Friday 15 February 2013

ചെമ്പകപ്പൂക്കളുടെ കാലം ...


ഒരു ദിവസം അച്ഛന്‍ വീട്ടിലേക്കു വന്നത് നാല് ചെമ്പകത്തൈകള്‍ കൊണ്ടായിരുന്നു. കൂട്ടുകാരൊക്കെ തരുന്ന ചെമ്പകപൂക്കള്‍ ഇതളുകള്‍ കൊഴിഞ്ഞിട്ടും ഞാന്‍ പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചു വെക്കുന്നത് അച്ഛന്‍ കണ്ടിട്ടുണ്ടാകണം. .. കുട്ടിക്കാലത്ത് എനിക്ക് സ്ഥിരമായി ചെമ്പകപൂക്കള്‍ കൊണ്ട് തരുന്നത് അനൂപ്‌ ആയിരുന്നു. കണ്ണുകള്‍ ഇടക്കിടെ ഇമ വെട്ടുന്ന ചിലപ്പോഴൊക്കെ ഇറുക്കി അടക്കുന്ന അനൂപിനെ എനിക്ക് ആദ്യമൊന്നും അത്ര ഇഷ്ടമല്ല. കറുത്ത എണ്ണ മിനുങ്ങുന്ന്ന അവന്റെ തൊക്കിനെ ആണ് എനിക്ക് ഇഷ്ടപെടാന്‍ പറ്റാതിരുന്നത്‌. പിന്നെ അവന്‍ ഇടക്കിടെ കണ്ണുകള്‍ ഇറുക്കി അടക്കുന്നത് കണ്ടപ്പോള്‍ ഒരു സംശയം. അവന്‍ എന്നെ സ്നേഹിക്കുന്നുണ്ടോ .... അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്. എനിക്ക് അവനെ സ്നേഹിക്കാന്‍ വയ്യ. എങ്കിലും അവന്റെ കണ്ണുകള്‍ വലുതാണ്. ഒരു കടലു പോലെ അതങ്ങനെ വലുതായി വന്നു. ഇടക്കിടെ അതു നിറഞ്ഞു. അവിടെ ഞാന്‍ ഒരു തിരമാല പോലെ.. ഇടക്കിടെ മിഴി അടയുമ്പോള്‍ ഞാനും അതിലൊഴുകി അകലേക്ക്‌ ഇരുട്ടിലേക്ക് .. മിഴികള്‍ അവന്‍ ഇറുക്കി അടക്കുമ്പോള്‍ അമ്മ എന്നെ ഉമ്മ വെക്കും പോലെ...




എന്റെ പുസ്ടകങ്ങള്‍ക്കിടയില്‍ ചെമ്പകപൂക്കള്‍ ഇതളുകള്‍ കറുത്ത് കരിഞ്ഞു നിറഞ്ഞു കൊണ്ടിരുന്നു .. ദിവസവും സൂചിപ്പിന്നുകള്‍ വീട്ടില്‍ നിന്നും കാണാതായി. ആ പിന്നുകള്‍ എന്റെ കയ്യില്‍ നിന്നും കാണാതാകുക പതിവായിരുന്നു. അല്ലെങ്കില്‍ തന്നെ കൂര്‍ത്ത പിന്നുകള്‍ സൂക്ഷിക്കാന്‍ ആ പ്രായത്തില്‍ എനിക്കാകുമായിരുന്നില്ല ..

അച്ഛന്‍ വെച്ച ചെമ്പക തൈകള്‍ വലുതായി..അതില്‍ ഏതു മരമാകും ആദ്യം പൂക്കുക? ഏറ്റവും പുഷ്ടിയോടെ വളര്‍ന്ന ഉമ്മറത്തെ ചെമ്പകമരത്തെ ഞാന്‍ സ്വന്തമാക്കി. കാത്തുകാത്തിരുന്ന് പൂവിനെ ഉമ്മ വെക്കാന്‍, ആദ്യം പറിച്ചു മുടിയില്‍ ചൂടാന്‍ കാത്തിരുന്ന പെണ്‍കുട്ടി അതു വരെ ആ ചെമ്പകത്തൈ മഞ്ഞ ആണെന്നാണ് കരുതിയത്‌. അവള്‍ ആഗ്രഹിച്ചത് പോലെ അതു ആദ്യം തന്നെ പൂത്തു. പക്ഷെ വെള്ള ചെമ്പകപൂ... എനിക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി. ...

പിന്നെ മറ്റുള്ള മരങ്ങളൊക്കെ ഓരോന്നായി പൂവിട്ടു തുടങ്ങി. ഏട്ടന്‍  വെച്ച മരത്തില്‍ മാത്രം മഞ്ഞ ചെമ്പകപൂക്കള്‍... വീട്ടില്‍ നിറയെ ചെമ്പകപൂക്കള്‍ ഉണ്ടായപ്പോള്‍ മുതല്‍ എന്റെ പുസ്ടകങ്ങള്‍ക്കിടയില്‍ ചെമ്പക ഇതളുകള്‍ കറുത്ത് കറുത്ത് ഇരിക്കാതെയായി. പകരം വീട് നിറയെ ചെമ്പക ഇതളുകള്‍ കറുത്ത് എനിക്ക് ചവിട്ടാനായി മാത്രം അലഞ്ഞു കിടന്നു.. പിന്നെ പിന്നെ ഞാന്‍ ചെമ്പകപൂക്കള്‍ വലിക്കാതെയായി.

ചെമ്പകപൂക്കള്‍ക്കൊപ്പം അനൂപും എന്റെ മനസ്സില്‍ നിന്നും പടിയിറങ്ങി പോയതു കൊണ്ടാകണം കാരണമൊന്നും കൂടാതെ മൂന്നു ചെമ്പകമരങ്ങള്‍ ഉണങ്ങി പോയതു. എന്നിട്ടും എന്റെ വെള്ള ചെമ്പക ചെടി നിറയെ പൂക്കള്‍പൊഴിച്ചു കുറെ കാലം അങ്ങനെ തന്നെ നിന്നു...

1 comment:

  1. ഓര്‍മ്മകള്‍ ഒഴുകുന്നു

    ReplyDelete