Tuesday 12 February 2013

പ്രണയം, നിറമുള്ള കാലിയാഡ്ര പൂക്കളില്‍


മരിച്ചാലും മഞ്ഞുതുള്ളി പോലെ മനസ്സില്‍ സൂക്ഷിക്കുന്നതാണ് പ്രണയം ..ഒരു പെരുമഴയില്‍ മഞ്ഞുവീഴുന്നതിന്റെ മെത്തഡോളജി ഒരുപക്ഷെ ആര്‍ക്കും മനസ്സിലാവണംന്നില്ല പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. അതു പക്ഷെ അങ്ങനെയാണ്. എന്റെ കോളേജ് ദിനങ്ങളില്‍ ... ചുറ്റും കോട്ട പോലെ വളര്‍ന്നു നിന്ന കാലിയാഡ്ര മരങ്ങള്‍ സാക്ഷി. പൌഡര്‍ പഫ്ഫ്‌ പോലെ  നിറമുള്ള   ആ പൂക്കള്‍ സാക്ഷി..ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു.. 
നീയതറിഞ്ഞിരുന്നെങ്കിലും .......പറയാതെ ഞാന്‍ തന്നെ നഷ്ടപെടുത്തിയ എന്റെ പ്രണയത്തിന്റെ കുറ്റബോധങ്ങള്‍ക്ക് ഒരുപാട് അരക്ഷിതത്വങ്ങള്‍ നിറഞ്ഞ ഈ ജീവിതം സാക്ഷി. ഇനിയൊരിക്കലും ഒത്തുചേരില്ലെന്ന  നെടുവീര്‍പ്പുകള്‍ സാക്ഷി....

ഇതു ജീവിതമാണ്‌ .. ആഗ്രഹിച്ചതു മുഴുവന്‍ സ്വന്തമായാല്‍ നമ്മളും ദൈവങ്ങളും തമ്മിലെന്തു വ്യത്യാസം? 

അവന്റെ  നരച്ച ജീന്‍സ് പാന്റും പാറിപറന്ന മുടിയും  NSS  ക്യാമ്പിന്റെ ചാറല്‍ മഴയുടെ പകലുകളും..  ചൊടികളില്‍ വല്ലാത്ത ഒരു പൊസ്സിറ്റീവ് എനെര്‍ജി നിറച്ചു അവന്‍ ഓടിനടന്നു. വെറും 16 വയസ്സുകാരി പെണ്‍കുട്ടിക്ക്  ഒരു വലിയ കൈകുമ്പിള്‍ നിറയെ മധുരമുള്ള കവിതകള്‍ നിറച്ചു കൊടുത്തു... അരയിഞ്ചു വട്ടത്തില്‍  രണ്ടിഞ്ചു നീളത്തില്‍ ആര്‍ത്തു കോര്‍ത്ത മുള്ളിന്റെ വേദന ആരും കണ്ടില്ല.. എന്റെ ഹൃദയത്തില്‍ നിന്നൂര്‍ന്നിറങ്ങിയ ചോര അവന്റെ കാല്‍പാടുകളിലൂടെ കാമ്പസ് നിറച്ചു. മറ്റൊരു പെണ്‍കുട്ടിയുടെ ഇളം പച്ച നിറമുള്ള യുണിഫോമിന്റെ ബാക്കില്‍   അതങ്ങനെ കറ പിടിച്ചുകിടന്നു.


പ്രിയ വാലന്‍ന്റൈന്‍ നീ വീണ്ടും ഫെബ്രുവരികളില്‍ ബഹളം വെക്കുന്നുവോ? അവന്‍ നീയല്ലെന്നു കരുതാന്‍ ഇനിയെനിക്കു  നിര്‍വാഹമില്ല... കാരണം  ഒരു നാള്‍ പ്രണയത്തിന്റെ രക്തസാക്ഷിത്വം സ്വയം വരിച്ചുകൊണ്ട് അവന്‍ മുംബൈയിലേക്ക് നാട് വിട്ടുപോയി.. ഒരിക്കലും തിരിച്ചു വരാതെ.. കഥ അവിടെ ആരംഭിക്കുകയാണ്... 

അല്ലെങ്കിലും കിളികള്‍ പറന്നകലുമ്പോഴാണല്ലോ അവയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറന്നതു ഞാനറിയാറ്..എന്നാലും അങ്ങനെ പറത്തിവിടാന്‍ പറ്റുമോ? 

പ്രണയം ഉള്ളിനെ മഥിച്ചുകൊണ്ടിരുന്നു..  വവ്വാലുകള്‍ കൂട്ടത്തോടെ കൂടുകൂട്ടിയ തുരുത്തില്‍ ആരോ ഒരു പടക്കം കത്തി ച്ചെറിഞ്ഞപോലെ വ്യഥകള്‍ മനസ്സില്‍ നിന്നും പറന്നു പൊങ്ങി.

ഓരോ മുഖങ്ങളും അവനെന്നു കരുതി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന് ആധി തുടങ്ങിയത്. പിന്നെ കാത്തിരിക്കാന്‍ സമയമില്ലായിരുന്നു. വരുന്ന വഴികളിലെ നെല്ക്കതിരിനെ ചുറ്റി പറക്കുന്ന കാറ്റിനോട് മുംബൈയിലേക്കുള്ള വഴി ചോദിച്ചു .. അറിയില്ലെന്ന്  പറഞ്ഞു പോയ കാറ്റ് ഒരു മാത്ര കഴിഞ്ഞപ്പോള്‍ തിരിഞ്ഞു വന്നു എന്നെയും പൊക്കിയെടുത്തു കൊണ്ട് പറന്നു. മുംബൈയിലേക്ക്.. അവിടെ ഒരു തീവണ്ടി നിന്ന നേരത്ത് വഴിയാത്രക്കാരനോട് ചോദിച്ചു നിനക്കറിയാമോ അവന്റെ പേര്? ഒന്ന് അന്ധാളിച്ചു നിന്ന് അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, "അറിയാം.."

പിന്നീടൊന്നും ചോദിക്കാതെ എന്‍റെ കൈ കവര്‍ന്നെടുത്തു  അയാള്‍ വേഗത്തില്‍ നടന്നു. ഒപ്പമെത്താന്‍ ഓടുകയെ വഴിയുള്ളൂ ..സമയം ഇരുട്ടിത്തുടങ്ങിയിരുന്നു.....
രാത്രിയില്‍ ഒരാളെ അവനെനിക്ക് കൂട്ടുവിട്ടു. വല്ലാതെ വേദനിപ്പിച്ചു അവനെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, എന്‍റെ പ്രണയം അവനോടെന്നു പറയാന്‍ .. .. . .. പക്ഷെ എത്ര വേദനിപ്പിച്ചാലും നിന്നെ മറന്നു ഞാനെങ്ങനെ നുണ പറയും?
 ഇതല്ല...... ഇതല്ല..
നരച്ച ജീന്‍സ് പാന്റുകള്‍ പലതും മാറി മാറി അയാള്‍ എനിക്ക് കാട്ടിത്തന്നു. ശരീരം കുഴഞ്ഞു , കഴിക്കാന്‍ വഴുവഴുക്കെ വെള്ളവും ചോറും .. എന്‍റെ കണ്ണുകളില്‍ കൊടിയ ഇരുട്ടുമാത്രം.. എന്നിട്ടും ഞാനറിഞ്ഞു അവസാനം അവന്‍  വന്നത്. ഒട്ടൊരു ആശ്ചര്യത്തോടെ..എന്‍റെ കവിളുകള്‍ അവന്റെ കൈകളില്‍ കോരിയെടുത്തു ചോദിച്ചു."നിന്നെ ഞാനെവിടെയോ കണ്ടിട്ടുണ്ട്.. " 


" നീയെന്നെ അറിയില്ല.............?"


ഇവിടെ അമ്പാടിയില്‍ ഒരു കോണിലരിയ മണ്‍ കുടിലിലുരുകുമൊരു പാവം .. കൃഷ്ണാ നീയെന്നെയറിയില്ല?.. സുഗതകുമാരി പാടിയത് ഓര്‍മ്മ വന്നു.

 കൃഷ്ണനെ കണ്ടില്ലെന്നു വെച്ച് അല്ലെങ്കില്‍  മറന്നുപോയെന്നുവെച്ച്   ഒരു ഗോപികയും അവനെ പ്രേമിക്കാതിരുന്നിട്ടില്ല. അവനു മുന്നില്‍ വിളക്ക് കൊളുത്തിവെച്ചു പരാതി പറയാതിരുന്നിട്ടില്ല... അവനൊരു പാട്ടുകേട്ട് തിരികെ വന്നു പ്രണയിക്കുമായിരിക്കും എന്നാഗ്രഹിക്കുവാനെ നിവൃത്തിയുള്ളൂ. പരാതികളും പാട്ടും വീണ്ടും വീണ്ടും ശല്യപെടുതിയപ്പോള്‍ അവനൊന്നും മിണ്ടാതെ ഇറങ്ങിപോയി..ഒപ്പം ഞാനും.. അയാളെ കാട്ടിതന്ന വഴിയാത്രക്കാരനോട് യാത്ര പറയേണ്ട ആവശ്യമില്ലായിരുന്നു.  പിറകില്‍ നിന്നു കൈ വീശികൊണ്ട് അയാളും ചിരിച്ചു. .. ഒരു പെണ്‍കുട്ടിയുടെ പ്രണയം സഫലമാക്കിയതോര്‍ത്തു..

5 comments:

  1. വേറിട്ട എഴുത്ത്.. തുടർന്നും എഴുതുക.. ആശംസകൾ..!

    ReplyDelete
  2. പവിഴമല്ലിപ്പൂക്കള്‍ വിടരട്ടെ

    ReplyDelete
  3. വരുന്ന വഴികളിലെ നെല്ക്കതിരിനെ ചുറ്റി പറക്കുന്ന കാറ്റിനോട് മുംബൈയിലേക്കുള്ള വഴി ചോദിച്ചു .. അറിയില്ലെന്ന് പറഞ്ഞു പോയ കാറ്റ് ഒരു മാത്ര കഴിഞ്ഞപ്പോള്‍ തിരിഞ്ഞു വന്നു എന്നെയും പൊക്കിയെടുത്തു കൊണ്ട് പറന്നു. മുംബൈയിലേക്ക്.. അവിടെ ഒരു തീവണ്ടി നിന്ന നേരത്ത് വഴിയാത്രക്കാരനോട് ചോദിച്ചു നിനക്കറിയാമോ അവന്റെ പേര്? ഒന്ന് അന്ധാളിച്ചു നിന്ന് അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, "അറിയാം.."

    അവതരണം ഇഷ്ടപ്പെട്ടു - ആശംസകള്‍

    ReplyDelete
  4. i liked the story...
    romantic language with originality...

    congrats
    keepitup

    c ganesh

    ReplyDelete