവസങ്ങൾക്കുള്ളിൽ ഓപറേഷൻ   തിയേറ്ററിൽ  കിടത്തേണ്ടിവന്നപ്പോൾ... കരഞ്ഞു കരഞ്ഞു ശബ്ദം  തന്നെ നഷ്ടമായിട്ടും അവൾ കുഞ്ഞിളം വായ തുറന്നു കരഞ്ഞു. തളർന്ന കുഞ്ഞിനെ കണ്ണീരോടെ പ്രസവശിഷ്ട ദാനമായ കടുത്ത നടുവേദനയിലും നെഞ്ഞിലടക്കിവെച്ചു വരാന്തകളിലൂടെ എടുത്തു നടന്നു. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരു പോറൽ പോലുമില്ലാതെ പറിച്ചു നട്ടു. എന്റെ കുഞ്ഞേ എത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു തരാനാവുന്നില്ല.



എന്റെ നെഞ്ചിന്റെ അതെ താളത്തിൽ പൊങ്ങിയും താഴ്ന്നും പാലുണ്ണുന്നതിന്റെ        മൊചകൂട്ടൽ കേട്ട് നിന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു അച്ഛനും ചേച്ചിയും. വയറു നിറഞ്ഞപ്പോൾ മെല്ലെ കുഞ്ഞുമുഖം തെല്ലുയർത്തി ചുവന്ന മോണ മുഴുക്കെ കാട്ടി നീ ചിരിച്ചു. എന്റെ ദൈവമേ.. ഇതാണ് സ്വർഗം..

പൌർണമിയും അമാവാസിയും പോലെ ഓരോദിവസവും മാറി മാറി നിസ്സഹായയായ ഒരു കുഞ്ഞിൽ നിന്ന് പിച്ച  വെച്ചു വലുതായി ഒരു പെണ്‍കുട്ടിയായി, യുവതിയായി ഞാൻ തന്നെയായി മാറി വരുന്ന കാഴ്ചകൾ.. എന്റെ അമ്മയിൽ നിന്നും ഞാൻ ഉയിർ കൊണ്ടത് പോലെ.. അമ്മയെ എനിക്ക് സ്നേഹിക്കാൻ ഇനി കാരണങ്ങൾ വേണ്ട... അത്രമേൽ നിസ്വാർഥമായിരുന്നു  ആ സ്നേഹം...

എങ്കിലും കുഞ്ഞേ.. ജീവിതം അങ്ങേയറ്റം ഭീദിതമായ ഒന്നാണ്. ഡൽഹിയിലും  കൽക്കട്ടയിലും ചുറ്റിലും ചതഞ്ഞു  തീരുകയാണ് കുഞ്ഞുജന്മങ്ങൾ, പെണ്‍ജന്മങ്ങൾ. ശരിക്കും ഒരു നൂൽ നടത്തമാണ് ജീവിതം...

1 comment: