Monday, 25 February 2013

പകലുകള്‍ക്കപ്പുറം നിറംകുറഞ്ഞവള്‍

എപ്പോഴും ഒരു വിളിപ്പാടകലെ മരണം ഉണ്ട്. അതിന്റെ കറുത്തകരങ്ങളില്‍  ഒരു നിഴലുപോലെ അകപ്പെടും മുമ്പ് , ഓരോ നിമിഷങ്ങളും നിറമുള്ളതാക്കണം. ചിരിച്ചുകൊണ്ടേയിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. ചിരിയും നോവുകൊണ്ടാകണം എന്ന് മാത്രം. 

ഇന്ന് രാവിലെ ബസില്‍ കേറിയപ്പോഴാണ് ശ്രദ്ധിച്ചത് , ബിനു.. അവളെ കുറച്ചുദിവസമായി കാണാനേയില്ലായിരുന്നു.   
ആരോ പറഞ്ഞിരുന്നു ... ബിനു ഈസ് നോട്ട് വെല്‍. ഒരേ ബസ്സില്‍ ദിവസവും യാത്ര ചെയ്തിട്ടും അവളുടെ ഫോണ്‍നമ്പര്‍ വാങ്ങാതിരുന്നത് മോശമായിപ്പോയി എന്ന് ഒരുവേള അപ്പോള്‍ ചിന്തിച്ചു പോയി. വല്ല പനിയോ  ചിക്കന്‍പോക്സോ   ആയിരിക്കുമെന്ന്  കരുതി, കുറെദിവസം കാണാതിരുന്നപ്പോള്‍. ട്രാന്‍സ്പോര്‍ട്ട് മാറിയിട്ടുണ്ടാകും അല്ലെങ്കില്‍ ഡ്യൂട്ടിടൈം മാറിയിട്ടുണ്ടാകും എന്നൊക്കെയായിരുന്നു മനസ്സില്‍. അല്ലെങ്കില്‍ തന്നെ തിരക്കിട്ട ഈ ജീവിതത്തില്‍  ആര്‍ക്കും മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ നേരമില്ലല്ലോ.



പക്ഷെ, ഇന്ന് ബിനു വീണ്ടും... അവളാകെ മാറിയിരിക്കുന്നു. പൂങ്കുലപോലെ ഭംഗിയായി സ്റ്റെപ് കട്ട് ചെയ്ത മുടി കനം കുറഞ്ഞു. പിന്നെയും എന്തൊക്കെയോ ... പക്ഷെ, അതൊക്കെ  മറക്കാനെന്നവണ്ണം ചുണ്ടിലെ ലിപ്സ്റ്റിക്കിനും മുഖത്തെ ചായത്തിനും കട്ടി കൂടിയിരിക്കുന്നു.
"ബിനൂ ..എവിടെയായിരുന്നു ഇത്രനാള്‍ " വല്ലാത്ത കൌതുകത്തോടെ ചോദിച്ചു. കുറെനാള്‍ കാണാതിരുന്നിട്ടും അന്വേഷിക്കാതിരുന്നതിന്റെ മുഴുവന്‍ ജാള്യതയും എനിക്കുണ്ട്. 
"നാട്ടിലൊന്നു പോയി " 
ഓ ..അതാണ്‌..നാട്ടില്‍പോയാല്‍ വെയിലും അവിടത്തെ ശുദ്ധവായുവും ഒക്കെയായി കുറച്ചൊന്നു കറുക്കാറുണ്ട് എല്ലാവരും..
"ന്തേ പെട്ടെന്ന് ..? വീടുപണി കഴിഞ്ഞോ ..?"
"ഇല്ല.." മോഹിപിക്കുന്ന ചിരിയോടെ അവള്‍ പറഞ്ഞു...
"അപ്പോഴേക്കുമല്ലേ കാലന്‍ കൊടിപിടിച്ചു അടുത്തെത്തിയത് ... കണ്ടില്ലേ ..എന്റെ മുടി ..എനിക്ക് കാന്‍സര്‍ ആയിരുന്നു.. എല്ലിനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍..."
ഇത്തവണ ഞെട്ടിപ്പോയത് ഞാനാണ്. വല്ലാത്ത ഒരു നിസ്സംഗതയോടെ ,അതിനുമപ്പുറം എന്നോട് ഒട്ടും സഹതാപം വേണ്ടെന്നു വളരെ ബോള്‍ഡ് ആയി പറയുന്ന മുഖം. 
ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. എങ്കിലും ഒരുപക്ഷെ നാളെ നേരംവെളുക്കണം  എന്നില്ല. അല്ലെങ്കില്‍ ഈ പോകുന്നപോക്കില്‍ ഞാന്‍ ഉറങ്ങിപോകാം... എന്നാലും ഈ പ്രഭാതങ്ങള്‍ക്ക് എന്ത് ഭംഗിയാണ് .. അല്ലെങ്കില്‍ തന്നെ അസുഖമുള്ള എനിക്കും ആരോഗ്യവതിയായ നിനക്കും സ്വന്തം കുഞ്ഞുങ്ങളെയും കുടുംബത്തെയും വിട്ടുപോകാന്‍  ദാ വരുന്ന ട്രെയിലര്‍ നമ്മുടെ വണ്ടിയിലൊന്ന് മുട്ടിയാല്‍ മതിയല്ലോ... എന്റെ മകള്‍.. അവളെ ഞാനെല്ലാം പഠിപ്പിക്കുന്നുണ്ട്. അമ്മയില്ലാതായാല്‍പോലും തനിയെ സ്കൂളിലേക്ക് ഒരുങ്ങാനും ഫുഡ്‌ കഴിക്കാനും വീട് വൃത്തിയാക്കാനും ..അങ്ങനെയെല്ലാം..ഏട്ടന് വേറെ ഭാര്യ വേണ്ടാന്നാ പറയുന്നേ..പക്ഷെ കുറേക്കാലം കഴിയുമ്പോള്‍  പേപ്പറിലൊക്കെ  കണ്ടിട്ടില്ലേ ..അച്ഛന്‍ മകളെ .. വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലംവന്നു...ഇപ്പോള്‍ അവള്‍ ഡാന്‍സിനൊപ്പം കരാട്ടെയും പഠിക്കുന്നുണ്ട്. ബിനുവിന്റെ വാക്കുകള്‍ നേര്‍ത്തുനേര്‍ത്ത് വന്നു. 

"നിനക്കറിയ്യോ ഇങ്ങനെയൊക്കെ ഉണ്ടാകണം ജീവിതത്തില്‍.. എന്നാലെ നമ്മളൊക്കെ   ഇന്നലെകളെ സ്നേഹിക്കൂ... ഇന്നുകളെ ആസ്വദിക്കൂ .."
അവളെനിക്കുമുന്നില്‍ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ തുറന്നിടുകയായിരുന്നു..ഞാന്‍ പ്രാര്‍ത്ഥിക്കാം ബിനൂ .. ഇനിയും കൊഞ്ചല്‍ വിട്ടുമാറാത്ത നിന്റെ അഞ്ചുവയസ്സുകാരി  മകള്‍ക്ക് നിന്നെ വേണം. പത്രങ്ങള്‍ പറയുന്നത് മുഴുവന്‍ കളവുകള്‍ ആയിരിക്കട്ടെ... അവളുടെ അരുമയായ വെളുത്ത മുഖമുള്ള വിടര്‍ന്ന കണ്ണുകളുള്ള ചുരുണ്ടമുടിക്കാരി മകള്‍ എനിക്ക് പെട്ടെന്ന് വല്ലാതെ പ്രിയപ്പെട്ടവളായി.

ബിനു വിടര്‍ന്നു ചിരിച്ചു .
ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാറില്ല. എന്തിനു സമയം കളയണം ..? ഒരുപാട് ഓവര്‍ടൈം ചെയ്യാനൊന്നും നമുക്ക് ഓര്‍ഡര്‍ ഇല്ലല്ലോ..അതുകൊണ്ട് ആം ട്രയിംഗ് ടു ബി പെര്‍ഫെക്റ്റ്‌...നിനക്കറിയുമോ ? ഞാനിപ്പോള്‍ അടിച്ചിരിക്കുന്ന വില കൂടിയ പെര്‍ഫ്യൂമിനപ്പുറം എന്നെ മരുന്ന് മണക്കുന്നുണ്ട്.  എന്റെ ഒപ്പം കിടന്നുറങ്ങാന്‍ സത്യത്തില്‍ ഏട്ടന് വിഷമമാണ് . എന്റെ മകള്‍..അവളിന്നും എന്നെ കെട്ടിപ്പിടിച്ചുറങ്ങുന്നു... നെടുവീര്‍പ്പുകളുണ്ടോ ബിനുവിന്...? 
അവളുടെ ഓഫീസിനു മുന്നില്‍ ബസ് നിന്നു. ചിരിച്ചുകൊണ്ട് കൈവീശി ഒട്ടൊരു കുസൃതിയോടെ അവളിറങ്ങിപ്പോയി. നോവുകള്‍ അവശേഷിച്ചത് എന്റെ നെഞ്ചിലാണ് ... വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലം വന്നു. ഇന്ന് പകല്‍ .. ഇത് പതുക്കെ നീറിക്കത്തിത്തുടങ്ങും. അവസാനം വെറും കരിപുരണ്ട ഇരുട്ട് .. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ...          

Wednesday, 20 February 2013

മാങ്ങാത്തിരകളില്‍ റികാര്‍ത്തോ പൌലാനോസ്


നാല്‍പ്പത്തിരണ്ടു വയസ്സ് കഴിഞ്ഞ റികാര്‍ത്തോ പൌലാനോസിനു എന്നും പറയാനുള്ളത് തന്റെ ശമ്പള വര്‍ധനവിനെ പറ്റിയാണ്. ഇന്നു കാലത്ത് വരുമ്പോള്‍ തന്നെ വണ്ടിയിലിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നു, ഇന്ന്  ആ ഫിലിപിനോ  വെകേഷന്‍ കഴിഞ്ഞു വരുമ്പോള്‍ അവന്റെ സിവില്‍ ഐ ഡി കയ്യില്‍ കൊടുത്തിട്ട് ഒരു അത്ഭുദം പോലെ വലിയ ഒരു ചിരി മുഖത്ത് പതിപ്പിച്ചു പറയാനുള്ള സന്തോഷ വര്‍ത്തമാനം. വന്നപാടെ ഒരു വലിയ കവര്‍ എനിക്ക് തന്നിട്ട് അവന്‍ പറഞ്ഞു.

" മാഡം ദിസ്‌ ഈസ്‌ ഫോര്‍ യു .."

തുറന്നു നോക്കിയപ്പോള്‍ ഫിലിപീന്‍സിന്റെ സ്പെഷ്യല്‍ മാങ്ങാ തിര. ഒരു കിലോയോളം ഉണ്ടായിരുന്നു. നന്ദി പറഞ്ഞിട്ട് സീറ്റിലേയ്ക്ക്  കൈചൂണ്ടി,  ഇരിക്കാന്‍ ..

അയാളുടെ ലീവ് ദിവസങ്ങളിലെ സന്തോഷങ്ങളെ പറ്റി, 2 ഭാര്യമാരെ പറ്റി അതിലുണ്ടായ 5 മക്കളെ പറ്റി ഒക്കെ ചോദിച്ചതിനു ശേഷം പറഞ്ഞു "നിങ്ങള്‍ക്ക്   ഞാന്‍ 50 ദിനാര്‍ കൂട്ടിയിരിക്കുന്നു, ബേസിക്  പേയില്‍  ... "
ഞാന്‍ വിചാരിച്ചത്, ഇതു കേട്ടാലുടന്‍ 2 ഭാര്യയും കൂട്ടുകാരികളും ഉള്ള ഫിലിപിനോ  സന്തോഷം കൊണ്ട് എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു നന്ദി പറയുമെന്നായിരുന്നു. എന്നാല്‍ വളരെ ശാന്തനായി അയാള്‍ പറഞ്ഞു..
" നോ മാം ദിസ്‌ ടൈം ആം നോട്ട് എലിജിബിള്‍ ഫോര്‍ ഇറ്റ്‌. "



കഴിഞ്ഞ 20 വര്‍ഷമായി അയാള്‍ ഇവിടെ ജോലി ചെയ്യുന്നു. കമ്പനിയുടെ പഴയ ആരോഗ്യനില അനുസരിച്ച് ശമ്പളം അധികമൊന്നും അയാള്‍ക്ക്‌ കൂട്ടിയിരുന്നില്ല. എന്നാല്‍ പച്ച പിടിച്ചു വരുന്നതിനു അനുസരിച്ച്, ചെറിയ തോതില്‍ കൂട്ടിയിട്ടുണ്ട് താനും.. എന്നും പരാതികളുടെ ഒരു കൂടാരമായിരുന്ന റികാര്‍ത്തോക്ക്  എന്ത് പറ്റി?

അയാള്‍ ഇന്‍ക്രിമെന്റ്റ് പേപ്പറില്‍ ഒപ്പിട്ടില്ല.

ഉച്ചക്കുള്ള ബ്രേക്കിനിടയില്‍ ഞാന്‍ അയാളുടെ CTP കാബിനിലേക്ക്‌ പോയി. അവിടെ മെഷീന്‍ ചൂടിനു ആനുപാതികമായി കൂട്ടിവെച്ച AC യുടെ തണുപ്പില്‍ വിറച്ചുകൊണ്ട്....

 എന്നാല്‍  തണുപ്പില്‍ നിന്നും രക്ഷപെടാന്‍ അവിടെയുള്ളവര്‍ ധരിക്കുന്ന യൂനിഫോം കോട്ടൊന്നും  ധരിക്കാതെകമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരിക്കുന്ന റികാര്‍ത്തോ ആ ലോകത്തല്ലായിരുന്നു. ..

" റികാര്‍ത്തോ.." മൃദുവായി വിളിച്ചുകൊണ്ടു അയാളുടെ തോളില്‍ കൈ വെച്ചു.

" ഐ കാന്റ് അഡ്ജസ്റ്റ് മാം..ഐ കാന്റ് ..."

"വാട്ട്‌ ഹപ്പെന്ഡ്   ?"

പതിനേഴുവയസ്സുള്ളപ്പോഴാണ് അയാള്‍ ആദ്യമായി ഒരു അച്ഛനാകുന്നത്.കൂട്ടുകാരി ക്രിസ്റ്റിനക്ക് അന്ന് 21 വയസ്സ്. അതിനെ ബാല്യത്തിന്റെ ചാപല്യം എന്ന്‌ വിളിക്കാനാണ്   അയാള്‍ക്കിഷ്ടം. ചൂടുള്ള അബോബോയില്‍ (പന്നിയുടെയോ ചിക്കെന്റെയോ സ്റ്റൂ) നൂഡില്‍സ് പെറുക്കിയിട്ടു കഴിക്കുന്നതിനിടയില്‍ അവള്‍ വന്നു പിന്നിലൂടെ പുണര്‍ന്ന നിമിഷം അയാള്‍ സ്വയം ഒരു പിതാവിന് പിറവി കൊടുത്തു... ഫിലിപിനോ പെണ്‍കുട്ടികള്‍ ബുദ്ധിമതികളാണ് . ചെറുപ്രായത്തില്‍ തന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരായിരിക്കുന്നു... അവളുടെ ,അല്ല അവന്റെ കൂടെ കുഞ്ഞിനു ചിലവിനു കൊടുക്കാന്‍ അവന്റെ സമ്പാദ്യം മതിയാവില്ല. അവള്‍ അവനെ ശല്യപ്പെടുതിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് അവന്‍ ഒരു ഏജന്‍സി വഴി കുവൈത്തില്‍ എത്തിയത്.  പിന്നെയും പടവുകള്‍ ചവുട്ടിക്കയറി  അവന്‍ അവന്റെ തുച്ഛമായ ശമ്പളം അവള്‍ക്കയച്ചുകൊണ്ടിരുന്നു. ചെലവ് കുറയ്ക്കാനാണ് റൂമില്‍ അവന്‍ അവന്റെ കൂട്ടുകാരിയായ ഫിലിപിനോ പെണ്ണിനെ കൂടി താമസിപിച്ചത്. ഒരു മുറിയില്‍ ഒരു ബെഡ് സ്പേസ് മാത്രമുള്ള മുറിയില്‍ അവരുടെ കാമനകളെ എങ്ങനെ ഒതുക്കിവെക്കാനാണ്? അങ്ങനെ അവന്‍ 20 മത്തെ വയസ്സിലും 22 മത്തെ വയസ്സിലും വീണ്ടും വീണ്ടും അച്ഛനായി. അവന്  ആദ്യത്തെ കണ്മണിയെ കാണാന്‍ തോന്നുമ്പോള്‍ കാര്‍ കമ്പനിയിലെ പര്‍ചേസ് മാനേജരുടെ സെക്രട്ടറിയായ അവള്‍ 2 വര്‍ഷത്തില്‍ ഒരിക്കല്‍ ടിക്കെറ്റെടുത്തു കൊടുത്തു. നാട്ടില്‍ പോകുമ്പോഴൊക്കെ അവനു അബോബോയും നൂഡില്‍സും കൊടുത്തു  ക്രിസ്റ്റിന വീണ്ടും പ്രസവിച്ചു. ഒരു പന്നിയുടെ ആസനത്തിലൂടെ കടത്തി, വായിലൂടെ പുറത്തുവന്ന മുളന്തടി തീയിനു മുകളില്‍ കത്തിച്ചു വെന്ത മാംസത്തിന്റെ മണം നുകര്‍ന്ന്, ആ പന്നിയെപോലെ അവന്‍ വിയര്‍ത്തു, രാത്രിയില്‍ കാര്‍ കമ്പനിയിലെ സെക്രട്ടറിയോടൊപ്പവും പകലുകളില്‍ പണി സ്ഥലത്തും. നന്ദിയുള്ള നായെ പോലെ ആണ് ഫിലിപിനോകള്‍ .. അവനോട്  കൂറുള്ള അവര്‍ക്ക് ടേസ്റ്റ് ഉള്ള ഭക്ഷണം കൊടുക്കുന്നവരോട് അവന്‍ എപ്പോഴും വാലാട്ടിക്കൊണ്ടിരിക്കും..

എന്നാല്‍ അവന്റെ രണ്ടു കുട്ടികളുടെ അമ്മയായ സെക്രട്ടറിപ്പെണ്ണ് അവളുടെ മാനേജരോടൊപ്പം സാമ്പോ ഡാന്‍സ് കളിക്കുന്നുണ്ടെന്ന അറിവ് അവനെ തളര്‍ത്തി. അങ്ങനെ കളിച്ചു കിട്ടുന്ന കാശ് കൊണ്ടാണ്  നിന്റെ ഭാര്യ  ക്രിസ്റ്റിന ആന്റി റിംഗ്ള്‍ ക്രീം തേക്കുന്നതെന്ന് അവളവനെ ബോധ്യപ്പെടുത്തിയപ്പോള്‍ മുതലാണ്‌ തന്റെ ശമ്പള വര്‍ധനവിന് വേണ്ടി അവന്‍ അധികാരികള്‍ക്ക് കത്തുകള്‍ കൊടുത്തു തുടങ്ങിയത്..ട്രമ്പെറ്റും ഡ്രംസും ഉറക്കെ കൊട്ടി ഒപ്പമുള്ള മക്കളും അതിനവനെ ആക്കം കൂട്ടികൊണ്ടിരിന്നു. എത്രയോ തവണ ഇതൊക്കെ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ഉണങ്ങിയ മാമ്പഴച്ചാറുപോലെ അവന്റെ മഞ്ഞച്ച മുഖമാട്ടി ഇന്ക്രിമെന്റ് പേപ്പര്‍ അവന്‍ തിരസ്കരിക്കുന്നു... ഇനിയിപ്പോള്‍ ഇവിടെ നിന്നും പുറത്തു ചാടാനുള്ള പ്ളാന്‍ ആണോ ദൈവമേ... അല്ലെങ്കില്‍ തന്നെ ആളുകള്‍ ഓരോന്നായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്..


"ടെല്‍ മി വാട്ട്‌ ഈസ്‌ ദി പ്രോബ്ളം ? "

ആളുകള്‍ തമാശ പറയുന്നു എന്ന് 12 വയസ്സ് മുതല്‍  മകള്‍ പരാതിപ്പെട്ടപ്പോഴക്കെ ക്രിസ്റ്റിന മകളോട് താക്കീതു കൊടുത്തിട്ടുണ്ടായിരുന്നു, ആ തമാശയും പെസോ (ഫിലിപ്പീനിലെ കറന്‍സി) ആക്കാന്‍ . മകള്‍ക്കങ്ങനെ പറ്റാത്തതുകൊണ്ട് 22 വയസ്സുള്ള മൂത്ത മകനോട്‌ അവള്‍ അച്ഛനോടൊപ്പം കുവൈറ്റിലോട്ടു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ 15 വയസ്സ് മാത്രമുള്ള തന്റെ പ്രണയിനിയെ ഒറ്റക്കാക്കി എവിടേക്കും പോകാന്‍ അവനിഷ്ടമല്ലായിരുന്നു. അച്ഛനില്ലെങ്കിലും ആ കുറവ് നികത്തിയ അച്ഛന്റെ ഏട്ടനോടൊപ്പം അവന്‍ താന്തോന്നിയായി  തന്നെ ഹോട്ടലുകളില്‍   ഹോട്ട് കാപ്സികം സ്ടു ഉണ്ടാക്കി നടന്നു.

 റികാര്‍ത്തോ ഞാനറിയാത്ത അവന്റെ പുതിയ കഥ പറഞ്ഞു തുടങ്ങി.

 മകന്‍ സ്റ്റു ഉണ്ടാക്കി ഫെയ് മസ് ആയപ്പോള്‍  അവന്‍ അവന്റെ 15 കാരി പെണ്‍കുട്ടിയെ വീട്ടിലേക്ക്  കൂട്ടികൊണ്ട് വന്നു.   റികാര്‍ത്തോയുടെ പ്രാരാബ്ദം കൂടി. ഓരോ വലെന്ടന്‍സ് ഡേ വരുമ്പോഴും ക്രിസ്റ്റിന ഉപയോഗിക്കുന്ന ക്രീമുകളും അങ്ങനെ കൂടുകയാണ്. കുവൈറ്റിലെ .ട്രമ്പെറ്റും ഡ്രംസും കൂടുതല്‍ ശബ്ദമുയര്‍ത്തി തുടങ്ങിയപ്പോള്‍ സങ്കടത്തോടെയെങ്കിലും  അവരെയും ഉപേക്ഷിച്ചു, പുതിയ പെണ്ണുങ്ങളെ തേടുകയെ റികാര്‍ത്തോക്ക് വഴിയുണ്ടായുള്ളൂ..അങ്ങനെയിരിക്കെ റികാര്‍ത്തോ ലീവിന് പോയ സമയത്ത്, ബാങ്ക് കാലിയായ ഒരു നിമിഷം, ക്രിസ്റ്റിന  മകളെ പറ്റി  തമാശ പറയുന്ന ആളുകളോട്  മകള്‍ക്ക് കിട്ടാനുള്ള  പെസോയെ കുറിച്ച് ചോദിച്ചതാണ് വഴിത്തിരിവ്. ആരുമില്ലാത്ത ഒരു നട്ടുച്ചയ്ക്ക് അവര്‍ മകളെ പതിയിരുന്നു വട്ടം പിടിച്ചു. പിന്നെ കണ്ടത് നിറയെ കറന്‍സികള്‍ ചിതറിക്കിടക്കുന്ന വഴിയോരത്ത് ജീവനറ്റു കിടക്കുന്ന മകളെ ... വാവിട്ടു നിലവിളിക്കുമ്പോള്‍ ക്രിസ്റ്റിനയുടെ മുഖത്ത് ക്രീമുകളോ പ്രായം തെളിയിച്ച ചുളിവുകളോ ഉണ്ടായിരുന്നില്ല. വേദനയുടെ അമ്മമഴ മാത്രം. ഏട്ടന്‍ മുളക് സ്റ്റു മുഖത്തും ദേഹം മുഴുവനും കോരിയൊഴിച്ചു... എന്നാല്‍ റികാര്‍ത്തോ.... അയാള്‍ ഫിലിപ്പീന്‍സിലെ  ഏറ്റവും നല്ല മധുരമുള്ള മാങ്ങകള്‍ മുഴുവന്‍ ചതച്ചു നീരാക്കി ഉണക്കാനിട്ടു. ഉണങ്ങിയ മാങ്ങാപ്പീലികള്‍ക്ക് മീതെ വീണ്ടും വീണ്ടും  പഴുത്തു കൊഴുത്ത മാങ്ങാചാര്‍ പുരട്ടി..പിന്നെ ഉണങ്ങിയ ആ മാങ്ങാ തിരകള്‍ എനിക്കായി ഭംഗിയില്‍ പായ്ക്ക് ചെയ്തു...

ഇനി എനിക്ക് ശമ്പളം കൂടുതല്‍ വേണ്ടെന്നു മഞ്ഞ മാങ്ങാനിറമുള്ള റികാര്‍ത്തോ തലയാട്ടി കൊണ്ട് പറഞ്ഞു...

Tuesday, 19 February 2013

ഓര്‍മ്മയുടെ ഗുല്‍മോഹര്‍


അവര്‍ നടന്നുകൊണ്ടേയിരുന്നു ...
വഴികളില്‍ ചുവന്ന ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ കൊഴിഞ്ഞു ഇതളുകള്‍ കരിഞ്ഞു വീണിരുന്നു..
ആ മരങ്ങളുടെ തണുപ്പിലൂടെ ഈറന്‍ മഴത്തുള്ളികള്‍ ഇടക്കിടെ അവന്റെ
 ഇളം മഞ്ഞ ഷര്‍ട്ടിനെ നനച്ചുകൊണ്ടിരുന്നു. .. ഗുല്‍മോഹര്‍ പ്രണയത്തിന്റെ
ഉഷ്നങ്ങളിലാണ്‌ വിരിയാറുള്ളത് ... അതിന്റെ ഉഷ്ണം പിന്നീടു പെയ്ത മഴയില്‍
തണുത്തതുപോലെയാണ് പെണ്‍കുട്ടിയുടെ മനസ്സ്. . അവനെ ചുറ്റി നിന്ന വലിയ കയത്തില്‍ നിന്നും അവനെ പൊക്കിയെടുത്തു ഉയര്‍ത്താന്‍ അവള്‍ പണിപ്പെട്ടിരുന്നു
എന്നത് ഒരു സത്യം.. അവന്റെ പ്രണയത്തിന്റെ ഉഷ്ണത്തെ നേരിടാന്‍ കഴിയാതെ
ഒരു പകപ്പോടെ അവനെ ഇടക്കിടെ അവള്‍ നോക്കി നിന്നു ..
അങ്ങനെ നില്‍ക്കുമ്പോഴൊക്കെ അവനില്‍ നിന്നും ഒരുപാട് അകലേക്ക്‌
അവള്‍ പിറന്തള്ളപെട്ടു കഴിഞ്ഞിരുന്നു..
ഒരു വേള അവന്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ദൂരെ ഒരു നിഴലു പോലെ അവള്‍ ...
കാര്‍മേഘങ്ങള്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു. ..
പിന്നെ അവനവളെ കാണാന്‍ കഴിഞ്ഞതെയില്ല..
വന്ന വഴിയെ പിന്തിരിഞ്ഞു പോകാന്‍ ആവാതെ കടുത്ത വിഷാദത്തില്‍ മുഴുകി
അവനവിടെ ഗുളികകള്‍ കഴിച്ചു കാത്തിരുന്നു.....

അവന്റെ ഉഷ്ണം താങ്ങാനാവാത്ത അവള്‍ പിന്നെ അവനെ പിന്തുടര്‍ന്നുമില്ല..
അവന്റെ വിഷാദം  ഒരു വല്ലാത്ത കുറ്റബോധമായി അവളെ മഥിച്ചുകൊണ്ടിരുന്നു.
എങ്കിലും അവള്‍ക്കവനെ പിന്തുടരാന്‍ നിര്‍വ്വാഹമില്ലായിരുന്നു..

ഭൂമി അതിന്റെ അച്ചുതണ്ടില്‍ കുറെ തിരിഞ്ഞു . പിന്നെ കിതച്ചു.
അങ്ങനെ നിന്നു പോയ ഒരു കാലത്തില്‍ അവര്‍ പരസ്പരം കണ്ടുമുട്ടി. ...
പക്ഷെ ഒരിക്കലും എത്തിപെടാനാവാത്ത വിധം രണ്ടു സമാന്തരരേഖകള്‍ 
പോലെ ആ ബന്ധം നീണ്ടു നീണ്ടു കിടന്നു. ..
അവള്‍ അവനോടു സോറി പറഞ്ഞു.
അവനവളോട് നന്ദിയും ...

പൂക്കാതിരിക്കാന്‍ ഗുല്‍മോഹറിനും പെയ്യാതിരിക്കാന്‍  മഴക്കും
കഴിയില്ലെന്നത്‌ തന്നെ സത്യം.
അതങ്ങനെ നീണ്ടു കിടക്കുന്നിടത്തോളം കാലം
ഓര്‍മ്മകള്‍ ഉണ്ടാകുക തന്നെ ചെയ്യും.

Monday, 18 February 2013

ഒരു സ് പോണ്‍സര്‍ഷിപ്പിന്റെ കഥ


ഞാന്‍ വെറും ഒരു കുട്ടി മാത്രമാണ് .. എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.ആരൊക്കെ  വേദനിപ്പിച്ചാലും എനിക്കാരുമില്ല. വെളിയില്‍ ഇറങ്ങി എവിടെയെങ്കിലും പോകാന്‍ ധൈര്യവുമില്ലായിരുന്നു ..എഴുതുമ്പോള്‍ സ്ലേറ്റില്‍ വെളുത്ത നിറമുള്ള നല്ല അക്ഷരങ്ങള്‍ തീര്‍ക്കുന്ന ചോക്ക് പെന്‍സിലുകളായിരുന്നു വേണ്ടിയിരുന്നത്. വില കുറഞ്ഞ കല്ലുപെന്‍സിലല്ല. എന്റെ മഞ്ഞ ഫ്രില്ലുവെച്ച ഉടുപ്പ് പോലെ വെള്ളയും നീലയും ഉടുപ്പുകളും കിടത്തിയാല്‍ കണ്ണടച്ചുറങ്ങുന്ന പാവക്കുഞ്ഞുങ്ങളുമാണ് വേണ്ടത്. അന്ന് ഇവിടെയെത്തിയപ്പോള്‍  എന്റെ അമ്മയെ പുലി പിടിച്ചുകൊണ്ടു പോകും എന്നത് കൊണ്ട് മാത്രമാണ് ടീച്ചറുടെ സാരി അഴിച്ചുകൊണ്ട് ഞാന്‍ ഓടിയത്. പിന്നെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടപ്പോള്‍ അലറിക്കരഞ്ഞു തളര്‍ന്നു വിങ്ങിയത്.. എനിക്കെന്റെ അമ്മയെ അത്രയ്ക്കിഷ്ടമയിരുന്നു..അമ്മയില്ലാതെ ഭയപ്പാടു കൊണ്ട്  ഞാനാകെ വിറച്ചിരുന്നു..

എന്നിട്ടും അമ്മയെന്നെ അനാഥാലയത്തിന്റെ മഞ്ഞച്ച കെട്ടിടങ്ങളിലേക്ക് തള്ളിവിട്ടതെന്തിനെന്നു  മാത്രം എനിക്ക് മനസ്സിലായില്ല. ചോക്ക് പെന്‍സില്‍ ഇനി വേണ്ട അമ്മേ എനിക്കമ്മയെ മതി. ഫ്രില്‍ വെച്ച ഉടുപ്പോ മിടായിയോ വേണ്ട അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നാല്‍ മതി. ആ ചുവന്ന മണ്ണില്‍ കിടന്നു അലറി കരഞ്ഞപ്പോഴൊക്കെ കനമുള്ള ചൂരല്‍ വടികള്‍ തുടയിലാഴ്ന്നു പതിച്ചു.. കണ്ണീരുണങ്ങാത്ത അമ്മയുടെ മുഖം മാത്രം മനസ്സില്‍ ....അല്ലെങ്കിലും ആര്‍ക്കും വേണ്ടാത്ത കുറെ ജല്പനങ്ങളിലേക്ക് ഈ ജന്മവും ഇനിയിവിടെ ചതഞ്ഞു ചേരണം...

രാവിലെ നാലുമണിക്ക് മുന്‍പേ  ഒരു ബെല്ലടിക്കും. കണ്ണ് തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും എഴുന്നേല്‍ക്കണം. കുളിക്കണം, ഇട്ടിരുന്ന ഡ്രസ്സ്‌ കഴുകണം. .. പിന്നെ പ്രാര്‍ത്ഥന..  ദൈവങ്ങളോട് വെറുപ്പ്‌ തോന്നിയാലും ഉറക്കെ ഉറക്കെ പാട്ടുകള്‍ പാടണം.. തുണിയിലെ വെളുപ്പ്‌ നിറം മഞ്ഞച്ചും ചുവന്നും വന്നു. സ്വന്തമായി തന്ന കുഞ്ഞു പാത്രത്തില്‍ അതിലും കുഞ്ഞു വട്ടത്തില്‍ മാത്രം ചോറും മഞ്ഞ നിറമുള്ള കറിയും..ഇനിയും വേണമെന്ന് ചോദിയ്ക്കാന്‍ വയ്യ. രൂക്ഷമായ പ്രതിനോട്ടാതെ നേരിടാന്‍ ഭയമായിരുന്നു.വൈകുന്നേരം പൂന്തോട്ടം നനക്കണം, പുല്ലു പറിക്കണം, പഠിക്കണം, പിന്നെ കുറച്ചു നേരം ടി വി കാണാം.. ഒന്നു കണ്ണടഞ്ഞു പോകുമ്പോഴേക്കും  വീണ്ടും ബെല്ലടിക്കും.എന്നെ വളര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇവിടുത്തെ സുന്ദരി അമ്മയെയും എനിക്ക് പേടിയാണ്.

ഇരുട്ടിനോട്‌ മാത്രം സ്നേഹം തോന്നാന്‍, ഒരു അഞ്ചുവയസ്സുകാരിക്ക്  ഈ കാരണങ്ങളൊക്കെ മതി.

ബാല്യത്തിനും  പ്രാരാബ്ധങ്ങള്‍ ഉണ്ട്.  ആ ചുഴികളില്‍ വീണുപോകുമ്പോള്‍ എന്റെ ഗദ്ഗദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ എനിക്ക് ഞാന്‍ മാത്രം... അപകര്‍ഷതാബോധം എന്നെ തീണ്ടി തിമിര്‍ക്കുകയാണ്‌. ഇടക്കൊക്കെ നല്ല നിറമുള്ള പൂക്കളുള്ള ഡ്രസ്സ്‌ ധരിച്ചു  സഹതാപത്തോടെ ആരൊക്കെയോ വന്നു. .. ചിലരൊക്കെ മുറ്റത്തെ പുല്ലു വലിക്കുകയായിരുന്ന എന്റെ തലയില്‍ തലോടി വല്ലാത്ത അലിവോടെ നോക്കി. ബിരിയാണിയോ പിന്നെ പേരറിയാത്ത എന്തൊക്കെയോ ഭക്ഷണങ്ങള്‍ വയറു നിറയെ കഴിക്കാന്‍ തന്നു എല്ലാവര്‍ക്കും.. പട്ടിണിയില്ലാത്ത ചില ദിവസങ്ങള്‍ ..



അങ്ങനൊരു ദിവസത്തിലാണ് അവര്‍ വന്നത്. വെള്ളനിറത്തില്‍ നിറയെ സൂര്യകാന്തിപൂക്കളുടെ ഭംഗിയുള്ള ഉടുപ്പിട്ട് എന്റെ അതെ പ്രായത്തില്‍ വെളുത്ത മുഖമുള്ള ഒരു പെണ്‍കുട്ടിയും അമ്മയും. .. അവരോടൊപ്പം ഒരു മുത്തശ്സന്‍ ... ആ മുത്തശ്സന്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പിടി വിടുന്നേയില്ല. ചുറ്റുമുള്ള ഓരോ കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി ഉമ്മവെചും മിഠായികൊടുത്തും ആ അമ്മ.. എന്റെ അമ്മയ്ക്കും ഇതേ മുഖമായിരുന്നോ?....കണ്ണ് നിറഞ്ഞത്‌ തുടക്കാന്‍ മറന്നു അവരെ തന്നെ നോക്കി നിന്നപ്പോള്‍ അവരെന്റെ അടുത്തെത്തി കെട്ടിപിടിച്ചു. ഉമ്മ വെച്ചു..

"എന്താ പേര്? " ചുവന്ന നിറമുള്ള ചുണ്ടുകള്‍ കൊണ്ട് ആ അമ്മ ചോദിച്ചു
"കുഞ്ഞി... " അവര്‍ ചിരിച്ചു.. പിന്നെ മുഴുത്ത ഒരു മിഠായി എന്റെ കയ്യില്‍ വെച്ചു തന്നു.
 " ആര്‍ക്കും കൊടുക്കേണ്ടാട്ടോ .. മോള്  കഴിച്ചോ.." മടിയോടെ അതിലേറെ അപകര്‍ഷതയോടെ വാങ്ങി. എന്റെ കയ്യില്‍ നിന്നും മിഠായി കിട്ടുമോ എന്ന് കൊതിച്ചുകള്ളി സ്മിത അടുത്തെത്തി.. അമ്മ അവള്‍ക്കും കൊടുത്തു മിഠായി...

പിന്നെ കനമുള്ള ഭക്ഷണ പാക്കെറ്റ് ഓരോ കയ്യിലേക്കും.. വെള്ള നിറമുള്ള ആ സുന്ദരിക്കുട്ടിയുടെ ഊഴമാണ്. അവളുടെ പിറന്നാള്‍ ആണ്. ഞങ്ങള്‍ക്കൊന്നും പിറന്നാളുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്? ഉണ്ടായിരുന്നെങ്കില്‍ തന്നെ എങ്ങനെ ഭക്ഷണ പാക്കെറ്റ് എവിടെ നിന്നും കിട്ടും? എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍ .......

ഇന്നിനി വേറെ ഭക്ഷണം വേണ്ട. രണ്ടു നേരവും കഴിക്കാനുള്ളതു ഇതിലുണ്ട്. കയ്യിലെ മിഠായി ഞാന്‍ എന്റെ പെട്ടിയില്‍ പുസ്തകങ്ങളുടെ അടിയില്‍ എടുത്തു വെച്ചു. അമ്മയുടെ മണമുള്ള ആ മിഠായി എനിക്ക് തിന്നാന്‍ വയ്യ.. മനസ്സ് നിറഞ്ഞു..
അവര്‍ പോകുന്നതിനു മുന്‍പ് ഒരു നോക്ക് കൂടെ കാണാന്‍ വേണ്ടി ഓടി വന്നു . ..

ആ അമ്മ എന്നെ അണച്ച് പിടിച്ചു.
"ക്കുഞ്ഞീ .."

"അവളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ ഗായത്രി എന്നാ പേരിട്ടത്. ഞങ്ങള്‍ അവളെ ഗായത്രി എന്ന് വിളിച്ചാലും അവള്‍ 'കുഞ്ഞി' എന്ന് തന്നെ പറയും.. " സൂപ്രണ്ട്  മാഡം പറഞ്ഞു.

"ഇവളെ ഞാന്‍ എടുത്തോട്ടെ" പെട്ടെന്ന് അമ്മ ചോദിച്ചു.. മനസ്സില്‍ സന്തോഷത്തിന്റെ തുള്ളിച്ചാട്ടം. എന്നെ, എന്നെ ഇവര് കൊണ്ടുപോകുമോ? ഈ വെളുത്ത പെണ്‍കുട്ടി എന്റെ കൂട്ടുകാരി ആയി ആ നല്ല അമ്മയുടെ കൂടെ... ഇവിടെ നിന്നും കുഞ്ഞു വാവകളെ ആളുകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു  കണ്ണീരോടെ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ പോയവര്‍ക്കൊന്നും വീണ്ടും ഇങ്ങോട്ട് തിരിച്ചു വരേണ്ടി വന്നിട്ടില്ല..എനിക്കും ഭാഗ്യമുണ്ടാകുമോ ?

അമ്മ തിരിഞ്ഞു ഓഫീസിനകത്തേക്ക് പോയി. അവിടെ അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്കറിയാന്‍ വയ്യ. ആ പെണ്‍കുട്ടിയുടെ പേര് നന്ദ എന്നാണെന്ന് ഞാന്‍ ചോദിച്ചു മനസ്സിലാക്കി. എന്റേത് പോലെ തന്നെ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു. എന്നേക്കാള്‍ നാണക്കാരി. എന്നാലും ഒരു പാവം.. അവള്‍ ഓടിപ്പോയി കാറില്‍ നിന്നും ഒരു കവര്‍ കൊണ്ടുവന്നു.
"എടുത്തോളൂ ......."
അത് വാങ്ങാന്‍ പാടില്ല. ഇതേ പോലെ കഴിഞ്ഞ പ്രാവശ്യം വന്ന കുഞ്ഞുവാവയുടെ കയ്യില്‍ നിന്നും വീണ കളിപ്പാട്ടം എടുത്തതിനാണ്  കള്ളിയെന്നു പറഞ്ഞു സുന്ദരിയമ്മ തല്ലിയത്..വീണു പോയതാണ് എന്നൊന്നും പറഞ്ഞിട്ട് കേട്ടതേയില്ല.

" മോളെ .." ആ അമ്മ ഓഫീസില്‍ നിന്നും തിരിച്ചു വരുന്നു. ഒപ്പം മുത്തശനും..
"ആഹാ. നീയതു ഗായത്രിക്ക് കൊടുത്തോ? "
ഞാന്‍ പേടിച്ചു പോയി..
"ഇതിവള്‍ എടുത്തോട്ടെ അമ്മേ.. " നന്ദ പറഞ്ഞു. "ഓക്കേ നീ എന്റെ മോളാണ്.. " അമ്മ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.

പിന്നെ എന്റെ അടുത്ത് വന്നു കൈകളില്‍ മുഖം കോരിയെടുത്തു .. മുടി മാടിയൊതുക്കി പറഞ്ഞു.
" നന്നായി പഠിക്കണം. ഇനി മുതല്‍ ഞാനാ നിന്നെ പഠിപ്പിക്കുന്നത്‌. നന്നായി പഠിച്ചു വലുതാകുമ്പോള്‍ ഞാന്‍ തന്നെ നിന്റെ  കല്യാണം നടത്തി തരാം കേട്ടോ . "

തിരിഞ്ഞു നോക്കി കൈകള്‍ വീശി അവര്‍ അകന്നു പോയി. പ്ളാസ്റ്റിക്ക് കൂടില്‍ എനിക്കുള്ള വില കൂടിയ ഉടുപ്പാണ്. എന്റെ കൂട്ടുകാരിയുടെ സമ്മാനം. അവളുടെ അമ്മയാണ് ഇനി എന്നെ പഠിപ്പിക്കുന്നത്‌. എന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇനി ആ  അമ്മക്ക് അയച്ചു കൊടുക്കണം....

പിന്നെയും ഒരിക്കല്‍ കൂടി അമ്മ വന്നു. എന്നോട് യാത്ര പറയാന്‍ .. കുവൈത്തിലേക്ക് പോകുകയാണ്. അമ്മയുടെ അമ്മക്ക് സുഖമില്ലാത്തത്‌ കൊണ്ടാണ് ഇത്രനാള്‍ കാണാന്‍ വരാതിരുന്നത് ത്രേ. അമ്മ വൈകുന്നേരം വരെ എന്നോടൊപ്പം ഇരുന്നു. ഒരുപാട് എന്തൊക്കെയോ പറഞ്ഞു. എന്റെ മനസ്സിലെ അപകര്‍ഷതാബോധം ഉരുകി ഇല്ലാതായി.. ഇടക്കൊക്കെ അമ്മ എന്നെക്കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് ഉമ്മ വെച്ച്..ഒരുപാട് ഡ്രെസ്സും പെന്‍സിലും ബുക്കുകളും ഒക്കെ ഉണ്ടായിരുന്നു എനിക്ക്. ഞാന്‍ എന്റെ കൂട്ടുകാരിയോടൊപ്പം കളിച്ചു. അവള്‍ എന്നോടൊപ്പം മാത്രമേ കളിച്ചുള്ളൂ.. കാരണം അവള്‍ എന്റെ സഹോദരിയത്രേ ...

എന്നാലും അവര്‍ പോകുകയാണ്. ഇനിയെന്നാണ് ഞാന്‍ എന്റെ അമ്മയെ കാണുക? എന്നെ ഇവിടേക്ക് തള്ളിവിട്ട എന്റെ അമ്മ മരിച്ചു പോയെന്നാണ് എല്ലാവരും പറയുന്നത്. എനിക്കിപ്പോ ഈ അമ്മയുണ്ട്‌. നന്ദയുണ്ട്. കുവൈത്തില്‍ ഞാന്‍ കാണാത്ത ഒരു അച്ഛനും.. അവരിനിയും വരും. എന്നെ കാണാന്‍ .. എന്റെ പിറന്നാളിന് സൂപ്രണ്ട്  മാഡം വിളിച്ചു പറഞ്ഞപ്പോള്‍ മുത്തശന്‍ വന്നിരുന്നു. അമ്മ എഴുതിയ കത്ത് വായിച്ചു തന്നു. ഇനി അക്ഷരമൊക്കെ നന്നായി പഠിച്ചിട്ടു എനിക്കും അമ്മക്ക് കത്തെഴുതണം. എന്നെയും കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ പറയണം... അമ്മ തന്ന ആ മിഠായി ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെന്‍സിലും പൂക്കളും ഉടുപ്പും എല്ലാം..എന്റെ അമ്മ തന്നതല്ലേ..

Friday, 15 February 2013

ചെമ്പകപ്പൂക്കളുടെ കാലം ...


ഒരു ദിവസം അച്ഛന്‍ വീട്ടിലേക്കു വന്നത് നാല് ചെമ്പകത്തൈകള്‍ കൊണ്ടായിരുന്നു. കൂട്ടുകാരൊക്കെ തരുന്ന ചെമ്പകപൂക്കള്‍ ഇതളുകള്‍ കൊഴിഞ്ഞിട്ടും ഞാന്‍ പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചു വെക്കുന്നത് അച്ഛന്‍ കണ്ടിട്ടുണ്ടാകണം. .. കുട്ടിക്കാലത്ത് എനിക്ക് സ്ഥിരമായി ചെമ്പകപൂക്കള്‍ കൊണ്ട് തരുന്നത് അനൂപ്‌ ആയിരുന്നു. കണ്ണുകള്‍ ഇടക്കിടെ ഇമ വെട്ടുന്ന ചിലപ്പോഴൊക്കെ ഇറുക്കി അടക്കുന്ന അനൂപിനെ എനിക്ക് ആദ്യമൊന്നും അത്ര ഇഷ്ടമല്ല. കറുത്ത എണ്ണ മിനുങ്ങുന്ന്ന അവന്റെ തൊക്കിനെ ആണ് എനിക്ക് ഇഷ്ടപെടാന്‍ പറ്റാതിരുന്നത്‌. പിന്നെ അവന്‍ ഇടക്കിടെ കണ്ണുകള്‍ ഇറുക്കി അടക്കുന്നത് കണ്ടപ്പോള്‍ ഒരു സംശയം. അവന്‍ എന്നെ സ്നേഹിക്കുന്നുണ്ടോ .... അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്. എനിക്ക് അവനെ സ്നേഹിക്കാന്‍ വയ്യ. എങ്കിലും അവന്റെ കണ്ണുകള്‍ വലുതാണ്. ഒരു കടലു പോലെ അതങ്ങനെ വലുതായി വന്നു. ഇടക്കിടെ അതു നിറഞ്ഞു. അവിടെ ഞാന്‍ ഒരു തിരമാല പോലെ.. ഇടക്കിടെ മിഴി അടയുമ്പോള്‍ ഞാനും അതിലൊഴുകി അകലേക്ക്‌ ഇരുട്ടിലേക്ക് .. മിഴികള്‍ അവന്‍ ഇറുക്കി അടക്കുമ്പോള്‍ അമ്മ എന്നെ ഉമ്മ വെക്കും പോലെ...




എന്റെ പുസ്ടകങ്ങള്‍ക്കിടയില്‍ ചെമ്പകപൂക്കള്‍ ഇതളുകള്‍ കറുത്ത് കരിഞ്ഞു നിറഞ്ഞു കൊണ്ടിരുന്നു .. ദിവസവും സൂചിപ്പിന്നുകള്‍ വീട്ടില്‍ നിന്നും കാണാതായി. ആ പിന്നുകള്‍ എന്റെ കയ്യില്‍ നിന്നും കാണാതാകുക പതിവായിരുന്നു. അല്ലെങ്കില്‍ തന്നെ കൂര്‍ത്ത പിന്നുകള്‍ സൂക്ഷിക്കാന്‍ ആ പ്രായത്തില്‍ എനിക്കാകുമായിരുന്നില്ല ..

അച്ഛന്‍ വെച്ച ചെമ്പക തൈകള്‍ വലുതായി..അതില്‍ ഏതു മരമാകും ആദ്യം പൂക്കുക? ഏറ്റവും പുഷ്ടിയോടെ വളര്‍ന്ന ഉമ്മറത്തെ ചെമ്പകമരത്തെ ഞാന്‍ സ്വന്തമാക്കി. കാത്തുകാത്തിരുന്ന് പൂവിനെ ഉമ്മ വെക്കാന്‍, ആദ്യം പറിച്ചു മുടിയില്‍ ചൂടാന്‍ കാത്തിരുന്ന പെണ്‍കുട്ടി അതു വരെ ആ ചെമ്പകത്തൈ മഞ്ഞ ആണെന്നാണ് കരുതിയത്‌. അവള്‍ ആഗ്രഹിച്ചത് പോലെ അതു ആദ്യം തന്നെ പൂത്തു. പക്ഷെ വെള്ള ചെമ്പകപൂ... എനിക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി. ...

പിന്നെ മറ്റുള്ള മരങ്ങളൊക്കെ ഓരോന്നായി പൂവിട്ടു തുടങ്ങി. ഏട്ടന്‍  വെച്ച മരത്തില്‍ മാത്രം മഞ്ഞ ചെമ്പകപൂക്കള്‍... വീട്ടില്‍ നിറയെ ചെമ്പകപൂക്കള്‍ ഉണ്ടായപ്പോള്‍ മുതല്‍ എന്റെ പുസ്ടകങ്ങള്‍ക്കിടയില്‍ ചെമ്പക ഇതളുകള്‍ കറുത്ത് കറുത്ത് ഇരിക്കാതെയായി. പകരം വീട് നിറയെ ചെമ്പക ഇതളുകള്‍ കറുത്ത് എനിക്ക് ചവിട്ടാനായി മാത്രം അലഞ്ഞു കിടന്നു.. പിന്നെ പിന്നെ ഞാന്‍ ചെമ്പകപൂക്കള്‍ വലിക്കാതെയായി.

ചെമ്പകപൂക്കള്‍ക്കൊപ്പം അനൂപും എന്റെ മനസ്സില്‍ നിന്നും പടിയിറങ്ങി പോയതു കൊണ്ടാകണം കാരണമൊന്നും കൂടാതെ മൂന്നു ചെമ്പകമരങ്ങള്‍ ഉണങ്ങി പോയതു. എന്നിട്ടും എന്റെ വെള്ള ചെമ്പക ചെടി നിറയെ പൂക്കള്‍പൊഴിച്ചു കുറെ കാലം അങ്ങനെ തന്നെ നിന്നു...

Tuesday, 12 February 2013

പ്രണയം, നിറമുള്ള കാലിയാഡ്ര പൂക്കളില്‍


മരിച്ചാലും മഞ്ഞുതുള്ളി പോലെ മനസ്സില്‍ സൂക്ഷിക്കുന്നതാണ് പ്രണയം ..ഒരു പെരുമഴയില്‍ മഞ്ഞുവീഴുന്നതിന്റെ മെത്തഡോളജി ഒരുപക്ഷെ ആര്‍ക്കും മനസ്സിലാവണംന്നില്ല പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. അതു പക്ഷെ അങ്ങനെയാണ്. എന്റെ കോളേജ് ദിനങ്ങളില്‍ ... ചുറ്റും കോട്ട പോലെ വളര്‍ന്നു നിന്ന കാലിയാഡ്ര മരങ്ങള്‍ സാക്ഷി. പൌഡര്‍ പഫ്ഫ്‌ പോലെ  നിറമുള്ള   ആ പൂക്കള്‍ സാക്ഷി..ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു.. 
നീയതറിഞ്ഞിരുന്നെങ്കിലും .......പറയാതെ ഞാന്‍ തന്നെ നഷ്ടപെടുത്തിയ എന്റെ പ്രണയത്തിന്റെ കുറ്റബോധങ്ങള്‍ക്ക് ഒരുപാട് അരക്ഷിതത്വങ്ങള്‍ നിറഞ്ഞ ഈ ജീവിതം സാക്ഷി. ഇനിയൊരിക്കലും ഒത്തുചേരില്ലെന്ന  നെടുവീര്‍പ്പുകള്‍ സാക്ഷി....

ഇതു ജീവിതമാണ്‌ .. ആഗ്രഹിച്ചതു മുഴുവന്‍ സ്വന്തമായാല്‍ നമ്മളും ദൈവങ്ങളും തമ്മിലെന്തു വ്യത്യാസം? 

അവന്റെ  നരച്ച ജീന്‍സ് പാന്റും പാറിപറന്ന മുടിയും  NSS  ക്യാമ്പിന്റെ ചാറല്‍ മഴയുടെ പകലുകളും..  ചൊടികളില്‍ വല്ലാത്ത ഒരു പൊസ്സിറ്റീവ് എനെര്‍ജി നിറച്ചു അവന്‍ ഓടിനടന്നു. വെറും 16 വയസ്സുകാരി പെണ്‍കുട്ടിക്ക്  ഒരു വലിയ കൈകുമ്പിള്‍ നിറയെ മധുരമുള്ള കവിതകള്‍ നിറച്ചു കൊടുത്തു... അരയിഞ്ചു വട്ടത്തില്‍  രണ്ടിഞ്ചു നീളത്തില്‍ ആര്‍ത്തു കോര്‍ത്ത മുള്ളിന്റെ വേദന ആരും കണ്ടില്ല.. എന്റെ ഹൃദയത്തില്‍ നിന്നൂര്‍ന്നിറങ്ങിയ ചോര അവന്റെ കാല്‍പാടുകളിലൂടെ കാമ്പസ് നിറച്ചു. മറ്റൊരു പെണ്‍കുട്ടിയുടെ ഇളം പച്ച നിറമുള്ള യുണിഫോമിന്റെ ബാക്കില്‍   അതങ്ങനെ കറ പിടിച്ചുകിടന്നു.


പ്രിയ വാലന്‍ന്റൈന്‍ നീ വീണ്ടും ഫെബ്രുവരികളില്‍ ബഹളം വെക്കുന്നുവോ? അവന്‍ നീയല്ലെന്നു കരുതാന്‍ ഇനിയെനിക്കു  നിര്‍വാഹമില്ല... കാരണം  ഒരു നാള്‍ പ്രണയത്തിന്റെ രക്തസാക്ഷിത്വം സ്വയം വരിച്ചുകൊണ്ട് അവന്‍ മുംബൈയിലേക്ക് നാട് വിട്ടുപോയി.. ഒരിക്കലും തിരിച്ചു വരാതെ.. കഥ അവിടെ ആരംഭിക്കുകയാണ്... 

അല്ലെങ്കിലും കിളികള്‍ പറന്നകലുമ്പോഴാണല്ലോ അവയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറന്നതു ഞാനറിയാറ്..എന്നാലും അങ്ങനെ പറത്തിവിടാന്‍ പറ്റുമോ? 

പ്രണയം ഉള്ളിനെ മഥിച്ചുകൊണ്ടിരുന്നു..  വവ്വാലുകള്‍ കൂട്ടത്തോടെ കൂടുകൂട്ടിയ തുരുത്തില്‍ ആരോ ഒരു പടക്കം കത്തി ച്ചെറിഞ്ഞപോലെ വ്യഥകള്‍ മനസ്സില്‍ നിന്നും പറന്നു പൊങ്ങി.

ഓരോ മുഖങ്ങളും അവനെന്നു കരുതി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന് ആധി തുടങ്ങിയത്. പിന്നെ കാത്തിരിക്കാന്‍ സമയമില്ലായിരുന്നു. വരുന്ന വഴികളിലെ നെല്ക്കതിരിനെ ചുറ്റി പറക്കുന്ന കാറ്റിനോട് മുംബൈയിലേക്കുള്ള വഴി ചോദിച്ചു .. അറിയില്ലെന്ന്  പറഞ്ഞു പോയ കാറ്റ് ഒരു മാത്ര കഴിഞ്ഞപ്പോള്‍ തിരിഞ്ഞു വന്നു എന്നെയും പൊക്കിയെടുത്തു കൊണ്ട് പറന്നു. മുംബൈയിലേക്ക്.. അവിടെ ഒരു തീവണ്ടി നിന്ന നേരത്ത് വഴിയാത്രക്കാരനോട് ചോദിച്ചു നിനക്കറിയാമോ അവന്റെ പേര്? ഒന്ന് അന്ധാളിച്ചു നിന്ന് അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, "അറിയാം.."

പിന്നീടൊന്നും ചോദിക്കാതെ എന്‍റെ കൈ കവര്‍ന്നെടുത്തു  അയാള്‍ വേഗത്തില്‍ നടന്നു. ഒപ്പമെത്താന്‍ ഓടുകയെ വഴിയുള്ളൂ ..സമയം ഇരുട്ടിത്തുടങ്ങിയിരുന്നു.....
രാത്രിയില്‍ ഒരാളെ അവനെനിക്ക് കൂട്ടുവിട്ടു. വല്ലാതെ വേദനിപ്പിച്ചു അവനെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, എന്‍റെ പ്രണയം അവനോടെന്നു പറയാന്‍ .. .. . .. പക്ഷെ എത്ര വേദനിപ്പിച്ചാലും നിന്നെ മറന്നു ഞാനെങ്ങനെ നുണ പറയും?
 ഇതല്ല...... ഇതല്ല..
നരച്ച ജീന്‍സ് പാന്റുകള്‍ പലതും മാറി മാറി അയാള്‍ എനിക്ക് കാട്ടിത്തന്നു. ശരീരം കുഴഞ്ഞു , കഴിക്കാന്‍ വഴുവഴുക്കെ വെള്ളവും ചോറും .. എന്‍റെ കണ്ണുകളില്‍ കൊടിയ ഇരുട്ടുമാത്രം.. എന്നിട്ടും ഞാനറിഞ്ഞു അവസാനം അവന്‍  വന്നത്. ഒട്ടൊരു ആശ്ചര്യത്തോടെ..എന്‍റെ കവിളുകള്‍ അവന്റെ കൈകളില്‍ കോരിയെടുത്തു ചോദിച്ചു."നിന്നെ ഞാനെവിടെയോ കണ്ടിട്ടുണ്ട്.. " 


" നീയെന്നെ അറിയില്ല.............?"


ഇവിടെ അമ്പാടിയില്‍ ഒരു കോണിലരിയ മണ്‍ കുടിലിലുരുകുമൊരു പാവം .. കൃഷ്ണാ നീയെന്നെയറിയില്ല?.. സുഗതകുമാരി പാടിയത് ഓര്‍മ്മ വന്നു.

 കൃഷ്ണനെ കണ്ടില്ലെന്നു വെച്ച് അല്ലെങ്കില്‍  മറന്നുപോയെന്നുവെച്ച്   ഒരു ഗോപികയും അവനെ പ്രേമിക്കാതിരുന്നിട്ടില്ല. അവനു മുന്നില്‍ വിളക്ക് കൊളുത്തിവെച്ചു പരാതി പറയാതിരുന്നിട്ടില്ല... അവനൊരു പാട്ടുകേട്ട് തിരികെ വന്നു പ്രണയിക്കുമായിരിക്കും എന്നാഗ്രഹിക്കുവാനെ നിവൃത്തിയുള്ളൂ. പരാതികളും പാട്ടും വീണ്ടും വീണ്ടും ശല്യപെടുതിയപ്പോള്‍ അവനൊന്നും മിണ്ടാതെ ഇറങ്ങിപോയി..ഒപ്പം ഞാനും.. അയാളെ കാട്ടിതന്ന വഴിയാത്രക്കാരനോട് യാത്ര പറയേണ്ട ആവശ്യമില്ലായിരുന്നു.  പിറകില്‍ നിന്നു കൈ വീശികൊണ്ട് അയാളും ചിരിച്ചു. .. ഒരു പെണ്‍കുട്ടിയുടെ പ്രണയം സഫലമാക്കിയതോര്‍ത്തു..

Thursday, 7 February 2013

മഴയില്‍ മായ്യ്ക്കപ്പെടുന്നത് .....


ഓര്‍മ്മകള്‍ ചുട്ടു പൊള്ളിക്കുന്ന കണ്ണുനീരിനു കടുത്ത ഉപ്പുരുചി ഉണ്ടെന്നും, തൊണ്ടയില്‍ തന്നെ കുരുക്കപെടുന്ന നിലവിളികള്‍ക്ക് ചോര ചിന്തുന്നതിനെക്കാള്‍ വേദനയുണ്ടെന്നും പതിനൊന്ന് വയസ്സിനുള്ളില്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു..  ആകെ തളര്‍ന്ന ഈ  കണ്ണുകളില്‍ നിന്നാണ്  അന്ന്   ഓരോ മഴത്തുള്ളികളും ഉതിര്‍ന്നു വീണത്‌ . വീണ്ടും  ഈ മഴവെള്ളപ്പാച്ചിലില്‍ ഓര്‍മകള്‍ക്ക് തീ പിടിക്കുമോ? 

"ഞാന്‍ മാത്രമേ കണ്ടുള്ളൂ "
"ഞാന്‍ മാത്രമേ കണ്ടുള്ളൂ"  ഭയം കൊണ്ടു വിറയ്ക്കുന്ന ശരീരം ചുമരിനോട് ചേര്‍ത്ത് വെച്ച്  അവള്‍ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു .

അന്നും പതിവുപോലെ ട്യൂഷന്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങിയതാണ്. നീണ്ട വയലേലകള്‍ ക്കിടയിലൂടെ ഒരുപാടു ദൂരം നടക്കാനുണ്ട് വീട്ടിലേക്കു. ഇന്നു മഴയായതുകൊണ്ടാകാം വഴിയിലൊന്നും  ആരുമില്ല. സ്കൂളില്‍ അഅസംബ്ളിക്ക്   നില്‍ക്കുന്നതുപോലെ തെങ്ങുകള്‍ . തവളക്കണ്ണന്‍മാര്‍    ഉറക്കെ പാടുന്നുണ്ട്. ഒരിക്കല്‍ അമ്മമ്മ പറഞ്ഞിരുന്നു, ഇങ്ങനെ  ഇടക്കിടെ പെയ്യുന്ന കര്‍ക്കിടക മാസത്തിലാണ് തവളകള്‍ കല്യാണം കഴിക്കുന്നത്‌. ... ഉച്ചിയില്‍ മഴ വീഴുമ്പോള്‍ കറുകപ്പുല്ലിന്റെ    മാലയിട്ട് പെണ്ണുങ്ങള്‍ ഇഷ്ടപെട്ടവനെ വരിക്കും. ആ സമയം   ഉച്ചത്തില്‍ കൈകൊട്ടി പാട്ടുപാടുന്ന തവളകള്‍ക്കിടയിലേക്ക്  ഒട്ടൊരു അസൂയയോടെ .കല്യാണം കഴിക്കാത്ത പാമ്പുകളും വരാറുണ്ട്.   ആഘോഷ വേളകളെ കലുഷിതമാക്കാന്‍  .. . .അതു കൊണ്ടാവും മഴക്കാലത്ത്‌ കൂടുതല്‍ ആളുകളെ പാമ്പ് കടിക്കുന്നത്.  ഒട്ടൊരു ഭയം തോന്നിയിരുന്നു. പക്ഷെ ഒരുപാടു ദൂരം ഇനിയും പോകേണ്ടതുണ്ട്. ..


                                                       

വയലുകള്‍ക്കിടയിലെ തോട്ടിലൂടെ മഴവെള്ളം നുരഞ്ഞു പതഞ്ഞു ച്ചുഴികളുമായി ആര്‍ത്തോഴുകി.ആ തോടിനു മുകളിലെ തെങ്ങിന്‍ തടിപാലം ഇളകുന്നുണ്ട് ..ആരെങ്കിലുമുണ്ടോ ഒന്ന് സഹായിക്കാന്‍ ? ആ പാലത്തിലേക്ക് കേറാന്‍ അവള്‍ക്കു ഭയമായി. പതഞ്ഞു വന്ന വെള്ളചുഴികളില്‍ മഴ വീണ്ടും ചാറിത്തുടങ്ങിയിരുന്നു .നീര്‍ക്കോലികള്‍ വായ തുറന്നു വെള്ളത്തിലൂടെ ഓടി നടക്കുന്നു. ആകെ പേടിച്ചു വിറച്ചുകൊണ്ട്  അവള്‍ അവിടെ തളര്‍ന്നിരുന്നു. ചുറ്റും നോക്കി. അതാ. പാടവരമ്പിലെ കുടിലില്‍ നിന്നും ഒരു ചേച്ചി തന്‍റെ നടന്നുതുടങ്ങിയ കുഞ്ഞിനേം കൊണ്ടു പുറത്തേക്കു വരുന്നു. അല്പം ആശ്വാസമായി. ആ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം. മഴയിലേക്ക്‌ നീളുന്ന കൈകള്‍... പെട്ടെന്ന്, പെട്ടെന്നവര്‍ ആ  കുഞ്ഞിനെ തോട്ടിലേക്ക് ആഞ്ഞു തള്ളി.  പിന്നെ വളരെ  വേഗം  കുടിലിനകത്തേക്ക് കയറിപോയി...ഒന്ന് തിരിഞ്ഞുനോക്കാതെ ... സ്വപ്നമാണോ?  


"അമ്മേ അമ്മേ .." കുഞ്ഞു വെള്ളത്തിലേക്ക്‌ വീഴപെട്ടു കഴിഞ്ഞു .. .അതിന്റെ തടിച്ച കുഞ്ഞുകൈകള്‍ വെള്ളത്തില്‍ ഉയര്‍ന്നും പൊങ്ങിയും ചുഴികളില്‍ ഒന്നുതിരിഞ്ഞു.. കുഞ്ഞുമുഖം ഉയര്‍ന്നു പൊങ്ങി അമ്മയെ തിരഞ്ഞു.. പിന്നെ അതിവേഗം തന്നെ വേണ്ടാത്ത അമ്മയെ വിട്ടു മഴവെള്ളപ്പാച്ചിലിനൊപ്പം ... തവളപ്പാട്ടില്‍ കുഞ്ഞിന്റെ തേങ്ങല്‍ ..പിന്നാലെ പായുന്ന നീര്‍ക്കോലികള്‍ ..
  എങ്ങനെയാണു വീട്ടിലെക്കെതിയത്? ഉമ്മറപ്പടിയില്‍ അമ്മ കാത്തുനില്‍ക്കുന്നു. .. "നിന്റെ കുടയെവിടെ? "  അപ്പോഴാണ് കുട അവിടെ തോട്ടുവക്കില്‍ നഷ്ടപ്പെട്ട  ഓര്‍മ വന്നത്. "ഇതെത്രാമത്തെ കുടയാ ?" അമ്മയുടെ കൈകള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി പുറത്തും കാലുകളിലുമോക്കെ വീണു. വേദന നെഞ്ചിലായിരുന്നു..കലിയുറഞ്ഞു നില്‍ക്കുന്ന അമ്മയോട് ആ കുഞ്ഞിനെ രക്ഷിക്കാന്‍ പറയാന്‍ വയ്യ...

വാ പിളര്‍ന്ന നീര്‍ക്കോലികള്‍ക്ക്‌ മ്നുന്നില്‍ വെള്ളത്തില്‍ ചീര്‍ത്ത കുഞ്ഞിന്റെ തേങ്ങുന്ന മുഖം.. കണ്ണുകള്‍ പൊത്തിപിടിച്ച്‌ പേടിച്ചു അമ്മയെ വിളിച്ചു വെള്ളത്തിലൂടെ ഒഴുകുന്ന നിസ്സഹായതയുടെ ഓമനത്തെ കണ്ടു ഇടക്കിടെ ഞെട്ടിയുണര്‍ന്നു. 

പിറ്റേന്ന് ആളുകള്‍ പരസ്പരം മൂക്കത്ത് വിരല്‍ വെച്ചു ഉറക്കെപ്പറഞ്ഞു പാടത്തെ കുടിലിലെ വേശ്യയുടെ മകള്‍ മഴവെള്ളത്തില്‍ ഒലിച്ചുപോയി..
"കാലു വഴുക്കി വീണതാ ത്രെ... കര്‍മഫലം .."
"അയ്യോ എന്റെ മകള്‍ എന്നും ആ വഴിയിലൂടെയാ .. ഇനി മഴ മാറും വരെ അവള്‍ ട്യൂഷനു പോകണ്ട .." അമ്മ പറയുന്നു. 

എനിക്കറിയാം സത്യം.. ഉറക്കെ വിളിച്ചുകൂവണം ന്നുണ്ട്. പക്ഷെ.. കുറേക്കാലങ്ങളായി എനിയ്ക്കാ ചേച്ചിയെ അറിയാമായിരുന്നു. എത്രയെത്ര വട്ടമാണ് ആരുമില്ലാത്തപ്പോള്‍ ആ പാലം കടന്നുകിട്ടാന്‍ അവരെന്നെ സഹായിച്ചിട്ടുള്ളത്. എത്രയെത്ര നെല്ലിക്കയും വറുത്ത പുളിങ്കുരുവുമാണ് അവരെനിക്കു പുഞ്ചിരിയോടെ തന്നിട്ടുള്ളത് .  വൈകുന്നേരങ്ങളിലെ വയലേലകള്ക്കിടയിലെ    കനത്ത നിശബ്ദതയെ അവരുടെ പതിഞ്ഞ ശബ്ദത്തിലെ പാട്ടുകളാണ് കാറ്റായ്‌ വന്നു വകഞ്ഞുമാറ്റിയതു ..... എങ്കിലും...

വീട്ടില്‍ നിന്നും നോക്കുമ്പോള്‍ ദൂരെ തോട്ടുവക്കില്‍ നിന്നും പുക ഉയരുന്നുണ്ട്. ആരും ഉണ്ടായില്ലത്രേ. വേശ്യയുടെ വീട്ടില്‍ മരണം നടന്നാലും ആര്‍ക്കും തിരിഞ്ഞുനോക്കാന്‍ വയ്യ. അന്നും ഇരുട്ടിന്റെ മറവില്‍ ആളുകള്‍ അവളുടെ കുടിലിനു ചുറ്റി കടന്നുപോകും..അവിടെ ഒരു കുഞ്ഞിന്റെ കൊഞ്ചല്‍   കേള്‍ക്കാന്‍ പാടില്ല.  തൊട്ടിലില്‍  നിന്നും ഇഴഞ്ഞിറങ്ങുമ്പോള്‍    മുതല്‍ കുഞ്ഞുങ്ങള്‍ ബാധ്യതയാണ്‌ ..പെണ്‍കുഞ്ഞുങ്ങളെങ്കില്‍ വീണ്ടും വംശം മുടിയുന്നത് കണ്ടു അമ്മക്ക് ചങ്കു പൊട്ടും.... വേശ്യകളെങ്കില്‍  അങ്ങനെയത്രെ..

Sunday, 3 February 2013

പുഴകള്‍ ഉണ്ടാകുന്നത്



മഴയെ തൊട്ടുരുമ്മി കൊണ്ടുള്ള  യാത്ര അവസാനിക്കാതെയിരിക്കട്ടെആകെ ഇരുണ്ട ആകാശത്ത്  ഇനിയും സൂര്യനുദിക്കാതിരുന്നെങ്കില്‍ .. മഴയിലേക്ക് നീട്ടിയ കൈകളില്‍ തണുപ്പിന്റെ  തന്ത്രി മീട്ടിഅതിലൊരു ഹിമബിന്ദുപോലെ ഞാനും വീണലിഞ്ഞില്ലാതെയാകുന്ന നിമിഷം വന്നെത്തുമെന്നു  മഴ തന്നെ പാടിപറഞ്ഞുഇനി രാത്രിമഴയ്ക്ക്  കരഞ്ഞു ശുദ്ധയാകാന്‍ കുറച്ചു മണിക്കൂറുകള്‍ ബാക്കിയുണ്ട് ...  മണിക്കൂറുകള്‍ മതി എനിക്കു നിന്നിലേക്കണയുവാന്.. നിലാവു തെളിച്ചു നീ അവിടെ തന്നെ നില്ക്കുക.

മഴയൊഴുകുന്ന വഴികളിലൂടെ നിന്റെ കൈ  ചേര്‍ത്തുപിടിച്ചുകൊണ്ട് എനിക്കു നടക്കണം. നമ്മുടെ വഴികളില്‍ നിറയെ മഞ്ഞ നിറമുള്ള അരളിപ്പൂക്കള്‍ വീണു കിടക്കുന്നുണ്ടാകും. അവയിലൊന്നും ചവിട്ടാതെ, വീണ പൂക്കളെ ഞെരിക്കാതെ നടക്കുന്നതു എളുപ്പമല്ല. എങ്കിലും നിന്റെ കാലുകളില്‍ എന്റെ പാദങ്ങള്‍‍  ചേര്‍ത്തുവെച്ചു മഴക്കാറ്റില്‍ ആടുന്ന മുടിയിഴകളില്‍‍  വിരല്‍ ചേര്‍ത്തുവെച്ചു ഞാന്‍ വരുന്നുണ്ട്. എന്റെ പ്രണയത്തിന്റെ മറ പറ്റി ... മഴയിലാണ് പുഴകള്‍ ഉണ്ടാകുന്നത്.