Monday 25 February 2013

പകലുകള്‍ക്കപ്പുറം നിറംകുറഞ്ഞവള്‍

എപ്പോഴും ഒരു വിളിപ്പാടകലെ മരണം ഉണ്ട്. അതിന്റെ കറുത്തകരങ്ങളില്‍  ഒരു നിഴലുപോലെ അകപ്പെടും മുമ്പ് , ഓരോ നിമിഷങ്ങളും നിറമുള്ളതാക്കണം. ചിരിച്ചുകൊണ്ടേയിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. ചിരിയും നോവുകൊണ്ടാകണം എന്ന് മാത്രം. 

ഇന്ന് രാവിലെ ബസില്‍ കേറിയപ്പോഴാണ് ശ്രദ്ധിച്ചത് , ബിനു.. അവളെ കുറച്ചുദിവസമായി കാണാനേയില്ലായിരുന്നു.   
ആരോ പറഞ്ഞിരുന്നു ... ബിനു ഈസ് നോട്ട് വെല്‍. ഒരേ ബസ്സില്‍ ദിവസവും യാത്ര ചെയ്തിട്ടും അവളുടെ ഫോണ്‍നമ്പര്‍ വാങ്ങാതിരുന്നത് മോശമായിപ്പോയി എന്ന് ഒരുവേള അപ്പോള്‍ ചിന്തിച്ചു പോയി. വല്ല പനിയോ  ചിക്കന്‍പോക്സോ   ആയിരിക്കുമെന്ന്  കരുതി, കുറെദിവസം കാണാതിരുന്നപ്പോള്‍. ട്രാന്‍സ്പോര്‍ട്ട് മാറിയിട്ടുണ്ടാകും അല്ലെങ്കില്‍ ഡ്യൂട്ടിടൈം മാറിയിട്ടുണ്ടാകും എന്നൊക്കെയായിരുന്നു മനസ്സില്‍. അല്ലെങ്കില്‍ തന്നെ തിരക്കിട്ട ഈ ജീവിതത്തില്‍  ആര്‍ക്കും മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ നേരമില്ലല്ലോ.



പക്ഷെ, ഇന്ന് ബിനു വീണ്ടും... അവളാകെ മാറിയിരിക്കുന്നു. പൂങ്കുലപോലെ ഭംഗിയായി സ്റ്റെപ് കട്ട് ചെയ്ത മുടി കനം കുറഞ്ഞു. പിന്നെയും എന്തൊക്കെയോ ... പക്ഷെ, അതൊക്കെ  മറക്കാനെന്നവണ്ണം ചുണ്ടിലെ ലിപ്സ്റ്റിക്കിനും മുഖത്തെ ചായത്തിനും കട്ടി കൂടിയിരിക്കുന്നു.
"ബിനൂ ..എവിടെയായിരുന്നു ഇത്രനാള്‍ " വല്ലാത്ത കൌതുകത്തോടെ ചോദിച്ചു. കുറെനാള്‍ കാണാതിരുന്നിട്ടും അന്വേഷിക്കാതിരുന്നതിന്റെ മുഴുവന്‍ ജാള്യതയും എനിക്കുണ്ട്. 
"നാട്ടിലൊന്നു പോയി " 
ഓ ..അതാണ്‌..നാട്ടില്‍പോയാല്‍ വെയിലും അവിടത്തെ ശുദ്ധവായുവും ഒക്കെയായി കുറച്ചൊന്നു കറുക്കാറുണ്ട് എല്ലാവരും..
"ന്തേ പെട്ടെന്ന് ..? വീടുപണി കഴിഞ്ഞോ ..?"
"ഇല്ല.." മോഹിപിക്കുന്ന ചിരിയോടെ അവള്‍ പറഞ്ഞു...
"അപ്പോഴേക്കുമല്ലേ കാലന്‍ കൊടിപിടിച്ചു അടുത്തെത്തിയത് ... കണ്ടില്ലേ ..എന്റെ മുടി ..എനിക്ക് കാന്‍സര്‍ ആയിരുന്നു.. എല്ലിനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍..."
ഇത്തവണ ഞെട്ടിപ്പോയത് ഞാനാണ്. വല്ലാത്ത ഒരു നിസ്സംഗതയോടെ ,അതിനുമപ്പുറം എന്നോട് ഒട്ടും സഹതാപം വേണ്ടെന്നു വളരെ ബോള്‍ഡ് ആയി പറയുന്ന മുഖം. 
ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. എങ്കിലും ഒരുപക്ഷെ നാളെ നേരംവെളുക്കണം  എന്നില്ല. അല്ലെങ്കില്‍ ഈ പോകുന്നപോക്കില്‍ ഞാന്‍ ഉറങ്ങിപോകാം... എന്നാലും ഈ പ്രഭാതങ്ങള്‍ക്ക് എന്ത് ഭംഗിയാണ് .. അല്ലെങ്കില്‍ തന്നെ അസുഖമുള്ള എനിക്കും ആരോഗ്യവതിയായ നിനക്കും സ്വന്തം കുഞ്ഞുങ്ങളെയും കുടുംബത്തെയും വിട്ടുപോകാന്‍  ദാ വരുന്ന ട്രെയിലര്‍ നമ്മുടെ വണ്ടിയിലൊന്ന് മുട്ടിയാല്‍ മതിയല്ലോ... എന്റെ മകള്‍.. അവളെ ഞാനെല്ലാം പഠിപ്പിക്കുന്നുണ്ട്. അമ്മയില്ലാതായാല്‍പോലും തനിയെ സ്കൂളിലേക്ക് ഒരുങ്ങാനും ഫുഡ്‌ കഴിക്കാനും വീട് വൃത്തിയാക്കാനും ..അങ്ങനെയെല്ലാം..ഏട്ടന് വേറെ ഭാര്യ വേണ്ടാന്നാ പറയുന്നേ..പക്ഷെ കുറേക്കാലം കഴിയുമ്പോള്‍  പേപ്പറിലൊക്കെ  കണ്ടിട്ടില്ലേ ..അച്ഛന്‍ മകളെ .. വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലംവന്നു...ഇപ്പോള്‍ അവള്‍ ഡാന്‍സിനൊപ്പം കരാട്ടെയും പഠിക്കുന്നുണ്ട്. ബിനുവിന്റെ വാക്കുകള്‍ നേര്‍ത്തുനേര്‍ത്ത് വന്നു. 

"നിനക്കറിയ്യോ ഇങ്ങനെയൊക്കെ ഉണ്ടാകണം ജീവിതത്തില്‍.. എന്നാലെ നമ്മളൊക്കെ   ഇന്നലെകളെ സ്നേഹിക്കൂ... ഇന്നുകളെ ആസ്വദിക്കൂ .."
അവളെനിക്കുമുന്നില്‍ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ തുറന്നിടുകയായിരുന്നു..ഞാന്‍ പ്രാര്‍ത്ഥിക്കാം ബിനൂ .. ഇനിയും കൊഞ്ചല്‍ വിട്ടുമാറാത്ത നിന്റെ അഞ്ചുവയസ്സുകാരി  മകള്‍ക്ക് നിന്നെ വേണം. പത്രങ്ങള്‍ പറയുന്നത് മുഴുവന്‍ കളവുകള്‍ ആയിരിക്കട്ടെ... അവളുടെ അരുമയായ വെളുത്ത മുഖമുള്ള വിടര്‍ന്ന കണ്ണുകളുള്ള ചുരുണ്ടമുടിക്കാരി മകള്‍ എനിക്ക് പെട്ടെന്ന് വല്ലാതെ പ്രിയപ്പെട്ടവളായി.

ബിനു വിടര്‍ന്നു ചിരിച്ചു .
ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാറില്ല. എന്തിനു സമയം കളയണം ..? ഒരുപാട് ഓവര്‍ടൈം ചെയ്യാനൊന്നും നമുക്ക് ഓര്‍ഡര്‍ ഇല്ലല്ലോ..അതുകൊണ്ട് ആം ട്രയിംഗ് ടു ബി പെര്‍ഫെക്റ്റ്‌...നിനക്കറിയുമോ ? ഞാനിപ്പോള്‍ അടിച്ചിരിക്കുന്ന വില കൂടിയ പെര്‍ഫ്യൂമിനപ്പുറം എന്നെ മരുന്ന് മണക്കുന്നുണ്ട്.  എന്റെ ഒപ്പം കിടന്നുറങ്ങാന്‍ സത്യത്തില്‍ ഏട്ടന് വിഷമമാണ് . എന്റെ മകള്‍..അവളിന്നും എന്നെ കെട്ടിപ്പിടിച്ചുറങ്ങുന്നു... നെടുവീര്‍പ്പുകളുണ്ടോ ബിനുവിന്...? 
അവളുടെ ഓഫീസിനു മുന്നില്‍ ബസ് നിന്നു. ചിരിച്ചുകൊണ്ട് കൈവീശി ഒട്ടൊരു കുസൃതിയോടെ അവളിറങ്ങിപ്പോയി. നോവുകള്‍ അവശേഷിച്ചത് എന്റെ നെഞ്ചിലാണ് ... വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലം വന്നു. ഇന്ന് പകല്‍ .. ഇത് പതുക്കെ നീറിക്കത്തിത്തുടങ്ങും. അവസാനം വെറും കരിപുരണ്ട ഇരുട്ട് .. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ...          

5 comments:

  1. ബോള്‍ഡ് ബിനു
    കഥ കൊള്ളാം

    ReplyDelete
  2. ഇന്ന് RCC യിലെ വാര്‍ഡില്‍ പോയിരുന്നു ..കഥ ശരിക്കും ഫീല്‍ ചെയ്തു

    "ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാറില്ല. എന്തിനു സമയം കളയണം ..? "
    വിയോജിപ്പുണ്ട് ബിനുവിനോട്....

    ഇന്നലകളെ സ്നേഹിക്കാന്‍ നമുക്ക് കഴിയട്ടെ ...കൂടെ ഇന്നിനെയും നാളെയും ഒക്കെ

    ReplyDelete
    Replies
    1. ഇത്തരം മഹാരോഗങ്ങള്‍ ബാധിച്ചവരുടെ ജീവിതം തന്നെ ഒരു നിരന്തര പ്രാര്‍ത്ഥനയാകുന്നു ...

      Delete