ഞാന്‍ വെറും ഒരു കുട്ടി മാത്രമാണ് .. എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.ആരൊക്കെ വേദനിപ്പിച്ചാലും എനിക്കാരുമില്ല. വെളിയില്‍ ഇറങ്ങി എവിടെയെങ്കിലും പോകാന്‍ ധൈര്യവുമില്ലായിരുന്നു ..എഴുതുമ്പോള്‍ സ്ലേറ്റില്‍ വെളുത്ത നിറമുള്ള നല്ല അക്ഷരങ്ങള്‍ തീര്‍ക്കുന്ന ചോക്ക് പെന്‍സിലുകളായിരുന്നു വേണ്ടിയിരുന്നത്. വില കുറഞ്ഞ കല്ലുപെന്‍സിലല്ല. എന്റെ മഞ്ഞ ഫ്രില്ലുവെച്ച ഉടുപ്പ് പോലെ വെള്ളയും നീലയും ഉടുപ്പുകളും കിടത്തിയാല്‍ കണ്ണടച്ചുറങ്ങുന്ന പാവക്കുഞ്ഞുങ്ങളുമാണ് വേണ്ടത്. അന്ന് ഇവിടെയെത്തിയപ്പോള്‍ എന്റെ അമ്മയെ പുലി പിടിച്ചുകൊണ്ടു പോകും എന്നത് കൊണ്ട് മാത്രമാണ് ടീച്ചറുടെ സാരി അഴിച്ചുകൊണ്ട് ഞാന്‍ ഓടിയത്. പിന്നെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടപ്പോള്‍ അലറിക്കരഞ്ഞു തളര്‍ന്നു വിങ്ങിയത്.. എനിക്കെന്റെ അമ്മയെ അത്രയ്ക്കിഷ്ടമയിരുന്നു..അമ്മയില്ലാതെ ഭയപ്പാടു കൊണ്ട് ഞാനാകെ വിറച്ചിരുന്നു..
എന്നിട്ടും അമ്മയെന്നെ അനാഥാലയത്തിന്റെ മഞ്ഞച്ച കെട്ടിടങ്ങളിലേക്ക് തള്ളിവിട്ടതെന്തിനെന്നു മാത്രം എനിക്ക് മനസ്സിലായില്ല. ചോക്ക് പെന്‍സില്‍ ഇനി വേണ്ട അമ്മേ എനിക്കമ്മയെ മതി. ഫ്രില്‍ വെച്ച ഉടുപ്പോ മിടായിയോ വേണ്ട അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നാല്‍ മതി. ആ ചുവന്ന മണ്ണില്‍ കിടന്നു അലറി കരഞ്ഞപ്പോഴൊക്കെ കനമുള്ള ചൂരല്‍ വടികള്‍ തുടയിലാഴ്ന്നു പതിച്ചു.. കണ്ണീരുണങ്ങാത്ത അമ്മയുടെ മുഖം മാത്രം മനസ്സില്‍ ....അല്ലെങ്കിലും ആര്‍ക്കും വേണ്ടാത്ത കുറെ ജല്പനങ്ങളിലേക്ക് ഈ ജന്മവും ഇനിയിവിടെ ചതഞ്ഞു ചേരണം...
രാവിലെ നാലുമണിക്ക് മുന്‍പേ ഒരു ബെല്ലടിക്കും. കണ്ണ് തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും എഴുന്നേല്‍ക്കണം. കുളിക്കണം, ഇട്ടിരുന്ന ഡ്രസ്സ് കഴുകണം. .. പിന്നെ പ്രാര്‍ത്ഥന.. ദൈവങ്ങളോട് വെറുപ്പ് തോന്നിയാലും ഉറക്കെ ഉറക്കെ പാട്ടുകള്‍ പാടണം.. തുണിയിലെ വെളുപ്പ് നിറം മഞ്ഞച്ചും ചുവന്നും വന്നു. സ്വന്തമായി തന്ന കുഞ്ഞു പാത്രത്തില്‍ അതിലും കുഞ്ഞു വട്ടത്തില്‍ മാത്രം ചോറും മഞ്ഞ നിറമുള്ള കറിയും..ഇനിയും വേണമെന്ന് ചോദിയ്ക്കാന്‍ വയ്യ. രൂക്ഷമായ പ്രതിനോട്ടാതെ നേരിടാന്‍ ഭയമായിരുന്നു.വൈകുന്നേരം പൂന്തോട്ടം നനക്കണം, പുല്ലു പറിക്കണം, പഠിക്കണം, പിന്നെ കുറച്ചു നേരം ടി വി കാണാം.. ഒന്നു കണ്ണടഞ്ഞു പോകുമ്പോഴേക്കും വീണ്ടും ബെല്ലടിക്കും.എന്നെ വളര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇവിടുത്തെ സുന്ദരി അമ്മയെയും എനിക്ക് പേടിയാണ്.
ഇരുട്ടിനോട് മാത്രം സ്നേഹം തോന്നാന്‍, ഒരു അഞ്ചുവയസ്സുകാരിക്ക് ഈ കാരണങ്ങളൊക്കെ മതി.
ബാല്യത്തിനും പ്രാരാബ്ധങ്ങള്‍ ഉണ്ട്. ആ ചുഴികളില്‍ വീണുപോകുമ്പോള്‍ എന്റെ ഗദ്ഗദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ എനിക്ക് ഞാന്‍ മാത്രം... അപകര്‍ഷതാബോധം എന്നെ തീണ്ടി തിമിര്‍ക്കുകയാണ്. ഇടക്കൊക്കെ നല്ല നിറമുള്ള പൂക്കളുള്ള ഡ്രസ്സ് ധരിച്ചു സഹതാപത്തോടെ ആരൊക്കെയോ വന്നു. .. ചിലരൊക്കെ മുറ്റത്തെ പുല്ലു വലിക്കുകയായിരുന്ന എന്റെ തലയില്‍ തലോടി വല്ലാത്ത അലിവോടെ നോക്കി. ബിരിയാണിയോ പിന്നെ പേരറിയാത്ത എന്തൊക്കെയോ ഭക്ഷണങ്ങള്‍ വയറു നിറയെ കഴിക്കാന്‍ തന്നു എല്ലാവര്‍ക്കും.. പട്ടിണിയില്ലാത്ത ചില ദിവസങ്ങള്‍ ..
അങ്ങനൊരു ദിവസത്തിലാണ് അവര്‍ വന്നത്. വെള്ളനിറത്തില്‍ നിറയെ സൂര്യകാന്തിപൂക്കളുടെ ഭംഗിയുള്ള ഉടുപ്പിട്ട് എന്റെ അതെ പ്രായത്തില്‍ വെളുത്ത മുഖമുള്ള ഒരു പെണ്‍കുട്ടിയും അമ്മയും. .. അവരോടൊപ്പം ഒരു മുത്തശ്സന്‍ ... ആ മുത്തശ്സന്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പിടി വിടുന്നേയില്ല. ചുറ്റുമുള്ള ഓരോ കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി ഉമ്മവെചും മിഠായികൊടുത്തും ആ അമ്മ.. എന്റെ അമ്മയ്ക്കും ഇതേ മുഖമായിരുന്നോ?....കണ്ണ് നിറഞ്ഞത് തുടക്കാന്‍ മറന്നു അവരെ തന്നെ നോക്കി നിന്നപ്പോള്‍ അവരെന്റെ അടുത്തെത്തി കെട്ടിപിടിച്ചു. ഉമ്മ വെച്ചു..
"എന്താ പേര്? " ചുവന്ന നിറമുള്ള ചുണ്ടുകള്‍ കൊണ്ട് ആ അമ്മ ചോദിച്ചു
"കുഞ്ഞി... " അവര്‍ ചിരിച്ചു.. പിന്നെ മുഴുത്ത ഒരു മിഠായി എന്റെ കയ്യില്‍ വെച്ചു തന്നു.
" ആര്‍ക്കും കൊടുക്കേണ്ടാട്ടോ .. മോള് കഴിച്ചോ.." മടിയോടെ അതിലേറെ അപകര്‍ഷതയോടെ വാങ്ങി. എന്റെ കയ്യില്‍ നിന്നും മിഠായി കിട്ടുമോ എന്ന് കൊതിച്ചുകള്ളി സ്മിത അടുത്തെത്തി.. അമ്മ അവള്‍ക്കും കൊടുത്തു മിഠായി...
പിന്നെ കനമുള്ള ഭക്ഷണ പാക്കെറ്റ് ഓരോ കയ്യിലേക്കും.. വെള്ള നിറമുള്ള ആ സുന്ദരിക്കുട്ടിയുടെ ഊഴമാണ്. അവളുടെ പിറന്നാള്‍ ആണ്. ഞങ്ങള്‍ക്കൊന്നും പിറന്നാളുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്? ഉണ്ടായിരുന്നെങ്കില്‍ തന്നെ എങ്ങനെ ഭക്ഷണ പാക്കെറ്റ് എവിടെ നിന്നും കിട്ടും? എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍ .......
ഇന്നിനി വേറെ ഭക്ഷണം വേണ്ട. രണ്ടു നേരവും കഴിക്കാനുള്ളതു ഇതിലുണ്ട്. കയ്യിലെ മിഠായി ഞാന്‍ എന്റെ പെട്ടിയില്‍ പുസ്തകങ്ങളുടെ അടിയില്‍ എടുത്തു വെച്ചു. അമ്മയുടെ മണമുള്ള ആ മിഠായി എനിക്ക് തിന്നാന്‍ വയ്യ.. മനസ്സ് നിറഞ്ഞു..
അവര്‍ പോകുന്നതിനു മുന്‍പ് ഒരു നോക്ക് കൂടെ കാണാന്‍ വേണ്ടി ഓടി വന്നു . ..
ആ അമ്മ എന്നെ അണച്ച് പിടിച്ചു.
"ക്കുഞ്ഞീ .."
"അവളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ ഗായത്രി എന്നാ പേരിട്ടത്. ഞങ്ങള്‍ അവളെ ഗായത്രി എന്ന് വിളിച്ചാലും അവള്‍ 'കുഞ്ഞി' എന്ന് തന്നെ പറയും.. " സൂപ്രണ്ട് മാഡം പറഞ്ഞു.
"ഇവളെ ഞാന്‍ എടുത്തോട്ടെ" പെട്ടെന്ന് അമ്മ ചോദിച്ചു.. മനസ്സില്‍ സന്തോഷത്തിന്റെ തുള്ളിച്ചാട്ടം. എന്നെ, എന്നെ ഇവര് കൊണ്ടുപോകുമോ? ഈ വെളുത്ത പെണ്‍കുട്ടി എന്റെ കൂട്ടുകാരി ആയി ആ നല്ല അമ്മയുടെ കൂടെ... ഇവിടെ നിന്നും കുഞ്ഞു വാവകളെ ആളുകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു കണ്ണീരോടെ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ പോയവര്‍ക്കൊന്നും വീണ്ടും ഇങ്ങോട്ട് തിരിച്ചു വരേണ്ടി വന്നിട്ടില്ല..എനിക്കും ഭാഗ്യമുണ്ടാകുമോ ?
അമ്മ തിരിഞ്ഞു ഓഫീസിനകത്തേക്ക് പോയി. അവിടെ അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്കറിയാന്‍ വയ്യ. ആ പെണ്‍കുട്ടിയുടെ പേര് നന്ദ എന്നാണെന്ന് ഞാന്‍ ചോദിച്ചു മനസ്സിലാക്കി. എന്റേത് പോലെ തന്നെ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു. എന്നേക്കാള്‍ നാണക്കാരി. എന്നാലും ഒരു പാവം.. അവള്‍ ഓടിപ്പോയി കാറില്‍ നിന്നും ഒരു കവര്‍ കൊണ്ടുവന്നു.
"എടുത്തോളൂ ......."
അത് വാങ്ങാന്‍ പാടില്ല. ഇതേ പോലെ കഴിഞ്ഞ പ്രാവശ്യം വന്ന കുഞ്ഞുവാവയുടെ കയ്യില്‍ നിന്നും വീണ കളിപ്പാട്ടം എടുത്തതിനാണ് കള്ളിയെന്നു പറഞ്ഞു സുന്ദരിയമ്മ തല്ലിയത്..വീണു പോയതാണ് എന്നൊന്നും പറഞ്ഞിട്ട് കേട്ടതേയില്ല.
" മോളെ .." ആ അമ്മ ഓഫീസില്‍ നിന്നും തിരിച്ചു വരുന്നു. ഒപ്പം മുത്തശനും..
"ആഹാ. നീയതു ഗായത്രിക്ക് കൊടുത്തോ? "
ഞാന്‍ പേടിച്ചു പോയി..
"ഇതിവള്‍ എടുത്തോട്ടെ അമ്മേ.. " നന്ദ പറഞ്ഞു. "ഓക്കേ നീ എന്റെ മോളാണ്.. " അമ്മ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.
പിന്നെ എന്റെ അടുത്ത് വന്നു കൈകളില്‍ മുഖം കോരിയെടുത്തു .. മുടി മാടിയൊതുക്കി പറഞ്ഞു.
" നന്നായി പഠിക്കണം. ഇനി മുതല്‍ ഞാനാ നിന്നെ പഠിപ്പിക്കുന്നത്. നന്നായി പഠിച്ചു വലുതാകുമ്പോള്‍ ഞാന്‍ തന്നെ നിന്റെ കല്യാണം നടത്തി തരാം കേട്ടോ . "
തിരിഞ്ഞു നോക്കി കൈകള്‍ വീശി അവര്‍ അകന്നു പോയി. പ്ളാസ്റ്റിക്ക് കൂടില്‍ എനിക്കുള്ള വില കൂടിയ ഉടുപ്പാണ്. എന്റെ കൂട്ടുകാരിയുടെ സമ്മാനം. അവളുടെ അമ്മയാണ് ഇനി എന്നെ പഠിപ്പിക്കുന്നത്. എന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇനി ആ അമ്മക്ക് അയച്ചു കൊടുക്കണം....
പിന്നെയും ഒരിക്കല്‍ കൂടി അമ്മ വന്നു. എന്നോട് യാത്ര പറയാന്‍ .. കുവൈത്തിലേക്ക് പോകുകയാണ്. അമ്മയുടെ അമ്മക്ക് സുഖമില്ലാത്തത് കൊണ്ടാണ് ഇത്രനാള്‍ കാണാന്‍ വരാതിരുന്നത് ത്രേ. അമ്മ വൈകുന്നേരം വരെ എന്നോടൊപ്പം ഇരുന്നു. ഒരുപാട് എന്തൊക്കെയോ പറഞ്ഞു. എന്റെ മനസ്സിലെ അപകര്‍ഷതാബോധം ഉരുകി ഇല്ലാതായി.. ഇടക്കൊക്കെ അമ്മ എന്നെക്കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് ഉമ്മ വെച്ച്..ഒരുപാട് ഡ്രെസ്സും പെന്‍സിലും ബുക്കുകളും ഒക്കെ ഉണ്ടായിരുന്നു എനിക്ക്. ഞാന്‍ എന്റെ കൂട്ടുകാരിയോടൊപ്പം കളിച്ചു. അവള്‍ എന്നോടൊപ്പം മാത്രമേ കളിച്ചുള്ളൂ.. കാരണം അവള്‍ എന്റെ സഹോദരിയത്രേ ...
എന്നാലും അവര്‍ പോകുകയാണ്. ഇനിയെന്നാണ് ഞാന്‍ എന്റെ അമ്മയെ കാണുക? എന്നെ ഇവിടേക്ക് തള്ളിവിട്ട എന്റെ അമ്മ മരിച്ചു പോയെന്നാണ് എല്ലാവരും പറയുന്നത്. എനിക്കിപ്പോ ഈ അമ്മയുണ്ട്. നന്ദയുണ്ട്. കുവൈത്തില്‍ ഞാന്‍ കാണാത്ത ഒരു അച്ഛനും.. അവരിനിയും വരും. എന്നെ കാണാന്‍ .. എന്റെ പിറന്നാളിന് സൂപ്രണ്ട് മാഡം വിളിച്ചു പറഞ്ഞപ്പോള്‍ മുത്തശന്‍ വന്നിരുന്നു. അമ്മ എഴുതിയ കത്ത് വായിച്ചു തന്നു. ഇനി അക്ഷരമൊക്കെ നന്നായി പഠിച്ചിട്ടു എനിക്കും അമ്മക്ക് കത്തെഴുതണം. എന്നെയും കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ പറയണം... അമ്മ തന്ന ആ മിഠായി ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെന്‍സിലും പൂക്കളും ഉടുപ്പും എല്ലാം..എന്റെ അമ്മ തന്നതല്ലേ..
എത്രമേല്‍ അത്ഭുപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഈ എഴുത്തുകാരി കടന്നു പോയിരിക്കുന്നത്,,, ? എഴുതിക്കൊണ്ടേയിരിക്കുക... കഥയായും കവിതയായും ഓര്‍മ്മയായും അനുഭവക്കുറിപ്പായും നിറയട്ടെ എഴുത്തുകള്‍ ..അത് തന്നെ സ്വാസ്ഥ്യവും ... സ്വാതന്ത്ര്യവും ...
ReplyDeleteസത്യമാണോ?
ReplyDelete(വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ ഇനി മുതല്‍ അഭിപ്രായം എഴുതുന്നതല്ല)
ക്ഷമിക്കണം അജിത്‌ജി ..എനിക്കീ ബ്ളോഗിംഗിന്റെ പല സാങ്കേതികത്വങ്ങളും അറിയില്ല. പഠിക്കാന്‍ ശ്രമിക്കുന്നു. ...ശരിയാക്കാന്‍ നോക്കട്ടെ ...
Deleteനമ്മുടെ നാട്ടിലെ adoption formalities എനിക്കും അവള്‍ക്കുമിടയില്‍ വലിയ മതില്‍കെട്ട് തീര്‍ത്തിരിക്കുന്നു. എല്ലാം പൊളിച്ചെറിയണംന്നുണ്ട്, പക്ഷെ അതും കടപ്പാടുകള്‍ക്കിടയില്‍ കെട്ടിയിടപ്പെടുമ്പോള്‍ ഇങ്ങനെ വേദനിക്കുകയേ നിവൃത്തിയുള്ളൂ ..
ReplyDeleteതെളിനീരുറവപോലെ വാക്കുകള്‍ പ്രവഹിക്കുമ്പോള്‍ വായന മനസ്സിന് ശീതളിമ നല്‍കുന്ന അനുഭവമാകുന്നു. കാത്തിരിക്കുന്നു അടുത്തതിന്... നന്ദി
ReplyDeleteഉള്ളതാണോ ബബിതേ.. നല്ലമനസുകൾക്ക് മാത്രം കഴിയുന്നത്..,ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനകൾ..
ReplyDelete