Wednesday 20 February 2013

മാങ്ങാത്തിരകളില്‍ റികാര്‍ത്തോ പൌലാനോസ്


നാല്‍പ്പത്തിരണ്ടു വയസ്സ് കഴിഞ്ഞ റികാര്‍ത്തോ പൌലാനോസിനു എന്നും പറയാനുള്ളത് തന്റെ ശമ്പള വര്‍ധനവിനെ പറ്റിയാണ്. ഇന്നു കാലത്ത് വരുമ്പോള്‍ തന്നെ വണ്ടിയിലിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നു, ഇന്ന്  ആ ഫിലിപിനോ  വെകേഷന്‍ കഴിഞ്ഞു വരുമ്പോള്‍ അവന്റെ സിവില്‍ ഐ ഡി കയ്യില്‍ കൊടുത്തിട്ട് ഒരു അത്ഭുദം പോലെ വലിയ ഒരു ചിരി മുഖത്ത് പതിപ്പിച്ചു പറയാനുള്ള സന്തോഷ വര്‍ത്തമാനം. വന്നപാടെ ഒരു വലിയ കവര്‍ എനിക്ക് തന്നിട്ട് അവന്‍ പറഞ്ഞു.

" മാഡം ദിസ്‌ ഈസ്‌ ഫോര്‍ യു .."

തുറന്നു നോക്കിയപ്പോള്‍ ഫിലിപീന്‍സിന്റെ സ്പെഷ്യല്‍ മാങ്ങാ തിര. ഒരു കിലോയോളം ഉണ്ടായിരുന്നു. നന്ദി പറഞ്ഞിട്ട് സീറ്റിലേയ്ക്ക്  കൈചൂണ്ടി,  ഇരിക്കാന്‍ ..

അയാളുടെ ലീവ് ദിവസങ്ങളിലെ സന്തോഷങ്ങളെ പറ്റി, 2 ഭാര്യമാരെ പറ്റി അതിലുണ്ടായ 5 മക്കളെ പറ്റി ഒക്കെ ചോദിച്ചതിനു ശേഷം പറഞ്ഞു "നിങ്ങള്‍ക്ക്   ഞാന്‍ 50 ദിനാര്‍ കൂട്ടിയിരിക്കുന്നു, ബേസിക്  പേയില്‍  ... "
ഞാന്‍ വിചാരിച്ചത്, ഇതു കേട്ടാലുടന്‍ 2 ഭാര്യയും കൂട്ടുകാരികളും ഉള്ള ഫിലിപിനോ  സന്തോഷം കൊണ്ട് എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു നന്ദി പറയുമെന്നായിരുന്നു. എന്നാല്‍ വളരെ ശാന്തനായി അയാള്‍ പറഞ്ഞു..
" നോ മാം ദിസ്‌ ടൈം ആം നോട്ട് എലിജിബിള്‍ ഫോര്‍ ഇറ്റ്‌. "



കഴിഞ്ഞ 20 വര്‍ഷമായി അയാള്‍ ഇവിടെ ജോലി ചെയ്യുന്നു. കമ്പനിയുടെ പഴയ ആരോഗ്യനില അനുസരിച്ച് ശമ്പളം അധികമൊന്നും അയാള്‍ക്ക്‌ കൂട്ടിയിരുന്നില്ല. എന്നാല്‍ പച്ച പിടിച്ചു വരുന്നതിനു അനുസരിച്ച്, ചെറിയ തോതില്‍ കൂട്ടിയിട്ടുണ്ട് താനും.. എന്നും പരാതികളുടെ ഒരു കൂടാരമായിരുന്ന റികാര്‍ത്തോക്ക്  എന്ത് പറ്റി?

അയാള്‍ ഇന്‍ക്രിമെന്റ്റ് പേപ്പറില്‍ ഒപ്പിട്ടില്ല.

ഉച്ചക്കുള്ള ബ്രേക്കിനിടയില്‍ ഞാന്‍ അയാളുടെ CTP കാബിനിലേക്ക്‌ പോയി. അവിടെ മെഷീന്‍ ചൂടിനു ആനുപാതികമായി കൂട്ടിവെച്ച AC യുടെ തണുപ്പില്‍ വിറച്ചുകൊണ്ട്....

 എന്നാല്‍  തണുപ്പില്‍ നിന്നും രക്ഷപെടാന്‍ അവിടെയുള്ളവര്‍ ധരിക്കുന്ന യൂനിഫോം കോട്ടൊന്നും  ധരിക്കാതെകമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരിക്കുന്ന റികാര്‍ത്തോ ആ ലോകത്തല്ലായിരുന്നു. ..

" റികാര്‍ത്തോ.." മൃദുവായി വിളിച്ചുകൊണ്ടു അയാളുടെ തോളില്‍ കൈ വെച്ചു.

" ഐ കാന്റ് അഡ്ജസ്റ്റ് മാം..ഐ കാന്റ് ..."

"വാട്ട്‌ ഹപ്പെന്ഡ്   ?"

പതിനേഴുവയസ്സുള്ളപ്പോഴാണ് അയാള്‍ ആദ്യമായി ഒരു അച്ഛനാകുന്നത്.കൂട്ടുകാരി ക്രിസ്റ്റിനക്ക് അന്ന് 21 വയസ്സ്. അതിനെ ബാല്യത്തിന്റെ ചാപല്യം എന്ന്‌ വിളിക്കാനാണ്   അയാള്‍ക്കിഷ്ടം. ചൂടുള്ള അബോബോയില്‍ (പന്നിയുടെയോ ചിക്കെന്റെയോ സ്റ്റൂ) നൂഡില്‍സ് പെറുക്കിയിട്ടു കഴിക്കുന്നതിനിടയില്‍ അവള്‍ വന്നു പിന്നിലൂടെ പുണര്‍ന്ന നിമിഷം അയാള്‍ സ്വയം ഒരു പിതാവിന് പിറവി കൊടുത്തു... ഫിലിപിനോ പെണ്‍കുട്ടികള്‍ ബുദ്ധിമതികളാണ് . ചെറുപ്രായത്തില്‍ തന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരായിരിക്കുന്നു... അവളുടെ ,അല്ല അവന്റെ കൂടെ കുഞ്ഞിനു ചിലവിനു കൊടുക്കാന്‍ അവന്റെ സമ്പാദ്യം മതിയാവില്ല. അവള്‍ അവനെ ശല്യപ്പെടുതിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് അവന്‍ ഒരു ഏജന്‍സി വഴി കുവൈത്തില്‍ എത്തിയത്.  പിന്നെയും പടവുകള്‍ ചവുട്ടിക്കയറി  അവന്‍ അവന്റെ തുച്ഛമായ ശമ്പളം അവള്‍ക്കയച്ചുകൊണ്ടിരുന്നു. ചെലവ് കുറയ്ക്കാനാണ് റൂമില്‍ അവന്‍ അവന്റെ കൂട്ടുകാരിയായ ഫിലിപിനോ പെണ്ണിനെ കൂടി താമസിപിച്ചത്. ഒരു മുറിയില്‍ ഒരു ബെഡ് സ്പേസ് മാത്രമുള്ള മുറിയില്‍ അവരുടെ കാമനകളെ എങ്ങനെ ഒതുക്കിവെക്കാനാണ്? അങ്ങനെ അവന്‍ 20 മത്തെ വയസ്സിലും 22 മത്തെ വയസ്സിലും വീണ്ടും വീണ്ടും അച്ഛനായി. അവന്  ആദ്യത്തെ കണ്മണിയെ കാണാന്‍ തോന്നുമ്പോള്‍ കാര്‍ കമ്പനിയിലെ പര്‍ചേസ് മാനേജരുടെ സെക്രട്ടറിയായ അവള്‍ 2 വര്‍ഷത്തില്‍ ഒരിക്കല്‍ ടിക്കെറ്റെടുത്തു കൊടുത്തു. നാട്ടില്‍ പോകുമ്പോഴൊക്കെ അവനു അബോബോയും നൂഡില്‍സും കൊടുത്തു  ക്രിസ്റ്റിന വീണ്ടും പ്രസവിച്ചു. ഒരു പന്നിയുടെ ആസനത്തിലൂടെ കടത്തി, വായിലൂടെ പുറത്തുവന്ന മുളന്തടി തീയിനു മുകളില്‍ കത്തിച്ചു വെന്ത മാംസത്തിന്റെ മണം നുകര്‍ന്ന്, ആ പന്നിയെപോലെ അവന്‍ വിയര്‍ത്തു, രാത്രിയില്‍ കാര്‍ കമ്പനിയിലെ സെക്രട്ടറിയോടൊപ്പവും പകലുകളില്‍ പണി സ്ഥലത്തും. നന്ദിയുള്ള നായെ പോലെ ആണ് ഫിലിപിനോകള്‍ .. അവനോട്  കൂറുള്ള അവര്‍ക്ക് ടേസ്റ്റ് ഉള്ള ഭക്ഷണം കൊടുക്കുന്നവരോട് അവന്‍ എപ്പോഴും വാലാട്ടിക്കൊണ്ടിരിക്കും..

എന്നാല്‍ അവന്റെ രണ്ടു കുട്ടികളുടെ അമ്മയായ സെക്രട്ടറിപ്പെണ്ണ് അവളുടെ മാനേജരോടൊപ്പം സാമ്പോ ഡാന്‍സ് കളിക്കുന്നുണ്ടെന്ന അറിവ് അവനെ തളര്‍ത്തി. അങ്ങനെ കളിച്ചു കിട്ടുന്ന കാശ് കൊണ്ടാണ്  നിന്റെ ഭാര്യ  ക്രിസ്റ്റിന ആന്റി റിംഗ്ള്‍ ക്രീം തേക്കുന്നതെന്ന് അവളവനെ ബോധ്യപ്പെടുത്തിയപ്പോള്‍ മുതലാണ്‌ തന്റെ ശമ്പള വര്‍ധനവിന് വേണ്ടി അവന്‍ അധികാരികള്‍ക്ക് കത്തുകള്‍ കൊടുത്തു തുടങ്ങിയത്..ട്രമ്പെറ്റും ഡ്രംസും ഉറക്കെ കൊട്ടി ഒപ്പമുള്ള മക്കളും അതിനവനെ ആക്കം കൂട്ടികൊണ്ടിരിന്നു. എത്രയോ തവണ ഇതൊക്കെ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ഉണങ്ങിയ മാമ്പഴച്ചാറുപോലെ അവന്റെ മഞ്ഞച്ച മുഖമാട്ടി ഇന്ക്രിമെന്റ് പേപ്പര്‍ അവന്‍ തിരസ്കരിക്കുന്നു... ഇനിയിപ്പോള്‍ ഇവിടെ നിന്നും പുറത്തു ചാടാനുള്ള പ്ളാന്‍ ആണോ ദൈവമേ... അല്ലെങ്കില്‍ തന്നെ ആളുകള്‍ ഓരോന്നായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്..


"ടെല്‍ മി വാട്ട്‌ ഈസ്‌ ദി പ്രോബ്ളം ? "

ആളുകള്‍ തമാശ പറയുന്നു എന്ന് 12 വയസ്സ് മുതല്‍  മകള്‍ പരാതിപ്പെട്ടപ്പോഴക്കെ ക്രിസ്റ്റിന മകളോട് താക്കീതു കൊടുത്തിട്ടുണ്ടായിരുന്നു, ആ തമാശയും പെസോ (ഫിലിപ്പീനിലെ കറന്‍സി) ആക്കാന്‍ . മകള്‍ക്കങ്ങനെ പറ്റാത്തതുകൊണ്ട് 22 വയസ്സുള്ള മൂത്ത മകനോട്‌ അവള്‍ അച്ഛനോടൊപ്പം കുവൈറ്റിലോട്ടു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ 15 വയസ്സ് മാത്രമുള്ള തന്റെ പ്രണയിനിയെ ഒറ്റക്കാക്കി എവിടേക്കും പോകാന്‍ അവനിഷ്ടമല്ലായിരുന്നു. അച്ഛനില്ലെങ്കിലും ആ കുറവ് നികത്തിയ അച്ഛന്റെ ഏട്ടനോടൊപ്പം അവന്‍ താന്തോന്നിയായി  തന്നെ ഹോട്ടലുകളില്‍   ഹോട്ട് കാപ്സികം സ്ടു ഉണ്ടാക്കി നടന്നു.

 റികാര്‍ത്തോ ഞാനറിയാത്ത അവന്റെ പുതിയ കഥ പറഞ്ഞു തുടങ്ങി.

 മകന്‍ സ്റ്റു ഉണ്ടാക്കി ഫെയ് മസ് ആയപ്പോള്‍  അവന്‍ അവന്റെ 15 കാരി പെണ്‍കുട്ടിയെ വീട്ടിലേക്ക്  കൂട്ടികൊണ്ട് വന്നു.   റികാര്‍ത്തോയുടെ പ്രാരാബ്ദം കൂടി. ഓരോ വലെന്ടന്‍സ് ഡേ വരുമ്പോഴും ക്രിസ്റ്റിന ഉപയോഗിക്കുന്ന ക്രീമുകളും അങ്ങനെ കൂടുകയാണ്. കുവൈറ്റിലെ .ട്രമ്പെറ്റും ഡ്രംസും കൂടുതല്‍ ശബ്ദമുയര്‍ത്തി തുടങ്ങിയപ്പോള്‍ സങ്കടത്തോടെയെങ്കിലും  അവരെയും ഉപേക്ഷിച്ചു, പുതിയ പെണ്ണുങ്ങളെ തേടുകയെ റികാര്‍ത്തോക്ക് വഴിയുണ്ടായുള്ളൂ..അങ്ങനെയിരിക്കെ റികാര്‍ത്തോ ലീവിന് പോയ സമയത്ത്, ബാങ്ക് കാലിയായ ഒരു നിമിഷം, ക്രിസ്റ്റിന  മകളെ പറ്റി  തമാശ പറയുന്ന ആളുകളോട്  മകള്‍ക്ക് കിട്ടാനുള്ള  പെസോയെ കുറിച്ച് ചോദിച്ചതാണ് വഴിത്തിരിവ്. ആരുമില്ലാത്ത ഒരു നട്ടുച്ചയ്ക്ക് അവര്‍ മകളെ പതിയിരുന്നു വട്ടം പിടിച്ചു. പിന്നെ കണ്ടത് നിറയെ കറന്‍സികള്‍ ചിതറിക്കിടക്കുന്ന വഴിയോരത്ത് ജീവനറ്റു കിടക്കുന്ന മകളെ ... വാവിട്ടു നിലവിളിക്കുമ്പോള്‍ ക്രിസ്റ്റിനയുടെ മുഖത്ത് ക്രീമുകളോ പ്രായം തെളിയിച്ച ചുളിവുകളോ ഉണ്ടായിരുന്നില്ല. വേദനയുടെ അമ്മമഴ മാത്രം. ഏട്ടന്‍ മുളക് സ്റ്റു മുഖത്തും ദേഹം മുഴുവനും കോരിയൊഴിച്ചു... എന്നാല്‍ റികാര്‍ത്തോ.... അയാള്‍ ഫിലിപ്പീന്‍സിലെ  ഏറ്റവും നല്ല മധുരമുള്ള മാങ്ങകള്‍ മുഴുവന്‍ ചതച്ചു നീരാക്കി ഉണക്കാനിട്ടു. ഉണങ്ങിയ മാങ്ങാപ്പീലികള്‍ക്ക് മീതെ വീണ്ടും വീണ്ടും  പഴുത്തു കൊഴുത്ത മാങ്ങാചാര്‍ പുരട്ടി..പിന്നെ ഉണങ്ങിയ ആ മാങ്ങാ തിരകള്‍ എനിക്കായി ഭംഗിയില്‍ പായ്ക്ക് ചെയ്തു...

ഇനി എനിക്ക് ശമ്പളം കൂടുതല്‍ വേണ്ടെന്നു മഞ്ഞ മാങ്ങാനിറമുള്ള റികാര്‍ത്തോ തലയാട്ടി കൊണ്ട് പറഞ്ഞു...

1 comment:

  1. ആശംസകൾ. നന്നായിട്ടുണ്ട്.

    ReplyDelete