Friday, 28 June 2013

തനിയാവർത്തനങ്ങൾ

ജീവിതത്തിന്റെ വഴിതിരിവുകൾക്ക് ഒരുപാട് മാനറിസങ്ങൾ ഉണ്ട്. അഹന്ത എന്നോ തോന്ന്യാസം എന്നോ അതിനെ പേരിട്ടു വിളിക്കാം അല്ലെങ്കിൽ വിധി എന്ന് പറഞ്ഞു സമാധാനിക്കാം. സത്യഭാമ ചേച്ചിയുടെ ജീവിതവും അതുപോലെയാണ്. മൂത്ത കുഞ്ഞിനു മൂന്നുവയസ്സുള്ളപ്പോൾ രണ്ടാമത്തെ പെണ്‍കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയയാണ്‌ സത്യഭാമ ചേച്ചി. സ്വതവേ കുറച്ചു മാനസിക പ്രശ്നങ്ങൾ ഉള്ള രാമചന്ദ്രേട്ടന് എല്ലാം ശരിയാകുംന്നുള്ള വിശ്വാസം കൊണ്ടാണ് ഒരു പെണ്ണിനെ കെട്ടിച്ചു കൊടുത്തത്. പക്ഷെ ഒരു പെണ്‍കുഞ്ഞു കൂടി വന്നപ്പോൾ  പ്രതീക്ഷ  നഷ്ടപെട്ടു അയാൾ കിണറിൽ കെട്ടിതൂങ്ങി. പരീക്ഷകൾ തോൽവികളുടെ കൂടിയാണല്ലോ . കൈകുഞ്ഞിനെ പാടവരമ്പിൽ കിടത്തി കൊയ്യാനിറങ്ങുമ്പോൾ നാളെയെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ മാത്രം ബാക്കി.

വെളുത്തുതുടുത്ത ആ പെണ്‍കുഞ്ഞിനെ എനിക്കും ഇഷ്ടമായിരുന്നു. നിറത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും തഴയപെടുന്ന ഋതു രാത്രികളിൽ ഞാൻ വേദനിക്കുമ്പോഴൊക്കെ  കുഞ്ഞുമോണ കാട്ടി ചിരിച്ചു കൊണ്ട് അവളെന്റെ അരികിൽ ഇഴഞ്ഞു നടന്നു. ഏട്ടന്റെ  കൂടെ വെയിലത്ത്‌ അമ്മ പാടത്തു നിന്നും തിരിച്ചു കയറുന്നതും കാത്തു വരമ്പിലിരുന്ന പെണ്‍കുട്ടി വളർന്നു വരുമ്പോഴേക്കും എന്റെ കല്യാണമായിരുന്നു. പ്രവാസത്തിലേക്ക്  പറിച്ചെറിയപെട്ട  ജീവിതത്തിന്റെ ഇടവേളയിൽ വർഷങ്ങൾക്ക്  ശേഷം വരുമ്പോഴൊക്കെ കുറച്ചു മിട്ടായി, ഒരു ഉടുപ്പ് എല്ലാം അവൾക്കവകാശപ്പെട്ടതായി..



തിളയ്ക്കുന്ന എണ്ണയിലേക്ക് അമ്മ മുറിച്ചു വെച്ചിരിക്കുന്ന ഇഞ്ചി ഇട്ടു മൂത്തപ്പോൾ പച്ചമല്ലി, ഉണക്കമുളക്, തേങ്ങ, ആഫ്രിക്കൻ മല്ലിയില. പിന്നെ അല്പം പുളി ചേർത്ത്  അമ്മ ചമ്മന്തി മിക്സിയിൽ അരചെടുത്തു. ചൂടുള്ള ദോശയും ഇഞ്ചി ചമ്മന്തിയും എന്റെ വീക്നെസ് ആണെന്നു അമ്മക്കറിയാം. പ്ലേറ്റിൽ 2 ദോശയും ചമ്മന്തിയും എടുത്തു പുറത്തേക്കു നടന്നു. അടുക്കളപുറത്തു അച്ഛൻ അടക്ക പൊളിക്കുകയാണ്. ഇതുപോലെ എത്രയെത്ര രാത്രികൾ അച്ഛന്റെ കൂടെ ദോശയും ചമ്മന്തിയും കഴിച്ചു ... അന്നൊക്കെ ഒരുപാട് പറയാനുണ്ടായിരുന്നു. സ്വാദുള്ള വർത്തമാനങ്ങൾ ..

കാലം കുറെ കഴിഞ്ഞത് കൊണ്ടാകും ഇന്നെനിക്കു കിട്ടിയത്  ഞെട്ടിപ്പിക്കുന്ന  വിശേഷമായിരുന്നു. സത്യഭാമ ചേച്ചിയുടെ മകൾ ഒരു  ബസ് കണ്ടക്ടർക്കൊപ്പം  ഒളിച്ചോടിപ്പോയി. അവൾക്കു ഇപ്രാവശ്യവും  ഞാൻ മിട്ടായിയും ചുരിദാറും കൊണ്ട് വന്നിട്ടുണ്ടല്ലോ...

"ഹും... മിട്ടായി. ഇനിയിപ്പോ അവൾക്കു മിട്ടായിയല്ല നല്ല പച്ച മാങ്ങയ വേണ്ടത്... ജനിച്ചപ്പോഴേ അച്ഛനെ കാലപുരിയിലെക്കെടുത്തവൾ " അമ്മ പുച്ഛത്തോടെ പറഞ്ഞു.

ആളുകളുടെ മനോഭാവത്തിലാണ് പ്രശ്നം. അത് കീഴ്മേൽ മറിയാൻ നിമിഷങ്ങൾ മതി. എന്ത് ഇഷ്ടമായിരുന്നു അവളെ. സഹതാപമായിരുന്നു അവളോട്‌ ആദ്യമൊക്കെ, അമ്മക്ക്. ഓടിക്കളിച്ചു നടക്കുമ്പോഴൊക്കെ പാവം കുട്ടി എന്ന് പറഞ്ഞു തലോടിയിരുന്നു...

ഞാനവളെ കാണാൻ ചെല്ലുമ്പോൾ കുതിർത്ത തെങ്ങോലകൾ മെടഞ്ഞുകൊണ്ട്  വീടിന്റെ ഇറയത്തിരിക്കുകയായിരുന്നു അവൾ.
"കുട്ടീ"  എന്റെ വിളി കേട്ട് തലയുയർത്തിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"ഹായ് ചേച്ചി .." അവളോടി വന്നു കയ്യിൽ പിടിച്ചു.
ഇല്ല അവൾക്കൊട്ടും വേദനയില്ല. അവളെനിക്കു ചായ ഉണ്ടാക്കി. അപ്പുറത്തെ മുറിയിൽ അവളുടെ അമ്മായിഅമ്മ രൂക്ഷത്തോടെ എന്നെ നോക്കി കട്ടിലിൽ കിടക്കുന്നു. എഴുന്നേൽക്കാനൊ മിണ്ടാനോ വയ്യ. അത് ഒരു കണക്കിന് നന്നായെന്നു അവരുടെ മുഖം കണ്ടപ്പോൾ തന്നെ തോന്നി.

"എന്നാലും കുട്ടീ.. നീ എന്തിനാണ് "  മുഴുമിക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.

"എന്നെ ജനിപ്പിച്ച കൊടിയ ഭാരം നെഞ്ചിലേറ്റി എന്നോടൊന്നു മാപ്പ് ചോദിയ്ക്കാൻ പോലും കഴിയാതെയാണ് എന്റെ അച്ഛൻ കെട്ടിതൂങ്ങിയത്. അച്ഛനെ പോലെ അമ്മയും ഒരു ഭീരുവായി മാറേണ്ടെന്നു ഞാൻ കരുതി. ഇപ്പോൾ ഞാനൊറ്റക്ക് എന്റെ ജീവിതം തിരഞ്ഞെടുത്തു. ഇതിന്റെ വിഴുപ്പും ഭാരവും താങ്ങേണ്ടത് ഞാൻ ഒറ്റയ്ക്ക് മാത്രം മതിയല്ലോ"

പാടവരമ്പിൽ അമ്മയെ കാത്തിരുന്ന പെണ്‍കുട്ടി എത്ര പെട്ടെന്നാണ് ഇത്ര വലുതായത്.

" പക്ഷെ കുട്ടീ... നിനക്ക് പഠിച്ചു വലിയ നിലയിൽ ...? "

" കഴിഞ്ഞ 18 വർഷം എന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നില്ലേ എല്ല് മുറിയെ പണിയെടുത്തു കൊണ്ട് ? ഒരു പനി വന്നാൽ ചേച്ചിയുടെ അമ്മ കൊടുക്കുന്ന ഒരു ഗുളിക. അതിനപ്പുറം സത്യഭാമയുടെ ജീവിതത്തിനു വലിയ വിലയൊന്നുമില്ലായിരുന്നു. ഞങ്ങൾ അനുഭവിച്ചതിനെക്കാൾ അമ്മയുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചതാരാണ് ?  ആകെ സമ്പാദിച്ചത് ഒരു പവന്റെ ഈ മാല മാത്രം... ഇനിയെത്ര നാൾ കഴിഞ്ഞാലാണ് അമ്മക്കെന്നെ  ഒരു കരക്കെത്തിക്കാനാകുക?  " അവളുടെ ശബ്ദം നേർത്തു.

ഇത്തവണ ചൂളിയത് ഞാനാണ്‌. അവളുടെ ശരികൾ ...അതംഗീകരിക്കാനേ  കഴിയൂ...

"കുട്ടീ നീയിനിയും പഠിക്കണം..." അവൾക്കുള്ള ചുരിദാരിന്റെയും  മിട്ടായിയുടെയും പാക്കെറ്റിനൊടൊപ്പം അഞ്ഞൂറിന്റെ  നാലഞ്ചുനോട്ടുകൾ കൂടി കയ്യിൽ കൊടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങി. എനിക്കറിയാം ആ തുക കൊണ്ട് അവൾക്കൊന്നും ആകില്ലെന്ന്......

എന്റെ വീട്ടിൽ അപ്പോഴും സത്യഭാമചേച്ചി  എന്നെ കാത്തിരിക്കുന്നു. മകൾ സുഖമായി ഇരിക്കുന്നോ എന്ന ആധി തളംകെട്ടി നില്ക്കുന്ന ആ മുഖത്തേക്ക് നോക്കാൻ പോലും ഞാൻ ഭയന്നു... 

2 comments:

  1. അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല നമ്മൂറ്റെ കയ്യില്‍. അല്ലേ?
    നല്ല കഥ

    ReplyDelete
  2. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചവരുടെ ചോദ്യങ്ങള്‍ പലപ്പോഴും ഉത്തരം മുട്ടിച്ചു കളയും. ഹൃദയ സ്പര്‍ശിയായ കഥ, ആശംസകള്‍.,.

    http://aswanyachu.blogspot.in/

    ReplyDelete